28 May Thursday

ഇ എം എസ്‌ എ കെ ജി ദിനാചരണങ്ങൾക്ക്‌ തുടക്കമായി ; പൊതുയോഗങ്ങളും ആൾക്കൂട്ടവും ഒഴിവാക്കി ദിനാചരണം

വെബ് ഡെസ്‌ക്‌Updated: Friday Mar 20, 2020

നിയമസഭയ്ക്കുമുന്നിലെ ഇ എം എസ്‌ പ്രതിമയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുഷ്‌പചക്രം സമർപ്പിക്കുന്നു


തിരുവനന്തപുരം
ഇന്ത്യയിൽ കമ്യൂണിസ്റ്റ് പാർടിയും തൊഴിലാളിവർഗ പ്രസ്ഥാനവും കെട്ടിപ്പടുക്കാൻ മഹത്തായ സംഭാവനകളർപ്പിച്ച  ഇ എം എസ്‌, എ കെ ജി എന്നിവരുടെ ചരമദിനാചരണത്തിന്‌ സംസ്ഥാനത്ത്‌ തുടക്കമായി.  കോവിഡ്–-19 ദുരന്തത്തിൽനിന്ന്‌ ലോകത്തെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി പ്രകടനങ്ങളും പൊതുയോഗങ്ങളും ഒഴിവാക്കി. രോഗപ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയും പാർടി  ഓഫീസുകൾ അലങ്കരിച്ചും പാർടി പതാക ഉയർത്തിയുമാണ്‌ ആവേശപൂർവം കേരളം ദിനാചരണം സംഘടിപ്പിക്കുന്നത്‌.

വ്യാഴാഴ്‌ച ഇ എം എസ്‌ ദിനാചരണം  സംസ്ഥാനമെങ്ങും സംഘടിപ്പിച്ചു.  ആൾക്കൂട്ടം ഒഴിവാക്കി  എല്ലായിടത്തും രാവിലെ പതാക ഉയർത്തി. തിരുവനന്തപുരത്ത്‌ നിയമസഭയ്‌ക്കുമുന്നിലെ ഇ എം എസ്‌ പ്രതിമയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, പാർടി സംസ്ഥാന സെക്രട്ടറി  കോടിയേരി ബാലകൃഷ്‌ണൻ, സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം ആനത്തലവട്ടം ആനന്ദൻ, ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മന്ത്രി കടകംപള്ളി സുരേന്ദ്രൻ,  എം വിജയകുമാർ, വി ശിവൻകുട്ടി, ഇ എം എസിന്റെ മകൾ ഇ എം രാധ  എന്നിവർ പുഷ്‌പചക്രം അർപ്പിച്ചു.

ലോകത്തിന്‌ മാതൃകയായി  സംസ്ഥാനത്ത്‌ മുന്നേറുന്ന കോവിഡ്‌–-19 പ്രതിരോധ പ്രവർത്തനങ്ങളിൽ   പാർടി പ്രവർത്തകരും ജനങ്ങളും കൂടുതൽ ആവേശത്തോടെ  ഭാഗഭാക്കാകണമെന്ന്‌ കോടിയേരി ബാലകൃഷ്‌ണൻ അഭ്യർഥിച്ചു. നേതാക്കൾ പുഷ്‌പാർച്ചന നടത്തി ഇറങ്ങിയശേഷമാണ്‌ ആരോഗ്യ പ്രോട്ടോകോൾ പാലിച്ച്‌ പ്രവർത്തകർ  ഓരോരുത്തരായി പാർക്കിലേക്ക്‌ പുഷ്‌പാർച്ചനയ്‌ക്കായി പ്രവേശിപ്പിച്ചത്‌.

എ കെ ജി സെന്ററിൽ പാർടി കേന്ദ്ര കമ്മിറ്റി അംഗം എം വി ഗോവിന്ദൻ പതാക ഉയർത്തി. ദേശാഭിമാനി ആസ്ഥാനത്ത്‌ ചീഫ്‌ എഡിറ്റർ പി രാജീവ്‌ പതാക ഉയർത്തി.  എ കെ ജി ദിനമായ 22വരെ  ദിനാചരണ പ്രവർത്തനങ്ങൾ നടക്കും.


 

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top