09 August Sunday
നിർമാണം ഉടൻ ആരംഭിക്കും

എൻഡോസൾഫാൻ പുനരധിവാസ ഗ്രാമത്തിന് തറക്കല്ലിട്ടു; ദുരിതബാധിതരെ ചേർത്തു പിടിച്ച് സംസ്ഥാന സർക്കാർ

വെബ് ഡെസ്‌ക്‌Updated: Saturday Jul 4, 2020

പുനരധിവാസ ഗ്രാമത്തിന്റെ ശിലാസ്ഥാപനം മന്ത്രി കെ കെ ശൈലജയുടെ ഓൺലൈൻ സാന്നിധ്യത്തിൽ മന്ത്രി ഇ ചന്ദ്രശേഖരൻ നിർവഹിക്കുന്നു.

ബോവിക്കാനം (കാസർകോട്) > എൻഡോസൾഫാൻ ദുരിത ബാധിതരെ ചേർത്തുപിടിച്ച് സംസ്ഥാന സർക്കാർ.  ദുരിത ബാധിതരുടെ പുനരധിവാസത്തിനായി കാസർകോട് മുളിയാർ പഞ്ചായത്തിൽ സാമുഹ്യ നീതി വകുപ്പിന് കീഴിൽ ആരംഭിക്കുന്ന പുനരാധിവാസ വില്ലേജിന്റെ നിർമാണ ഉദ്ഘാടനം മന്ത്രി മന്ത്രി കെ കെ ശൈലജ നിർവഹിച്ചു. പ്ലാന്റേഷൻ കോർപറേഷനിൽ നിന്ന്  വാങ്ങിയ മുതലപ്പാറയിലെ  25.12 ഏക്കർ സ്ഥലത്ത് 58.75 കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന ഗ്രാമത്തിൽ ദുരിതബാധിതരുടെ ശാരീരികവും മാനസികവുമായ സമഗ്ര പുനരധിവാസം ലക്ഷ്യമാക്കി വിദഗ്ധ ആരോഗ്യ പരിപാലനം, ഫിസിക്കൽ റീഹാബിലിറ്റേഷൻ, തൊഴിൽ പരിശീലനം, വ്യക്ത്യാധിഷ്ഠിതമായ ശാരീരിക മാനസിക വികസനത്തിനുള്ള കോഴ്സുകൾ, ഷോർട്ട് സ്റ്റേ തുടങ്ങിയ കാര്യങ്ങളാണ് നടപ്പിലാക്കുക.

18 വയസ്സിന് താഴെയുള്ളവർക്കായി കെയർഹോം. ശൗചാലയം, ലൈബ്രറി, രണ്ട് റിക്രിയേഷൻ റൂമുകൾ, നാല് ഫിസിയോതെറാപ്പി റൂം, 20 പേർക്ക് ഇരിക്കാൻ സൗകര്യമുളള ക്ലാസ് മുറികൾ, ഡൈനിങ് റൂം, ഡോക്ടർ കൺസൾട്ടിങ് റൂം, പൂന്തോട്ടം എന്നീ സൗകര്യങ്ങളുണ്ടാകും. 18 വയസിന് മുകളിലുള്ളവർക്ക് പ്രത്യേക സംവിധാനം ഒരുക്കും. 12 പേർക്ക് വരെ താമസിക്കാവുന്ന 10 യൂണിറ്റുകളുണ്ടാവും. ഓരോ യൂണിറ്റിലും പ്രത്യേക കിടപ്പ് മുറി, അടുക്കള, റിക്രിയേഷൻ റൂം, രണ്ട് ലൈബ്രറി, വൊക്കേഷണൽ റിഹാബിലിറ്റേഷൻ ഫെസിലിറ്റി, പൂന്തോട്ടം, നാല് ഫിസിയോതെറാപ്പി റൂം, സ്‌കിൽ ഡവലപ്പ്മെന്റ് സെന്റേഴ്സ്, ഡോക്ടർ കൺസൾട്ടിങ് റൂം എന്നീ സൗകര്യങ്ങളുണ്ടാവും. സ്ത്രീകൾക്ക് പ്രത്യേക പരിചരണം നൽകും. തൊഴിൽ സാധ്യത വർധിപ്പിക്കുന്നതിനായി പരിശീലനവും നൽകും.പുതുതായി എത്തുന്ന ഭിന്നശേഷിക്കാർക്ക് പുതിയ അന്തരീക്ഷം വിപരീത ഫലം ഉണ്ടാവുന്നത് ഒഴിവാക്കുന്നതിനായി ഹാഫ് വേ ഹോംസ് സ്ഥാപിക്കും. ഇതിൽ കിടപ്പു മുറി, ശൗചാലയം, സ്റ്റാഫ് ഏരിയ തുടങ്ങിയ സൗകര്യങ്ങളുമേർപ്പെടുത്തും. കിടക്കയിൽ നിന്നെഴുന്നേൽക്കാൻ സാധിക്കാത്തവർക്കും സ്വയം ചലിക്കാൻ പറ്റാത്തവർക്കും പ്രത്യേക പരിചരണത്തിന് സൗകര്യമൊരുക്കും. മലിനജല ശുദ്ധീകരണ പ്ലാന്റ്, ബയോഗ്യാസ് പ്ലാന്റ്, വിന്റ് മിൽ, മഴവെള്ള സംഭരണി, ജൈവകൃഷി, ഔഷധസസ്യങ്ങളുടെ പൂന്തോട്ടം തുടങ്ങിയ  സൗകര്യങ്ങളും  ഗ്രാമത്തിലുണ്ടാകും.

നാലുഘട്ടങ്ങളിലായി പുനരധിവാസ പദ്ധതി പൂർത്തീകരിക്കുന്നതോടെ രാജ്യത്തെ ആദ്യത്തെ മാതൃകാ പദ്ധതിയായി മാറും. ആദ്യഘട്ടത്തിലെ നിർമാണത്തിന് കാസർകോട് വികസന പാക്കേജിൽ നിന്ന് അഞ്ച് കോടി രൂപ അനുവദിച്ചു. നാഷണൽ ഇൻസ്റ്റിറ്റൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷനാണ് സാങ്കേതിക സഹായം നൽകുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റിവ് സൊസൈറ്റിയാണ് പ്രവൃത്തി നടത്തുക. മാർച്ച് 14 ന് നിശ്ചയിച്ച ഉദ്ഘാടനം കോവിഡ്19 വ്യാപനത്തെത്തുടർന്ന് മാറ്റിവെച്ചതായിരുന്നു.

ബോവിക്കാനം എയുപി സ്‌കൂളിൽ നടന്ന ചടങ്ങിൽ മന്ത്രി ശൈലജയുടെ ഓൺലൈൻ സാന്നിധ്യത്തിൽ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ അധ്യക്ഷനായി. കെ കുഞ്ഞിരാമൻ എംഎൽഎ, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമനാ രാമചന്ദ്രൻ, മുളിയാർ പഞ്ചായത്ത് പ്രസിഡന്റ് ഖാലിദ് ബെള്ളിപ്പാടി, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ അഡ്വ എ പി ഉഷ എന്നിവർ സന്നിഹിതരായി. സ്‌പെഷ്യൽ ഓഫീസർ ഇ പി രാജമോഹൻ റിപ്പോർട്ട് അവതരിപ്പിച്ചു.  ജില്ലാ കലക്റ്റർ ഡി സജിത്ത്ബാബു സ്വാഗതം പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top