26 August Monday

എസ്‌എഫ്‌ഐയുടെ പേരിലുള്ള ഫേക്ക്‌ പേജിനെ ഉദ്ധരിച്ച്‌ വ്യാജ പ്രചരണങ്ങളുമായി മാധ്യമങ്ങൾ

വെബ് ഡെസ്‌ക്‌Updated: Saturday Jul 13, 2019

കൊച്ചി > എസ്‌എഫ്‌ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ പേരിലുള്ള ഫേക്ക്‌ പേജിന്റെ ചുവടുപിടിച്ച്‌ വ്യാജ പ്രചരണങ്ങളുമായി മാധ്യമങ്ങളും. ഒരുമാസം മുമ്പേ തന്നെ ജില്ലാ കമ്മിറ്റി തങ്ങളുമായി ബന്ധമില്ലെന്ന്‌ പ്രസ്‌താവന ഇറങ്ങുകയും സൈബർ സെല്ലിൽ പരാതി നൽകുകയും ചെയ്‌ത പേജിനെ ഉദ്ധരിച്ചാണ്‌ സമൂഹമാധ്യമങ്ങളിലും ചില ഓൺലൈൻ മാധ്യമങ്ങളിലും വ്യാജപ്രചരണം നടക്കുന്നത്‌.

തൃശ്ശൂർ ശ്രീ കേരളവർമ്മ കോളേജിൽ നവാഗതരെ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട ചിത്രം SFI Thiruvananthapuram എന്ന പേജിലൂടെ ഒരുമാസം മുമ്പേ പ്രചരിച്ചിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട ജില്ലാ നേതൃത്വം പേജിന്‌ സംഘടനയുമായി ബന്ധമില്ലെന്ന്‌ അന്നേ പ്രസ്‌താവനയും ഇറക്കി. സൈബർ സെല്ലിൽ പരാതി നൽകിയതായും ജില്ലാ സെക്രട്ടറി റിയാസ്‌ വഹാബും, പ്രസിഡന്റ്‌ ജെ ജെ അഭിജിത്തും പ്രസ്‌താവനയിൽ വ്യക്തമാക്കിയതാണ്‌.

കഴിഞ്ഞ ദിവസം യൂണിവേഴ്‌സിറ്റി കോളേജിൽ അഖിൽ എന്ന വിദ്യാർഥിക്ക്‌ കുത്തേറ്റതുമായി ബന്ധപ്പെട്ടാണ്‌ ഈ പേജിൽനിന്ന്‌ വരുന്ന പോസ്‌റ്റുകൾ ബോധപൂർവ്വം ചിലർ പ്രചരിപ്പിക്കുന്നത്‌. ബോധപൂർവ്വം എസ്‌എഫ്‌ഐയെ ആക്രമിക്കാനായി മാധ്യമങ്ങളും ഇതിൽവന്ന പോസ്‌റ്റിലെ വാക്കുകൾ ഉപയോഗിക്കുന്നുണ്ടായിരുന്നു. പേന ഉപയോഗിച്ചാണ്‌ വിദ്യാർഥിയെ കുത്തിയത്‌ എന്നടക്കമുള്ള കാര്യങ്ങൾ വന്ന പേജുമായി എസ്‌എഫ്‌ഐക്ക്‌ ബന്ധമില്ലെന്ന്‌ അഖിലേന്ത്യ പ്രസിഡന്റ്‌ വി പി സാനു വ്യക്തമാക്കി.


പ്രധാന വാർത്തകൾ
 Top