17 September Tuesday

സോഷ്യൽ മീഡിയയിൽ ഇനി എക്‌സൈസും കിടു ; ട്രോളുകൾ വരുന്നു

റഷീദ‌് ആനപ്പുറംUpdated: Wednesday Sep 11, 2019


ലഹരിയുടെ ചതിക്കുഴികൾക്കെതിരെ തമാശയിൽ പൊതിഞ്ഞ്‌ കാര്യങ്ങൾ പറയാൻ എക്‌സൈസിന്‌ കൂട്ടായി  ഇനി ട്രോളുകളും. മദ്യത്തിനും മയക്കുമരുന്നിനുമെതിരെ പുതുതലമുറയെ ബോധവൽക്കരിക്കാൻ സോഷ്യൽ മീഡിയയിലാകും ട്രോളുകൾ പിറക്കുക. ഓണത്തിനുശേഷം ‘വിമുക്തി’ ഫെയ്‌സ്‌ബുക്ക്‌ പേജിലും എക്‌സൈസിന്റെ ഫെയ്‌സ്‌ബുക്ക്‌ പേജിലും ട്രോളുകൾ പ്രത്യക്ഷപ്പെടും. വാട്‌സാപ്പുവഴി ട്രോളുകൾ പ്രചരിപ്പിക്കുന്നതിനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്‌. 

കേരള പൊലീസ്‌  ട്രോളുകളുടെ മാതൃകയിലാണ്‌ പദ്ധതി ആസൂത്രണം ചെയ്യുന്നത്‌. കൗമാരക്കാർ കൂടുതലായി ലഹരി ഉപഭോഗത്തിലേക്ക്‌ തിരിയുന്നതിനാലാണ്‌ ബോധവൽക്കരണത്തിന്‌ അവർക്കിടയിൽ ഹരമാകുന്ന ട്രോളുകളുടെ സാധ്യതയും  പരീക്ഷിക്കുന്നത്‌. എക്‌സൈസിന്റെ ഐടി സെല്ലിനാകും ഇതിന്റെ ചുമതലയെന്ന്‌ കമീഷണർ എസ്‌ ആനന്ദകൃഷ്‌ണൻ പറഞ്ഞു. ഇതിനായി ഐടി സെല്ലിനെ ശക്തിപ്പെടുത്താൻ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. 

മദ്യം, മയക്കുമരുന്ന്‌ എന്നിവയുടെ ചതിക്കുഴികൾ, അവ സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്‌നങ്ങൾ,  ലഹരിമോചന പ്രവർത്തനങ്ങൾ തുടങ്ങിയവ ട്രോളുകൾ കൈകാര്യംചെയ്യും. ഇതാകുമ്പോൾ പുതുതലമുറയെ ഏറെ സ്വാധീനിക്കും. വിമുക്തിമിഷന്റെ ഭാഗമായി സ്റ്റുഡന്റ്‌ ക്ലബ്ബുകൾ, യുവജന ക്ലബ്ബുകൾ തുടങ്ങിയവയുണ്ട്‌. അതിനാൽ, വിമുക്തി മിഷൻ ഫെയ്‌സ്‌ബുക്ക്‌ പേജിൽ വരുന്ന ട്രോളുകുൾ വാട്‌സാപ്‌ അടക്കമുള്ളവയിൽ ഷെയർചെയ്‌ത്‌ വൈറൽ ആക്കാനാകുമെന്നാണ്‌ കണക്കുകൂട്ടൽ.


പ്രധാന വാർത്തകൾ
 Top