20 November Wednesday

പെട്രോ കെമിക്കൽ പാർക്ക്‌: ഫാക്‌ട‌് ഭൂമി ഉടൻ കൈമാറും

സ്വന്തം ലേഖകൻUpdated: Monday Aug 19, 2019

കൊച്ചി > പെട്രോ കെമിക്കൽ പാർക്ക്‌ സ്ഥാപിക്കാനുള്ള അമ്പലമേട്ടിലെ ഫാക്ട‌് ഭൂമി,  പദ്ധതിയുടെ ഡെവലപ്പർമാരായ കിൻഫ്രയ്‌ക്ക്‌ സെപ്‌തംബർ ആദ്യം കൈമാറും. ഭൂമിക്ക്‌ പണം മുടക്കുന്ന കിഫ്‌ബി ചൊവ്വാഴ്‌ച ചേരുന്ന ഗവേണിങ് ബോർഡ്‌ യോഗത്തിൽ ഇതിനുള്ള അനുമതി നൽകും.  ജൂലൈ 24 നാണ്‌ ഫാക്‌ടിന്റെ  441 ഏക്കർ ഭൂമി  കൈമാറാൻ കേന്ദ്രസർക്കാർ അനുമതി നൽകിയത്‌. തുടർനടപടികൾ സംസ്ഥാന സർക്കാർ അതിവേഗം പൂർത്തിയാക്കി. 1250 കോടി രൂപയാണ് ഫാക്‌ടിന്റെ ഭൂമിക്ക്‌ നിശ്‌ചയിച്ചിട്ടുള്ള വില. കിഫ്‌ബിയിൽനിന്ന്‌ പണം ലഭിക്കാനുള്ള നടപടികളെല്ലാം പൂർത്തിയാക്കിയതായി കിൻഫ്ര ജനറൽ മാനേജർ  ടി ഉണ്ണികൃഷ്‌ണൻ പറഞ്ഞു.  വലിയ തുകയായതിനാലാണ്‌ ഗവേണിങ് ബോർഡ്‌ പരിഗണിക്കുന്നത്‌.

ഫാക്‌ട്‌ സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ ഏറ്റെടുത്തു നൽകിയ ഭൂമിയാണ്‌ കമ്പോള വിലയ്‌ക്ക്‌ സംസ്ഥാനത്തിന്‌ വിൽക്കുന്നത്‌.  കമ്പനി സ്വകാര്യവൽക്കരിച്ചാൽ ഭൂമി തിരിച്ചു നൽകണമെന്ന്‌ വ്യവസ്ഥ ചെയ്‌തിരുന്നെങ്കിലും കേന്ദ്രസർക്കാർ കമ്പോളവില ആവശ്യപ്പെടുകയായിരുന്നു.  എന്നിട്ടും രണ്ടുവർഷം വൈകിയാണ്‌ അനുമതി നൽകിയത്‌.

ബിപിസിഎൽ കൊച്ചി റിഫൈനറിയുടെ പ്രൊപ്പിലീൻ ഡെറിവേറ്റീവ് പെട്രോ കെമിക്കൽ‍ പ്രോജക്ടിന്‌ അനുബന്ധമായി പെട്രോ കെമിക്കൽ‍ ഉൽപ്പന്നങ്ങൾ നിർ‍മിക്കാനാണ്‌ പാർക്ക്‌ . അല്ലെങ്കിൽ കൊച്ചി റിഫൈനറി വിപുലീകരണത്തിന്റെ  ഗുണം കേരളത്തിനു ലഭിക്കില്ല.  2017 ലാണ്‌ കേന്ദ്രത്തിന്‌ പദ്ധതി സമർപ്പിച്ചത്‌. അതോടൊപ്പം ഫാക്‌ടുമായി ധാരണാപത്രവും ഒപ്പിട്ടു. കേന്ദ്രാനുമതി വൈകിയതിനാൽ ധാരണാപത്രം പുതുക്കി.  കാലാവധി തീരാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ്‌ കഴിഞ്ഞമാസം കേന്ദ്രാനുമതി ലഭിച്ചത്‌. പ്രത്യക്ഷമായും പരോക്ഷമായും പതിനായിരത്തിലേറെപ്പേർക്ക് പെട്രോ കെമിക്കൽ പാർക്കിൽ തൊഴിൽ ലഭിക്കും. അനുബന്ധ വ്യവസായങ്ങളുടെ വളർച്ചയ്ക്കും പാർക്ക് ഗുണം ചെയ്യും. ജർമൻ കെമിക്കൽ പാർക്കുകളുടെ  മാതൃകയിലാണ് പെട്രോകെമിക്കൽ പാർക്ക്‌.
നിത്യജീവിതത്തിൽ‍ ആവശ്യമായ രാസ ഉൽപ്പന്നങ്ങൾ‍ നിർ‍മിക്കാനുള്ള വ്യവസായ സംരംഭങ്ങളാണ് പാർ‍ക്കിലുണ്ടാവുക. പെയിന്റ്‌, മരുന്ന്‌, അച്ചടിക്ക്‌ ആവശ്യമായ രാസവസ്തു, പൗഡർ‍ കോട്ടിങ് ഉൽപ്പന്നം, തുകൽ-–-തുണിത്തര  ഉൽ‍പ്പന്നം എന്നിവ ഇതിൽപ്പെടും.


പ്രധാന വാർത്തകൾ
 Top