06 June Saturday

എൻഡിഎ സ്ഥാനാർഥികളിൽ 5 പേർ ഇടതുപക്ഷക്കാരോ?!; പച്ചക്കള്ളം പ്രചരിപ്പിച്ച്‌ കോൺഗ്രസ്‌ സൈബർ ടീം

വെബ് ഡെസ്‌ക്‌Updated: Sunday Apr 21, 2019

കൊച്ചി > തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്റെ അവസാന ദിവസമായതോടെ സോഷ്യൽ മീഡിയയിൽ വ്യാജപ്രചാരണവുമായി യുഡിഎഫ്‌ സൈബർ വിങുകൾ. ഏറ്റവും ഒടുവിലായി എൻഡിഎയുടെ കേരളത്തിലെ അഞ്ച്‌ സ്ഥാനാർത്ഥികൾ ഇടതുപക്ഷക്കാരാണ്‌ എന്ന കള്ളമാണ്‌ പ്രചരിപ്പിക്കുന്നത്‌. പലരീതിയിൽ മറുപടി നൽകിയിട്ടും യുഡിഎഫിന്റെ ഉത്തരവാദിത്വപ്പെട്ട ഭാരവാഹികൾ തന്നെ ഈ നുണ പ്രചരിപ്പിക്കാൻ കൂട്ടുനിൽക്കുകയാണ്‌. ഇടുക്കി, എറണാകുളം, കണ്ണൂർ, ആലത്തൂർ, കോഴിക്കോട്‌ മണ്ഡലങ്ങിലെ എൻഡിഎ സ്ഥാനാർഥികൾ ഇടതുപക്ഷ സംഘടനകളിൽ പ്രവർത്തിക്കുന്നവരാണ്‌ എന്നാണ്‌ വ്യാജപ്രചാരണം. എന്നാൽ സത്യാവസ്ഥ അതല്ലെന്ന്‌ വ്യക്തമാകുകയാണ്‌ ഇവരുടെ പശ്‌ചാത്തലം പരിശോധിക്കുമ്പോൾ.

ഇടുക്കി ‐ ബിഡിജെഎസിന്റെ ബിജു കൃഷ്ണന്‍ ആണ് ഇവിടെ എന്‍ഡിഎ സ്ഥാനാര്‍ഥി. ബിജു കൃഷ്ണന്‍ എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ആയിരുന്നു എന്നാണ്‌ പ്രചാരണം. കോളേജ് കാലത്തില്‍ എസ്എഫ്ഐയില്‍ ഉണ്ടായിരുന്നു എങ്കിലും ഒരിക്കലും ജില്ലാ പ്രസിഡന്റ് ഒന്നും ആയിരുന്നില്ല. എസ്എഫ്ഐയില്‍ നിന്നും മാറിയ ശേഷം ജെഎസ്എസിലേക്ക്‌ പോയ ഇയാള്‍ പിന്നെ യു ഡി എഫ് മുന്നണിയുടെ ഭാഗം ആയിരുന്നു. തൊടുപുഴയില്‍ നിന്ന് 2000 ല്‍ യു ഡി എഫ് സ്ഥാനാര്‍ഥി ആയി സി പി എമ്മിന്റെ എ സി മാത്യുവിന് എതിരെ മത്സരിച്ച ഇയാള്‍ അതിനു ശേഷമാണു ബി ഡി ജെ എസിലേക്ക് പോകുന്നത്.

എറണാകുളം ‐ നിലവിലെ ബി ജെ പി കേന്ദ്രമന്ത്രി ആയ അല്‍ഫോണ്‍സ് കണ്ണന്താനം 2006 ല്‍ ലാന്‍ഡ് റവന്യൂ കമ്മീഷണറായിരിക്കെ പദവി രാജിവച്ച് ഇടതു പിന്തുണയില്‍ സ്വതന്ത്രനായി മത്സരിച്ച് കാഞ്ഞിരപ്പള്ളിയില്‍ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയാണ് ചെയ്തത്. അല്‍ഫോണ്‍സ് ഒരിക്കലും സിപിഐ എമ്മിന്റെയോ വര്‍ഗബഹുജന സംഘടനകളുടെയോ അംഗം ആയിരുന്നില്ല. തുടര്‍ന്ന് നിയമസഭാ അംഗത്വം രാജി വെച്ച് 2011 ല്‍ അദ്ദേഹം ബി ജെ പി യില്‍ ചേരുകയാണ് ഉണ്ടായത്. കണ്ണന്താനം സിപിഐ എമ്മിന്റെ പ്രാഥമിക അംഗം പോലും ആയിരുന്നില്ല. ഇടതു പിന്തുണയുണ്ടായിരുന്ന സ്വതന്ത്ര എം എല്‍ എ മാത്രമായിരുന്നു കണ്ണന്താനം.

കണ്ണൂർ ‐ എൻഡിഎ സ്ഥാനാർഥി സി കെ പത്മനാഭന്‍ ഡിവൈഎഫ്ഐ ലോക്കല്‍ സെക്രട്ടറി ആയിരുന്നു എന്നാണ്‌ പ്രചാരണം. 1980 ലാണ് ഡിവൈഎഫ്ഐ രൂപീകരിക്കപ്പെടുന്നത്. അതിനും 11 വർഷം മുമ്പ്‌ 1969 ല്‍ സംഘ പ്രചാരക് ആയിരുന്നു പത്മനാഭന്‍. 1970 ല്‍ ജനസംഘത്തിന്റെ ഓര്‍ഗനൈസിംഗ് സെക്രട്ടറിയും 1980 ല്‍ ബി ജെ പി യുടെ കണ്ണൂര്‍ ജില്ലാ ജില്ലാ സെക്രട്ടറിയുമായിരുന്നു പത്മനാഭന്‍. ഡി വൈ എഫ് ഐ ക്കും പതിനൊന്നു കൊല്ലം മുമ്പ്‌ ആര്‍എസ്എസ്സുകാരന്‍ ആയിരുന്ന, ഡിവൈഎഫ്ഐ രൂപീകരണ സമയത്ത് ബിജെപി ജില്ലാ സെക്രട്ടറി ആയിരുന്ന പത്മനാഭനെ ആണ് ഡിവൈഎഫ്ഐക്കാരന്‍ ആക്കുന്നത്.

ആലത്തൂർ ‐ സിപിഐയുടെ ഏറ്റവും അടിസ്ഥാന ഘടകമായ ബ്രാഞ്ച് സെക്രട്ടറി ആയിരുന്ന ടി വി ബാബു പിന്നീട് സാമുദായിക പ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വേണ്ടി പാര്‍ട്ടി ബന്ധം ഉപേക്ഷിച്ചു കെ പി എം എസില്‍ സജീവമായി. കെ പി എം എസ് സംസ്ഥാന പ്രസിഡന്റ് വരെ ആയ ബാബു പിന്നെ അവിടെയുണ്ടായ വിഭാഗീയതയുടെ പേരില്‍ പിരിയുകയായിരുന്നു. തുടര്‍ന്ന് കെ പി എം എസ് ബാബു വിഭാഗം രൂപീകരിച്ച ഇയാള്‍ ബി ഡി ജെ എസ് രൂപീകരിച്ചപ്പോള്‍ അങ്ങോട്ട്‌ ചേക്കേറി. അതായത് നേരിട്ട് സി പി ഐ യില്‍ നിന്നല്ല ബാബു ബി ഡി ജെ എസില്‍ എത്തുന്നത്. പാര്‍ട്ടി ബന്ധം ഉപേക്ഷിച്ചു കാലങ്ങളോളം മറ്റൊരു സംഘടനയില്‍ പ്രവര്‍ത്തിച്ച ശേഷമാണു ബി ഡി ജെ എസില്‍ എത്തുന്നത്. അതും നേരിട്ട് ബി ജെ പി യിലേക്കല്ല.

കോഴിക്കോട് ‐ ബി ജെ പി സ്ഥാനാര്‍ഥി പ്രകാശ്‌ ബാബു ചെറുപ്പം മുതലേ ആര്‍ എസ് എസുകാരന്‍ ആയിരുന്നു . എബിവിപി യിലൂടെ പൊതുപ്രവർത്തനത്തിലേക്ക് വന്ന പ്രകാശ്‌ ബാബു മാഹി മഹാത്മാഗാന്ധി ഗവ: കോളേജ് എബിവിപി സെക്രട്ടറിയും യുവ മോർച്ച നാദാപുരം മണ്ഡലം ജന.സെക്രട്ടറിയും ആയിരുന്നു.പിന്നീട് കോഴിക്കോട് ജില്ല ജന.സെക്രട്ടറി, പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് , ജന. സെക്രടറി എന്നിങ്ങനെ ഉയര്‍ന്നു വന്നു നിലവിൽ യുവ മോർച്ച സംസ്ഥാന പ്രസിഡന്റ് ആയി. 2011ൽ നാദാപുരത്തും 2016 ൽ ബേപ്പൂരിലും നിയമ സഭയിലേക്ക് മത്സരിച്ചു.

വസ്‌തുുതകൾ ഇങ്ങനെയാണെന്നിരിക്കെയാണ്‌ വോട്ടെടുപ്പിന്‌ ഒരുദിവസം മാത്രം ശേഷിക്കുമ്പോൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ യുഡിഎഫ്‌ ശ്രമം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top