11 October Friday
ഡിസിസി പ്രസിഡന്റ്‌ മുഹമ്മദ്‌ ഷിയാസിന്റെ നേതൃത്വത്തിലാണ്‌ പരാതി ഒതുക്കിയത്‌

വനിതാനേതാവിനോട്‌ ലൈംഗികാതിക്രമം ; ഭീഷണിപ്പെടുത്തി പരാതി പിൻവലിപ്പിച്ചു , പൊലീസ്‌ കേസാകും

വെബ് ഡെസ്‌ക്‌Updated: Thursday Sep 5, 2024


കൊച്ചി
കോൺഗ്രസ്‌ നേതാക്കളിൽനിന്നുണ്ടായ ലൈംഗികാതിക്രമത്തെക്കുറിച്ച്‌ പരാതിപ്പെട്ട ദളിത്‌യുവതിയെ ഭീഷണിപ്പെടുത്തി പരാതി പിൻവലിപ്പിച്ചു. എറണാകുളം ഡിസിസി പ്രസിഡന്റ്‌ മുഹമ്മദ്‌ ഷിയാസിന്റെ നേതൃത്വത്തിലാണ്‌ യുവതിയെ ഭീഷണിപ്പെടുത്തിയത്‌. പരാതിയില്ലെന്ന്‌ എഴുതിവാങ്ങി കേസും ഒതുക്കി. കോൺഗ്രസിൽ പവർ ഗ്രൂപ്പുണ്ടെന്ന സിമി റോസ്‌ബെൽ ജോണിന്റെ വെളിപ്പെടുത്തലിനു പിന്നാലെയാണ്‌  പഞ്ചായത്ത്‌ അംഗവും കോൺഗ്രസ്‌ നേതാവുമായ ദളിത്‌യുവതി രണ്ട്‌ കോൺഗ്രസ്‌ നേതാക്കൾക്കെതിരെ പരാതി ഉന്നയിച്ചത്‌.

ഡിസിസി ജനറൽ സെക്രട്ടറിയും കവളങ്ങാട്‌ പഞ്ചായത്ത്‌ അംഗവുമായ യുവതിയാണ്‌ കോൺഗ്രസ്‌ ബ്ലേക്ക്‌ കമ്മിറ്റി നേതാക്കളായ രണ്ടുപേർക്കെതിരെ ഗുരുതരപരാതി ഉന്നയിച്ചത്‌. ജാതീയമായി അധിക്ഷേപിക്കുന്നുവെന്നും ലൈംഗിക താൽപ്പര്യത്തോടെ ഇടപെടുന്നുവെന്നും പരസ്യമായി ആക്ഷേപിക്കുന്നുവെന്നുമായിരുന്നു പരാതി.
കഴിഞ്ഞ 18നാണ്‌ ഡിസിസി പ്രസിഡന്റിന്‌ പരാതി  എഴുതിനൽകിയത്‌. എന്നാൽ, ഇതുവരെ ഒരന്വേഷണവുമുണ്ടായില്ല.  നിരാശയിലായ യുവതി രാഷ്‌ട്രീയപ്രവർത്തനം അവസാനിപ്പിക്കുന്നതായി ആഗസ്‌ത്‌ 23ന്‌ ഫെയ്‌സ്‌ബുക്‌ പേജിൽ കുറിപ്പിട്ടിരുന്നു. ഇതിനിടെയാണ്‌ യുവതി ഡിസിസിക്ക്‌ നൽകിയ കത്ത്‌ പുറത്തുവന്നത്‌. സിമി റോസ്‌ബെൽ ജോണിന്റെ ആരോപണത്തിനിടെ ഇതും പുറത്തുവന്നത്‌ നേതൃത്വത്തെ ചൊടിപ്പിച്ചു. തുടർന്നാണ്‌ പ്രതിപക്ഷനേതാവ്‌ വി ഡി സതീശന്റെ ഏറ്റവും വിശ്വസ്‌തനായ ഡിസിസി പ്രസിഡന്റ്‌ പരാതി ഇല്ലാതാക്കാൻ ഇറങ്ങിയത്‌. 

ഡിസിസി പ്രസിഡന്റും മറ്റു രണ്ടു നേതാക്കളും കോതമംഗലത്ത്‌ എത്തി യുവതിയെ വിളിച്ചുവരുത്തി പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ടു. കോൺഗ്രസ്‌ പ്രവർത്തകൻകൂടിയായ ഭർത്താവിനൊപ്പം എത്തിയ യുവതിയെ ഭീഷണിപ്പെടുത്തി. ഇതിൽ പ്രതിഷേധിച്ച്‌ ഭർത്താവ്‌ അവിടെനിന്ന്‌ ഇറങ്ങിപ്പോയി. തുടർന്നാണ്‌ യുവതിയിൽനിന്ന്‌ പരാതിയില്ലെന്ന്‌ എഴുതിവാങ്ങിയത്‌.

ഡിസിസി പ്രസിഡന്റിന്റെ നടപടിക്കെതിരെ കോൺഗ്രസിലെ ഒരുവിഭാഗം രംഗത്തുവന്നിട്ടുണ്ട്‌. യുവതിയുടെ പരാതി പൊലീസിന്‌ കൈമാറാതെ ഒതുക്കിയതിനെതിരെ നിയമനടപടിക്കാണ്‌ നീക്കം. യുവതിയെ ഭീഷണിപ്പെടുത്തുമ്പോൾ  ഒരു കെപിസിസി എക്സിക്യൂട്ടീവ് അംഗവും രണ്ട് ബ്ലോക്ക് പ്രസിഡന്റുമാരും ഡിസിസി പ്രസിഡന്റിനൊപ്പമുണ്ടായിരുന്നു. ഇവരെയും പ്രതിചേർത്താകും കേസ്‌ നൽകുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top