15 May Saturday

ഇഡിക്കെതിരെ അപ്പീൽ സാധ്യത പരിശോധിക്കുന്നു; നിയമോപദേശം തേടും

റഷീദ്‌ ആനപ്പുറംUpdated: Monday Apr 19, 2021

തിരുവനന്തപുരം > മുഖ്യമന്ത്രിക്കെതിരെ വ്യാജ തെളിവുണ്ടാക്കാൻ ശ്രമിച്ചതിന്‌ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റിനെതിരെ ക്രൈംബ്രാഞ്ച്‌ രജിസ്റ്റർ ചെയ്‌ത എഫ്‌ഐആർ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകിയേക്കും. ഇതിനായി സർക്കാർ നിയമോപദേശം തേടും. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ ഹരിൻ പി റാവലിൽനിന്നാകും നിയമോപദേശം തേടുക. ഇഡിക്കെതിരെ സർക്കാരിനു‌വേണ്ടി ഹൈക്കോടതിയിൽ ഹാജരായത്‌ മുൻ അഡീഷണൽ സോളിസിറ്റർ ജനറൽകൂടിയായ ഹരിൻ പി റാവലാണ്‌.  നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാകും അപ്പീൽ നൽകുന്നതിൽ തീരുമാനമെടുക്കുക. മുഖ്യമന്ത്രിയെയടക്കം കേസിൽപെടുത്താൻ വ്യാജ തെളിവുണ്ടാക്കിയ ഇഡിക്കെതിരായ നിയമപോരാട്ടം തുടരാൻതന്നെയാണ്‌ സർക്കാർ തീരുമാനം. ഇതിനായി എല്ലാ സാധ്യതയും സർക്കാർ തേടും.

ഇഡി ഡെപ്യൂട്ടി ഡയറക്ടർ പി രാധാകൃഷ്‌ണനെതിരെ ഗുരുതര പരാതിയാണ്‌ പ്രതികളായ സ്വപ്‌നയും സന്ദീപ്‌ നായരും ഉന്നയിച്ചത്‌. ഇതേത്തുടർന്നാണ്‌ ക്രൈംബ്രാഞ്ച്‌ കേസെടുത്തത്‌. എന്നാൽ, എഫ്‌ഐആറുകൾ റദ്ദാക്കിയെങ്കിലും പ്രതികൾ ഉന്നയിച്ച പരാതി  വിചാരണക്കോടതി പരിശോധിക്കണമെന്ന ഹൈക്കോടതി വിധി രാധാകൃഷ്‌ണന്റെ നിയമവിരുദ്ധ നീക്കത്തിന്‌ കടിഞ്ഞാണിടും. രണ്ട്‌ വനിതാ പൊലീസ്‌ ഉദ്യോഗസ്ഥരുടെ മൊഴിയും വിചാരണക്കോടതിക്ക്‌ പരിശോധിക്കേണ്ടിവരും. സന്ദീപ്‌ നായരുടെ രഹസ്യമൊഴിയും പ്രധാന തെളിവാകും. ഫലത്തിൽ  ഇഡിയുടെ തുടർനടപടി കോടതി നിരീക്ഷണത്തിലേക്ക്‌ മാറും. കേരളത്തിൽ ആദ്യമായാണ്‌ ഒരു കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തിന്‌ ഈ ഗതി.


ബിജെപി ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണ്‌ ഇഡിയുടെ ഓരോ നീക്കവും. ഹൈക്കോടതി വിധിയിൽ ആഹ്ലാദം പ്രകടിപ്പിച്ച്‌  ആദ്യം രംഗത്തുവന്നത്‌ ബിജെപി നേതാക്കളാണ്‌. വർഷങ്ങളായി രാധാകൃഷ്‌ണൻ കൊച്ചിയിൽ തുടരുന്നതിലും ഉന്നത സ്വാധീനമാണെന്ന ആരോപണമുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top