20 March Wednesday

പി ജയരാജനെ പിന്തുണച്ച ലീഗ‌് നേതാവ‌ിന‌് നടപടി , കടുത്ത സൈബർ ആക്രമണവും

സ്വന്തം ലേഖകൻUpdated: Monday Aug 27, 2018

കാസർകോട്‌ > സംഘ്‌പരിവാർ  ഫാസിസത്തിനെതിരെയുള്ള പോരാട്ടത്തിൽ  സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനെ പിന്തുണച്ച‌് ഫെയ‌്‌‌സ്‌‌‌ബുക്കിൽ പോസ്‌റ്റിട്ട   മുസ്ലിംലീഗ്‌ കാസർകോട്‌ ജില്ലാ പ്രവർത്തക സമിതി അംഗവും  ലോയേഴ്‌സ്‌ ഫോറം ജില്ലാ പ്രസിഡന്റുമായ അഡ്വ. സി ഷുക്കൂറിനെതിരെ  നടപടി.  ഷൂക്കൂറിനെ   ലോയേഴ‌്‌‌സ്‌ ഫോറം പ്രസിഡന്റ്‌ ‌സ്ഥാനത്തുനിന്ന്‌ പുറത്താക്കി. പാർടിയിൽനിന്ന‌് പുറത്താക്കാനും നടപടി തുടങ്ങി. ലീഗ്‌ ജില്ലാ പ്രവർത്തക സമിതിയിൽനിന്നും പുറത്താക്കിയതായി ജില്ലാ പ്രസിഡന്റ്‌ എം സി കമറുദ്ദീൻ പറഞ്ഞു.

സോഷ്യൽ മീഡിയയിൽ ലീഗ‌് പ്രവർത്തകർ കടുത്ത  സൈബർ  ആക്രമണം തുടരുകയാണ‌്.  ഷുക്കൂറിനേയും കുടുംബത്തേയും നിന്ദ്യമായി അവഹേളിക്കുന്നതാണ‌്  പ്രചാരണം.  തന്റെ അഭിപ്രായത്തിൽ  ഉറച്ച്‌ നിൽക്കുന്നതായി ഷുക്കൂർ വ്യക്തമാക്കി. നടപടിയിൽ യൂത്ത്‌ ലീഗിന്റെ സംസ്ഥാന  നേതാക്കൾ ഉൾപ്പെടെയുള്ളവർക്ക്‌  എതിർപ്പുണ്ട്‌.

ഒരു തിരുവോണ ദിവസം  ആർഎസ്‌എസ്സുകാർ പി ജയരാജനെ കൊല്ലാക്കൊല ചെയ്‌ത സംഭവം ഓർമിപ്പിച്ചാണ്‌ ഇത്തവണ തിരുവോണ ദിവസം അഡ്വ. ഷുക്കൂർ എഫ്‌ബി പോസ്‌റ്റിട്ടത്‌. ഇന്നു തിരുവോണം, ആഗസ‌്ത‌് 25. 1999 ആഗസ‌്ത‌്  25 ഉം ഒരു തിരുവോണ ദിവസമായിരുന്നു  എന്ന‌്  തുടങ്ങുന്ന പോസ്‌റ്റിൽ  ‘സംഘർഷങ്ങളുടെ രാഷ്ട്രീയം, ഫാസിസത്തിന്റെ ആസുര വഴികൾ’ എന്ന പി ജയരാജന്റെ പുസ്‌തകത്തിലെ ഇരയുടെ അനുഭവ സാക്ഷ്യം എന്ന അധ്യായം പകർത്തുന്നു.  തുടർന്ന്‌ ഷുക്കൂർ എഴുതുന്നു.

19 വർഷം മുമ്പ് ഒരു തിരുവോണ ദിവസം  ആർഎസ്‌എസ്സുകാർ  നടത്തിയ അതിഭീകരമായ പൈശാചികതയുടെ നേർസാക്ഷ്യം. പാതി തളർന്ന ശരീരവുമായി  പി ജയരാജൻ നമുക്കിടയിൽ ആർഎസ്‌എസ്‌ വിരുദ്ധ രാഷ്ടീയത്തിന്റെ പ്രതീകമായി ജീവിക്കുന്നു. ആ കൊലപാതക ശ്രമത്തിലെ പ്രതികളെ ഏഴു വർഷം കഠിന തടവിനു സെഷൻസ് കോടതി ശിക്ഷിച്ചു. അത്യപൂർവമായ ഒരനുഭവത്തിലൂടെയാണ് അദ്ദേഹം ആ പുസ്തകത്തിൽ നമ്മെ കൊണ്ടു പോകുന്നത്. 13 മണിക്കൂർ നീണ്ട ശസ്ത്രക്രിയ. പതിനേഴ് മുറിവുകൾ, ഓപ്പറേഷന്റെ രണ്ടാം ദിവസമാണ് ശരീരത്തിലും തലയിലുള്ള കട്ട പിടിച്ച രക്തം തുടച്ചു മാറ്റുന്നത്. തലയിലെ രക്തം തുടയ്ക്കുമ്പോൾ എന്തോ തടയുന്നതു പോലെ നേഴ്‌സിനു തോന്നി. അവർ ഡോക്ടറെ വിളിച്ചു സൂക്ഷ്‌മ പരിശോധനയിൽ അതു ആണിയുടെ മൊട്ടാണെന്നു മനസ്സിലായി. മരിച്ചുവെന്നു കരുതി പുറത്തേക്കിറങ്ങുമ്പോൾ  ആർഎസ്‌എസ്സുകാർ  വീടിനകത്തേക്ക്‌ വലിച്ചെറിഞ്ഞ ബോംബിൽനിന്നും തെറിച്ചു വന്ന ആണി. ആണിയുടെ അറ്റം തലച്ചോറിനു ക്ഷതമുണ്ടാക്കിയിട്ടുണ്ടോ എന്നായി ആശങ്ക. അതുണ്ടായില്ല. സ്ഫോടനത്തിന്റെ ആഘാതത്തിൽ ഇടതു ചെവിയുടെ കർണപുടം പൊട്ടിപ്പോയിരുന്നു. കേൾവിയും അതോടെ പോയി. ഈ അതിജീവനത്തിന്റെ നാളിൽ, ഫാസിസ്റ്റുകളുടെ ആക്രമണത്തിൽനിന്നും മനോബലവും വൈദ്യ ശാസ്ത്രവും ഒന്നിച്ചു നിന്നതിന്റെ മികച്ച തെളിവാണ് പി ജെയുടെ അതിജീവനം.  മറ്റെല്ലാവർക്കും ഒരു ഊർജം ലഭിക്കും. അദ്ദേഹത്തിന്‌ ആഗസ്‌ത്‌ 25 പുനർ ജന്മദിനംകൂടിയാണ്.

ശശികല ടീച്ചറുടെ വിദ്വേഷ പ്രസംഗത്തിനെതിരെ താൻ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ 2016 ഒക്ടോബറിൽ  ഹൊസ്‌‌ദുർഗ്‌  പൊലീസ്‌ 153 വകുപ്പ്
പ്രകാരം കേസടുത്തു.
തുടർന്നു സംഘികൾ എനിക്കെതിരെ പ്രകടനമായി, കോലം കത്തിക്കലായി.  താമസിക്കുന്നേടത്ത്  പൊലീസ്‌ കാവൽ.  വല്ലാതെ അനിശ്ചിതത്വം നിലനിന്ന ഒരു ഘട്ടത്തിലാണ് പി ജെയുടെ വിളി. അദ്ദേഹം അന്നു നൽകിയ ധൈര്യവും ആത്മവിശ്വാസവും ഫാസിസ്റ്റ് പോരാട്ടത്തിൽനിന്നും ഒരിക്കലും  പിന്നോട്ടു പോകരുതെന്ന ഉറച്ച നിലപാടിലെത്തുവാൻ കാരണമായി. രാഷ്ട്രീയ നിലപാടുകളിൽ അദ്ദേഹത്തോട് തർക്കിക്കാം. നമ്മുടെ വാദങ്ങളിൽ കഴമ്പുണ്ടെന്ന്‌ കണ്ടാൽ ഒരു മടിയുമില്ലാതെ അദ്ദേഹം അതുൾ കൊള്ളും. വർഗീയ ഫാസിസ്റ്റ് വിരുദ്ധതയിൽ അദ്ദേഹത്തോട് യോജിക്കാതിരിക്കാനാവില്ല. തർക്കിച്ചും യോജിച്ചും ഞങ്ങളുടെ സൗഹാർദം തുടരുന്നു. ഒരു പക്ഷേ, ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിലെ അപൂർവ അധ്യായമാകും പി ജയരാജൻ. അതി ജീവനത്തിന്റെ കൈയ്യൊപ്പ്. ലാൽ സലാം സഖാവേ.

മുൻ ജില്ലാ പബ്ലിക്‌ പ്രേസിക്യൂട്ടറായിരുന്ന ഷുക്കൂറിന്റെ  ഈ വരികളാണ്‌ ലീഗിന്റെ സൈബർ പേരാളികളെ പ്രകോപിപ്പിച്ചത്‌. ഗൾഫിൽ വിദ്യാഭ്യാസ ഗവേഷണ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന കോട്ടയം  മഹത്മഗാന്ധി സർവകലാശാല മുൻ പിവിസിയായ ഭാര്യ ഷീന ഷുക്കൂറിനെതിരെയും അസഭ്യവർഷമുണ്ടായി.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top