വെട്ടിയൊതുക്കിയ വഴികളിലൂടെ വക്കീൽകോട്ടിടാൻ ഫഹദ‌്

‘വ്യത്യസ‌്തനാമൊരു ബാർബറാം ഫഹദിനെ...’ മലപ്പുറം മേൽമുറി എംസിടി ലോ കോളേജിൽ ഇപ്പോൾ ഈ പാട്ടുയർന്നുകേൾക്കാം. തുല്യതാ പഠനത്തിലൂടെ എസ‌്എസ‌്എൽസിയും പ്ലസ‌്ടുവും വിജയിച്ച‌് നിയമവിദ്യാർഥിയാകുന്ന ആദ്യ പഠിതാവെന്ന ബഹുമതിയിലാണ‌് മൊറയൂർ വാവോ ബ്യൂട്ടി പാർലർ ഉടമയായ മുപ്പത്തിരണ്ടുകാരൻ. പ്രവേശന പരീക്ഷയും ജയിച്ച‌് കഴിഞ്ഞ ദിവസമാണ‌് മേൽമുറിയിലെ ലോ കോളേജിൽ ഫഹദ‌് ചേർന്നത‌്.
വക്കീലാകുംമുമ്പ‌് ലോ കോളേജിൽ സ‌്റ്റാറായിരിക്കുകയാണ‌് ഈ വിദ്യാർഥി. കൂട്ടുകാരുടെ ഭാഷയിൽ പറഞ്ഞാൽ ഓനിപ്പം ഫഹദ‌് ഫാസിലിനേക്കാൾ വലിയ സ‌്റ്റാർ. സഹപാഠികളുടെ ഈ കളിവാക്കുകളിലും പ്രതികരണമായി ഒരു ചെറുപുഞ്ചിരിയേ ഫഹദിനുള്ളൂ. ദുരിതങ്ങൾ വെട്ടിയൊതുക്കി ലോ കോളേജിലെത്തിയ ബാർബറാണ‌് താനെന്ന‌് മറ്റുള്ളവർ അറിയുന്നതിൽ അവനൊട്ടും കുറച്ചിലില്ല. മുടിവെട്ടിയും താടിയൊതുക്കിയും നാട്ടുകാരുടെ സൗന്ദര്യത്തിന‌് പുതുഭാവം പകരുമ്പോൾ മനസ്സിലൊളിപ്പിച്ചിരുന്ന വലിയമോഹത്തിന‌് കോട്ടിടാൻ ഇനി ഏറെ വൈകേണ്ട എന്ന സന്തോഷത്തിലാണീ ചെറുപ്പക്കാരൻ. ഒപ്പം തന്റെ ചെറുജീവിതം പഠനാവസരം നിഷേധിക്കപ്പെട്ടവർക്ക‌് പ്രചോദനമായെങ്കിൽ എന്ന പ്രതീക്ഷയിലും.
മൊറയൂരിലെ അരിമ്പ്ര നമ്പൻകുന്നത്ത‌് ഇസ‌്മയിലിന്റെ മകൻ സ‌്കൂൾ വിട്ടപ്പോൾ കൈയിലേന്തിയതാണ‌് കത്രികയും ചീർപ്പും. പത്തിൽ തോറ്റപ്പോൾ പഠനം നിന്നു. ജീവിതത്തിന്റെ മുഖം അത്രമേൽ കഠിനമായപ്പോൾ മറ്റുള്ളവരുടെ മുഖവും രൂപവും ഭംഗിയാക്കുന്ന തൊഴിലിലേർപ്പെട്ടു. അനുവാദമില്ലാതെ വളരുന്ന മുടിപോലെ പ്രയാസങ്ങൾ പെരുകിയപ്പോൾ വിദേശത്തേക്ക‌് പറന്നു. കുറച്ചുവർഷം സൗദിയിൽ. വീണ്ടും നാട്ടിലെത്തി വിവാഹം കഴിഞ്ഞ‌് രണ്ട‌് മക്കളായെങ്കിലും പഠിക്കാനുള്ള മോഹം ഉപേക്ഷിച്ചില്ല. സാക്ഷരതാ മിഷന്റെ തുല്യതാ പഠനത്തിനുചേർന്നു. 2014–-ൽ ഉയർന്ന മാർക്കുമായി മൊറയൂർ പഞ്ചായത്തിൽനിന്ന‌് എസ‌്എസ‌്എൽസി വിജയിച്ചു. ബാർബർ പഠിക്കുന്നതിനെ പരിഹസിച്ചവർക്ക‌് മുന്നിൽ യൂണിഫോമിട്ട‌് ക്ലാസിൽപോയി ഫഹദ‌്. ഇന്നിപ്പോൾ ലോ കോളേജ‌് വിദ്യാർഥിയായപ്പോൾ ഭാര്യ നദീറയുടെയടക്കം പിന്തുണയുണ്ട‌്. പഠനത്തിന‌് കൂട്ടായി ഉപ്പയെ കിട്ടിയ സന്തോഷത്തിലാണ‌് രണ്ടാം ക്ലാസുകാരൻ ഫദ‌് വിഹലും അനിയൻ ഫഹ‌്‌യാനും.
0 comments