21 August Wednesday

മുഖ്യമന്ത്രിയെ അപമാനിച്ചും വർഗ്ഗീയത പ്രചരിപ്പിക്കുന്നതുമായ സന്ദേശം; കെഎസ്ഇബി ജീവനക്കാരൻ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Saturday Apr 20, 2019

ഫറോക്ക്> ജനങ്ങൾക്കിടയിൽ വർഗ്ഗീയ വികാരം വളർത്തുന്ന വിധത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ഇടതുപക്ഷ മുന്നണിക്കെതിരായും സമൂഹ മാധ്യമങ്ങളിൽ കള്ള പ്രചാരണം നടത്താൻ ശ്രമിച്ച സംഭവത്തിൽ കെഎസ്ഇബി ജീവനക്കാരനെ അറസ്റ്റു ചെയ്തു. ഫറോക്ക് കെഎസ്ഇബി സെക്ഷന് കീഴിലെ മീറ്റർ റീഡിങ്ങ് ജീവനക്കാരനായ കടലുണ്ടി മണ്ണൂർ വളവ് പച്ചാട്ട് ബിജു വിനെയാണ് ഫറോക്ക് പോലീസ് അറസ്റ്റ് ചെയ്തത്.

ഇടതു മുന്നണി കോഴിക്കോട് പാർലമെന്റ്  മണ്ഡലം സ്ഥാനാർത്ഥി എ പ്രദീപ് കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി 17 ന് കടലുണ്ടി മുഖ്യമമന്ത്രി പങ്കെടുത്ത പരിപാടിയുമായി ബന്ധപ്പെട്ട് ബിജു " ടീം കടലുണ്ടി'' എന്ന വാട്സ് ആപ്പ് ഗ്രൂപ്പിലാണ് നിയമ വിരുദ്ധമായ സന്ദേശം പ്രചരിപ്പിച്ചത്.16 നാണ് താൻ അഡ്മിനായ ഗ്രൂപ്പിൽ സ്വന്തമായി തയാറാക്കിയ സന്ദേശം പോസ്റ്റ് ചെയ്തത്."17 ന് കടലുണ്ടിയിൽ ശബ്ദ നിയന്ത്രണം " എന്ന തലവാചകത്തിലുള്ള സന്ദേശത്തിൽ " പിണറായി കടലുണ്ടിയിൽ വരുന്നതിനാൽ കോട്ടയിൽ അയ്യപ്പക്ഷേത്രം, പേടിയാട്ട് ഭഗവതി ക്ഷേത്രം, മങ്ങന്തറ ക്ഷേത്രം, കോഴിശ്ശേരി ക്ഷേത്രം എന്നീ ക്ഷേത്രങ്ങളിൽ സ്ഥിരമായി ഉണ്ടാകാറുള്ള ഭക്തിഗാനം, നാമജപം ,ശരണം എന്നിവയ്ക്ക് വിലയ്ക്ക് ഏർപ്പെടുത്തി " എന്നായിരുന്നു കുറിച്ചിരുന്നത്.

രാഷ്ട്രീയ വിരോധത്തിൽ മന:പൂർവ്വം മുഖ്യമന്ത്രിയ്ക്കും  ഇടതുമുന്നണി സ്ഥാനാർത്ഥിയ്ക്കും അപകീർത്തിയുണ്ടാക്കുന്നതിന് പുറമെ വർഗ്ഗീയവികാരം ആളിക്കത്തിച്ച് സംഘർഷം ഉണ്ടാക്കുന്നതിനുമിടയാക്കുമെന്നും ഇതു തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനവും കൂടിയാണെന്നും ചൂണ്ടിക്കാട്ടി എൽഡിഎഫ് ബേപ്പൂർ അസംബ്ലി മണ്ഡലം കൺവീനർ വാളക്കട ബാലകൃഷ്ണൻ നൽകിയ പരാതിയിലാണ് പോലീസ് നടപടി. ശനിയാഴ്ച ചോദ്യം ചെയ്യുന്നതിനായി സ്റ്റേഷനിൽ വിളിച്ചു വരുത്തി മൊഴിയെടുത്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ലഹളയുണ്ടാക്കുന്നതിനായി മന:പ്പൂർവ്വം സമൂഹ മാധ്യമങ്ങളിൽ  സന്ദേശം പ്രചരിപ്പിച്ചെതിനെതിരെ ഐ പി സി 15 3,120 - O  KB ആക്ട് പ്രകാരമുള്ള കുറ്റമാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളതെന്ന് ഇൻസ്പെക്ടർ പി സുജിത്ത് പറഞ്ഞു. മുഖ്യമന്തി പിണറായി വിജയൻ പങ്കെടുത്ത പരിപാടി 17 ന് പകൽ മൂന്നിനാരംഭിച്ച് ആറിനാണ് സമാപിച്ചത്. മുഖ്യമന്ത്രി കൃത്യം നാലിനെത്തി അഞ്ചിന് മടങ്ങി. ഈ സമയത്ത് ബിജുവിന്റെ സന്ദേശത്തിൽ സൂചിപ്പിച്ച ക്ഷേത്രങ്ങളിൽ  ഭക്തിഗാനവും നാമജപവും ശരവുമെന്നുമില്ല. പ്രദേശത്തില്ലാത്ത ഒരു മങ്ങന്തറ ക്ഷേത്രത്തിന്റെ പേരും കൂടി ഉൾപ്പെടുത്തിയിട്ടുമുണ്ട്. നാളിതുവരെയായി യാതൊരു വിധ വർഗ്ഗീയ ചേരിതിരിവുമില്ലാത്ത പ്രദേശത്ത് ക്ഷേത്രോത്സവങ്ങളിലും എല്ലാ വിഭാഗങ്ങളുടെയും ഐക്യവും മികച്ച സഹകരണവുമുണ്ടെന്നിരിക്കെ, ഇല്ലാത്ത വിലക്കിന്റെ പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കാൻ സന്ദേശം തട്ടിക്കൂട്ടിയതിൽ ദുരൂഹതയുണ്ട്.

ബിജുവിന്റെ കള്ള സന്ദേശത്തിൽ പറയുന്ന ക്ഷേത്രപരിസരങ്ങളിലുള്ള മഹാ ഭൂരിപക്ഷം വീടുകളിൽ നിന്നും പ്രായാധിക്യം പോലും അവഗണിച്ച്  കുടുംബസമേതമാണ് ജനങ്ങൾ മുഖ്യമന്തി പിണറായിയുടെ പ്രസംഗം കേൾക്കാനെത്തിയത് എന്നതും ശ്രദ്ദേയമാണ്. കെ എസ് ഇ ബി യിൽ ഐ എൻ ടി യു സി യുടെ ജീവനക്കാരുടെ സംഘടനയിൽ അംഗമായ ബിജു , സ്വദേശമായ മണ്ണൂരിൽ കൂടുതലായും സംഘപരിവാർ സംഘടനകളുമായാണ്  അടുപ്പമെന്ന് നാട്ടുകാർ പറയുന്നു.പോലീസ് കേസായപ്പോഴും ബി ജെ പി, ആർ എസ് എസ് നേതാക്കളാണ് രക്ഷകരായി സജീവമായി രംഗത്തുള്ളത്.

ബിജു എംആർ ഐ (Biju MR I) എന്ന പേരിലാണ് വാട്സ് ആപ്പ് ഗ്രൂപ്പിലെ പേരെങ്കിലും  ഫെയ്സ് ബുക്കിൽ ബിജു പച്ചാട്ട് എന്ന അക്കൗണ്ടന്നുള്ളതും. ഇതിൽ നിന്നും പതിവായി സർക്കാർ വിരുദ്ധവും  പ്രത്യേകിച്ച്  മുഖ്യമന്ത്രി പിണറായി  വിജയനെതിരായുള്ളതുമായ നിരവധി സന്ദേശങ്ങൾ പ്രചരിപ്പിച്ചതായി കാണുന്നുണ്ട്. ഇവയിൽ വർഗ്ഗീയ ചേരിതിരിവുണ്ടാക്കുന്നതുമുണ്ട്. കേസിനാസ്പദമായ സന്ദേശങ്ങളുടെ എല്ലാ തെളിവുകളും പരാതിയ്ക്കൊപ്പം  പോലീസിന്  കൈമാറിയിട്ടുണ്ട്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top