24 January Friday

പൊളിഞ്ഞത് കുത്തിത്തിരിപ്പ് നടക്കാതായപ്പോള്‍ ജമാഅത്തെ പത്രം കൊടുത്ത വ്യാജവാര്‍ത്ത

വെബ് ഡെസ്‌ക്‌Updated: Monday Jan 13, 2020

കൊച്ചി> പൗരത്വനിയമത്തിനെതിരെ പ്രക്ഷോഭത്തിനിറങ്ങുന്നവരെയെല്ലാം അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി തുടങ്ങിയെന്ന ജമാഅത്തെ മാധ്യമങ്ങളുടെ പ്രചാരണത്തിനു പിന്നില്‍ ഗൂഢലക്ഷ്യമെന്നു സൂചന. പ്രക്ഷോഭത്തെ വഴിതിരിച്ചു വിടാനുള്ള ജമാ അത്തെ ഇസ്ലാമി ശ്രമങ്ങള്‍ക്ക് തിരിച്ചടി ഉണ്ടായതാണ് ഇത്തരം വ്യാജ വാര്‍ത്തയ്ക്ക് അവരെ പ്രേരിപ്പിച്ചതെന്നു സോഷ്യല്‍ മീഡിയയില്‍ പലരും വിമര്‍ശനം ഉന്നയിക്കുന്നു.

ജമാഅത്തെ ഇസ്ലാമി,എസ്ഡിപിഐ തുടങ്ങിയ തീവ്ര മത പ്രസ്ഥാനങ്ങളെ ഒഴിച്ചുനിര്‍ത്തി മറ്റുള്ളവരെ എല്ലാം അണിനിരത്തി മുന്നോട്ടുപോകാനാണ് എല്‍ഡിഎഫ് ശ്രമിക്കുന്നത് .ഇതിനോട് മിക്ക മുസ്ലീം സംഘടനകളും സഹകരിയ്ക്കുന്നുമുണ്ട്.. ഞായറാഴ്ച മുഖ്യമന്ത്രി പങ്കെടുത്ത് കോഴിക്കോട്ടു നടന്ന റാലിയില്‍ വിവിധ മുസ്ലീം സംഘടനാ പ്രതിനിധികള്‍ പങ്കെടുക്കുകായും ചെയ്തു. സമസ്ത കേരള ജംഇയത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കെ ആലിക്കുട്ടി മുസ്ലിയാര്‍ യോഗത്തില്‍ അധ്യക്ഷനായി.കെ എന്‍ എം, മുജാഹിദീന്‍ വിസ്ഡം ഗ്രൂപ്പ് ,എംഇഎസ് തുടങ്ങിയ സംഘടനകളുടെ പ്രതിനിധികള്‍ യോഗത്തില്‍ സംസാരിക്കുകയും ചെയ്തു. മത തീവ്രവാദികളെ സമരത്തില്‍ ഒപ്പം കൂട്ടാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി അവിടെ ചെയ്ത പ്രസംഗത്തിലും വ്യക്തമാക്കി.

പൗരത്വ നിയമ ഭേദഗതിക്കെതിരെ സിപിഐ എം സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങളിൽ  സാമുദായിക സംഘടനകൾ പങ്കെടുക്കുന്നതിൽ സന്തോഷമെന്ന്‌ മുസ്ലിംലീഗ്‌ ദേശീയ ജനറൽസെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞതും സമരത്തെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുന്ന ജമാഅത്തെ ഇസ്ലാമിയ്ക്കും ക്ഷീണമായി.

ഈ ജാള്യം മറയ്ക്കാനാണ് ആദ്യം മാധ്യമവും പിന്നാലെ അവരുടെ മീഡിയ വണ്‍ ചാനലും വാര്‍ത്ത ചമച്ചതെന്നു സംശയം ഉയരുന്നുണ്ട്. വയര്‍ലസ് വഴി ഡിജിപി നിര്‍ദേശം നല്‍കി എന്നായിരുന്നു വാര്‍ത്തയില്‍ പറഞ്ഞിരുന്നത്.എന്നാല്‍ പൊതുമുതല്‍ നശീകരണം വരുന്ന കേസുകളില്‍ കര്‍ശന നടപടി ഉണ്ടാകും എന്നതൊഴിച്ചാല്‍ മറ്റൊന്നും ഉണ്ടാകില്ലെന്ന് കേരള പൊലീസ് അവരുടെ ഫേസ്ബുക്ക് പേജ് വഴി രാവിലെ അറിയിച്ചു.എന്നിട്ടും സോഷ്യല്‍ മീഡിയയിലൂടെ നുണ പ്രചരണം തുടരുകയായിരുന്നു. തുടര്‍ന്നാണ്‌ ഡിജിപി തന്നെ വാര്‍ത്ത വ്യാജമെന്ന് വ്യക്തമാക്കി പത്രക്കുറിപ്പ് ഇറക്കിയത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top