17 October Thursday

ഇഎംഎസിനെ ആക്ഷേപിച്ച് ചെട്ടികുളങ്ങര ദേവീക്ഷേത്രത്തില്‍ ആത്മീയ പ്രഭാഷണം

വെബ് ഡെസ്‌ക്‌Updated: Monday Feb 11, 2019

മാവേലിക്കര> ചെട്ടികുളങ്ങര ദേവീക്ഷേത്രത്തില്‍ ഇഎംഎസിനെ അധിക്ഷേപിച്ച് പ്രഭാഷണം. ക്ഷേത്രത്തില്‍ പ്രവര്‍ത്തിക്കുന്ന സനാതന ധര്‍മ്മ സേവാസംഘത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന മകരഭരണി മഹോത്സവത്തിന്റെ ഭാഗമായുള്ള ആത്മീയ സമ്മേളന ഉദ്ഘാടന പ്രഭാഷണത്തിലാണ്‌  ഉദ്ഘാടകന്‍ ചടയമംഗലം ജ്ഞാനാനന്ദാശ്രമത്തിലെ  സ്വാമി ദയാനന്ദ സരസ്വതി ഇഎംഎസിനെതിരെ ആക്ഷേപവും പരിഹാസവും ചൊരിഞ്ഞത്.

ഇഎംഎസ് ലോട്ടറി തുടങ്ങിയതും മദ്യ  വ്യവസായത്തിന് അനുമതി നല്‍കിയതും സാംസ്‌കാരിക തകര്‍ച്ചയ്ക്ക് കാരണമായെന്നും ഇ എംഎസിന്റെ ബുദ്ധി രാക്ഷസീയ ബുദ്ധിയാണെന്നും ഇയാള്‍ പറഞ്ഞു. ഇഎംഎസ് കേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രിയായത് കേരളത്തെ തകര്‍ത്തുവെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു. പിന്നാലെ പ്രസംഗിച്ച യജ്ഞാചാര്യന്‍ മണ്ണടി ഹരിയുടെ വാക്കുകളും പ്രകോപനപരവും വര്‍ഗീയ കലാപം ലക്ഷ്യമിട്ടുള്ളതുമായിരുന്നു.

ശബരിമല വിധിക്കു വേണ്ടി കോടതിയെ സമീപിച്ചത് നൗഷാദ് എന്നയാളാണ്.ഇതിന്റെ പിന്നിലെ സാമ്പത്തിക സ്രോതസിനെ പറ്റി അന്വേഷിക്കണം. ശബരിമല തകര്‍ത്തത് മറ്റു ചില സമുദായങ്ങളാണെന്നും ഇയാള്‍ പറഞ്ഞു. ഹിരണ്യകശിപുവിന്റെ കാലത്തിനു ശേഷം നടന്ന ഏറ്റവും വലിയ ലാത്തിച്ചാര്‍ജ്ജാണ് ശബരിമലയിലുണ്ടായതെന്നുമുള്ള വിചിത്രവും പരിഹാസ്യവുമായ പരാമര്‍ശവും ഇയാളുടെ ഭാഗത്തു നിന്നുമുണ്ടായി.

ആത്മീയ പ്രഭാഷണത്തിന്റെ മറവില്‍ ഇരുവരും നടത്തിയ പ്രകോപനപരമായ  പ്രസംഗങ്ങള്‍ വലിയ പ്രതിഷേധമാണ് ക്ഷണിച്ചു വരുത്തിയിരിക്കുന്നത്.

 


പ്രധാന വാർത്തകൾ
 Top