11 December Wednesday

കാര്‍ഷികോൽപ്പന്ന കയറ്റുമതിയിൽ നേട്ടം കൊയ്‌ത്‌ കേരളം ; 5 മാസത്തില്‍ നേടിയത്‌ 1,762 കോടി

വാണിജ്യകാര്യ ലേഖകന്‍Updated: Sunday Nov 3, 2024



കൊച്ചി
കാർഷികോൽപ്പന്നങ്ങളുടെ കയറ്റുമതിയിൽ മികച്ച നേട്ടം കൈവരിച്ച് കേരളം. 2024–25 സാമ്പത്തികവർഷത്തിന്റെ ഏപ്രിൽ മുതൽ ആ​ഗസ്തു-വരെയുള്ള ആദ്യ അഞ്ചുമാസം 1761.75 കോടി -രൂപയാണ് കേരളം നേടിയത്‌. ഈ കാലയളവിൽ 1,94,826.18 ടൺ കാർഷികോൽപ്പന്നങ്ങൾ കയറ്റുമതി ചെയ്തു. 2023–-24 സാമ്പത്തികവർഷം 4523.48 കോടിയും നേടി. 

മുൻവർഷത്തെപ്പോലെ നടപ്പ്‌ സാമ്പത്തികവർഷവും കശുവണ്ടിയാണ് ഏറ്റവും അധികം കയറ്റുമതി ചെയ്തത്. 360.83 കോടിയുടെ 5984.89 ടൺ കശുവണ്ടി ആഗോളവിപണികളിലേക്ക് പോയി. ബസുമതി ഒഴികെയുള്ള അരിയാണ് രണ്ടാംസ്ഥാനത്ത്. 171.61 കോടിയുടെ 33,742.25 ടൺ അരി കയറ്റിയയച്ചു. സംസ്കരിച്ചതും അല്ലാത്തതുമായ പഴങ്ങൾ, പച്ചക്കറി, പഴച്ചാറുകൾ, ഡെയറി ഉൽപ്പന്നങ്ങൾ, ധാന്യങ്ങൾ, ധാന്യപ്പൊടികൾ തുടങ്ങിയവയും നേട്ടം കൊയ്‌തു.

കൊച്ചി തുറമുഖംവഴിയാണ് കേരളത്തിൽനിന്ന്‌ ഏറ്റവും അധികം കാർഷികോൽപ്പന്ന കയറ്റുമതി നടന്നത്. 1,67,173.40 ടൺ ഉൽപ്പന്നങ്ങളാണ് കടൽ കടന്നത്. 1351.26 കോടിയാണ്‌ വരുമാനം. കൊച്ചി വിമാനത്താവളത്തിലൂടെ 126.07 കോടിയുടെ 11,161.95 ടൺ ഉൽപ്പന്നങ്ങളും കൊച്ചി പ്രത്യേക സാമ്പത്തികമേഖലയിൽനിന്ന് 163.86 കോടിയുടെ 2044.79 ടൺ ഉൽപ്പന്നങ്ങളും കയറ്റുമതി ചെയ്തെന്ന്‌ കേന്ദ്ര കൃഷി, ഭക്ഷ്യോൽപ്പന്ന കയറ്റുമതി വികസന അതോറിറ്റിയുടെ കണക്കുകൾ പറയുന്നു. തിരുവനന്തപുരം വിമാനത്താവളത്തിലൂടെ 51.30 കോടിയുടെ 6,205.50 ടൺ കാർഷികോൽപ്പന്നങ്ങൾ കയറ്റിയയച്ചു. കോഴിക്കോട് വിമാനത്താവളംവഴി 55.33 കോടിയുടെ 6,646.27 ടൺ ഉൽപ്പന്നങ്ങളുമാണ്‌ അഞ്ചുമാസത്തിനുള്ളിൽ കയറ്റുമതി ചെയ്തത്.

യുഎഇയിലേക്കായിരുന്നു ഈ വർഷവും ഏറ്റവും അധികം കയറ്റുമതി. 485.18 കോടിയുടെ 61,898.39 ടൺ ഉൽപ്പന്നങ്ങൾ. യുഎസ്എ–-235.11 കോടി, സൗദി–-140.15 കോടി, ഖത്തർ–-124.96 കോടി, യുകെ–-118.75 കോടി എന്നിങ്ങനെയും കയറ്റുമതിയിലൂടെ വരുമാനം നേടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top