03 March Wednesday

കടൽക്കൊല: ഇറ്റലി 10 കോടി രൂപ നഷ്‌ടപരിഹാരം നൽകും

വെബ് ഡെസ്‌ക്‌Updated: Thursday Jan 14, 2021


കൊല്ലം
ഇറ്റാലിയൻ എണ്ണക്കപ്പൽ എന്റിക്ക ലെക്‌സിയിലെ നാവികരുടെ വെടിയേറ്റു രണ്ട്‌ മത്സ്യത്തൊഴിലാളികൾ മരിച്ച കേസിൽ ഇറ്റലി സർക്കാർ 10 കോടി രൂപ നഷ്‌ടപരിഹാരം നൽകും.

മരിച്ച രണ്ട്‌ മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കൾക്ക്‌ നാലു കോടി രൂപ വീതവും തകർന്ന സെന്റ്‌ ആന്റണി ബോട്ടിന്റെ ഉടമയ്‌ക്ക്‌ രണ്ടു കോടി രൂപയുമാണ്‌ നൽകുകയെന്ന്‌ ഡൽഹിയിലെ ഇറ്റാലിയൻ എംബസി കേന്ദ്ര വിദേശമന്ത്രാലയത്തെ അറിയിച്ചു. മരിച്ച മത്സ്യത്തൊഴിലാളി കൊല്ലം തങ്കശ്ശേരി സ്വദേശി വാലന്റൈന്റെ ഭാര്യ ഡോറയെ ബുധനാഴ്‌ച വൈകിട്ട്‌ കൊല്ലം കലക്‌ടറേറ്റിൽ നിന്ന്‌ ഫോണിൽ അറിയിച്ചു.  കന്യാകുമാരി സ്വദേശി അജീഷ്‌ പിങ്കുവാണ്‌ മരിച്ച മറ്റൊരു മത്സ്യത്തൊഴിലാളി. ഇറ്റലിയുടെ തീരുമാനം കേന്ദ്ര സർക്കാർ സത്യവാങ്‌മൂലമായി സുപ്രീംകോടതിയെ അറിയിക്കും. ട്രിബ്യൂണൽ ഉത്തരവ്‌ അംഗീകരിച്ചതായും മരിച്ചവരുടെ ബന്ധുക്കൾ സുപ്രീംകോടതിയെ അറിയിക്കും.

നഷ്‌ടപരിഹാരക്കേസ്‌ അവസാനിപ്പിക്കുകയാണെന്ന്‌ മരിച്ചവരുടെ ബന്ധുക്കളുടെ കത്ത്‌ ഒപ്പം സമർപ്പിക്കും.  കൊല്ലം, കന്യാകുമാരി കലക്ടർമാരെ മരിച്ചവരുടെ ബന്ധുക്കളിൽനിന്ന്‌ കത്തു വാങ്ങാൻ ചുമതലപ്പെടുത്തി‌. മരിച്ചവരുടെ കുടുംബങ്ങൾക്കു നേരത്തെ ഇറ്റാലിയൻ സർക്കാർ ഒരു കോടി രൂപ വീതം നൽകിയിരുന്നു‌.

ആലപ്പുഴ തോട്ടപ്പള്ളി തീരക്കടലിൽ 2012 ഫെബ്രുവരി 15-നാണ്‌ എന്റിക്ക ലെക്‌സി കപ്പലിൽനിന്ന്‌ വെടിവയ്‌പുണ്ടായത്‌. മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന ഇറ്റാലിയൻ നാവികർ സാൽവത്തോറെ ജിറോൺ, മാസിമിലാനോ ലത്തോറെ എന്നിവരെ ഇന്ത്യയിൽ വിചാരണ ചെയ്യാൻ കഴിയില്ലെന്നും മരിച്ചവരുടെ കുടുംബങ്ങൾക്കു നഷ്‌ടപരിഹാരത്തിന്‌ അർഹതയുണ്ടെന്നും 2020 മേയ്‌ 21-ന്‌ രാജ്യാന്തര ട്രിബ്യൂണൽ വിധിച്ചിരുന്നു‌. തുടർന്ന്‌ കേസ്‌ അവസാനിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കേന്ദ്ര സർക്കാർ  സുപ്രീംകോടതിയെ സമീപിച്ചു. നഷ്‌ടപരിഹാരം നൽകാതെ കേസ്‌ അവസാനിപ്പിക്കാനാകില്ലെന്ന്‌ സുപ്രീം കോടതി ശക്‌തമായ നിലപാടെടുത്തു. അതോടെയാണു ബന്ധുക്കളുടെ സമ്മതപ്രകാരം നഷ്‌ടപരിഹാരത്തുക നിശ്‌ചയിച്ചതും അത്‌ കേന്ദ്രസർക്കാർ അംഗീകരിച്ചതും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top