02 June Tuesday

പരീക്ഷ മുന്നൊരുക്കം അതിവേഗം

സ്വന്തം ലേഖകൻUpdated: Sunday May 24, 2020

തിരുവനന്തപുരം> എസ്‌എസ്‌എൽസി, ഹയർ സെക്കൻഡറി, വിഎച്ച്‌എസ്‌സി പരീക്ഷകളുടെ മുന്നൊരുക്കം അതിവേഗത്തിൽ. പരീക്ഷ കേന്ദ്രങ്ങളായ മുഴുവൻ സ്‌കൂളുകളും ശനിയാഴ്‌ച അണുവിമുക്തമാക്കി. അണുനശീകരണ ലായനി ഉപയോഗിച്ച് ക്സാസ് മുറികളും ബെഞ്ചും ഡെസ്‌കും സ്കൂൾ പരിസരവും ശുചിയാക്കി. പരീക്ഷ ദിവസമായ ചൊവ്വാഴ്‌ചയേ ഇനി ക്ലാസ്‌ മുറികൾ തുറക്കു. അഗ്നിശമന സേനയുടെ നേതൃത്വത്തിലാണ് അണുനശീകരണ പ്രവർത്തനങ്ങൾ നടത്തിയത്. പരീക്ഷയ്‌ക്കെത്തുന്ന മുഴുവൻ വിദ്യാർഥികൾക്കും സാനിറ്റെസർ അടക്കമുള്ള സുരക്ഷാ മുൻകരുതലുകൾ സ്‌കൂളുകൾ ഒരുക്കി. വിദ്യാർഥികൾക്ക്‌ യാത്രാസൗകര്യമൊരുക്കുന്ന നടപടിയും ശനിയാഴ്‌ച ആരംഭിച്ചു.

പ്രധാന അധ്യാപകർക്കാണ്‌ ചുമതല. ക്ലാസ്‌ ടീച്ചർമാർ ഓരോ കുട്ടികളെയും വിളിച്ച്‌ വാഹനസൗകര്യം ആവശ്യമുള്ളവരുടെ പട്ടിക കൈമാറും. അതനുസരിച്ച്‌ സ്‌കൂൾ ബസുകളുടെ എണ്ണം ക്രമീകരിക്കും. എൽപി, യുപി സ്‌കൂളുകളുടെ ബസ്‌, സ്വകാര്യ വാഹനങ്ങൾ, കെഎസ്‌ആർടിസിയടക്കമുള്ള പൊതുഗതാഗതം, പിടിഎയുടെ സഹകരണത്തോടെയുള്ള വാഹന സൗകര്യം എന്നിവ ആവശ്യമെങ്കിൽ ഉപയോഗിക്കാം.  തെർമൽ സ്‌കാനിങ് കഴിഞ്ഞ് സാനിറ്റൈസ് ചെയ്ത ശേഷമാണ് വിദ്യാർഥികളെ ‌ പരീക്ഷ ഹാളിൽ എത്തിക്കുക. പരീക്ഷയ്ക്ക് മുമ്പും ശേഷവും വിദ്യാർഥികളെ കൂട്ടംചേരാൻ അനുവദിക്കില്ല.

പരീക്ഷ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും സംശയങ്ങൾ ദൂരീകരിക്കാനുമായുള്ള വാർ റൂമുകൾ ശനിയാഴ്‌ച പൊതുവിദ്യാഭ്യാസ ഡയറക്‌ടറേറ്റിലും ജില്ലകളിൽ വിദ്യാഭ്യാസ ഉപഡയറക്‌ടർ ഓഫീസുകളിലും പ്രവർത്തനമാരംഭിച്ചു. പരീക്ഷ കേന്ദ്രത്തിന്‌ അപേക്ഷിച്ച വിദ്യാർഥികൾമുതൽ അധ്യാപകർവരെ സംശയനിവാരണത്തിനായി വാർ റൂമിലേക്ക്‌ വിളിച്ചു. പരീക്ഷ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന് വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുമായി വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്‌ വീഡിയോ കോൺഫറൻസ് നടത്തി. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ ഷാജഹാൻ, ജില്ലകളിലെ വിദ്യാഭ്യാസ വകുപ്പ് മേധാവികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top