05 July Tuesday

സില്‍വര്‍ ലൈൻ ‘സമരഭൂമി’കളിൽ എല്‍ഡിഎഫിന് ഉജ്ജ്വലവിജയം: വികസനത്തിനൊപ്പം എന്ന്‌ ജനങ്ങൾ

വെബ് ഡെസ്‌ക്‌Updated: Thursday May 19, 2022
തിരുവനന്തപുരം> സിൽവർ ലൈനിനെതിരെ  അക്രമാസക്ത സമരം സംഘടിപ്പിച്ചിടത്തെല്ലാം തദ്ദേശഭരണ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന്‌ തിരിച്ചടി.   പന്ത്രണ്ട് ജില്ലകളിലെ 42 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക്‌ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സില്‍വര്‍ലൈന്‍ പദ്ധതി കടന്നു പോകുന്ന ഇടങ്ങളില്‍ എല്ലാം ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഉജ്ജ്വല വിജയം. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ ിീ പ്രവണത ശക്തം. സിൽവർലൈനിനെതിരായ വികസനവിരുദ്ധ രാഷ്‌ട്രീയസമരം ജനങ്ങൾ തള്ളിയതായി വ്യക്തമാക്കുന്നതാണ്‌ ഫലങ്ങൾ.

തിരുവനന്തപുരം ജില്ലയിലെ നാവായിക്കുളം പഞ്ചായത്തിലെ മരുതിക്കുന്ന് വാര്‍ഡില്‍ ശക്തമായ ചതുഷ്‌കോണ മത്സരത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നേടിയ വിജയം കെ റെയില്‍ വിരുദ്ധ സമരത്തെ ജനങ്ങള്‍ നിരാകരിച്ചതിന്റെ തെളിവായി. ഇവിടെ കല്ലിടാനെത്തിയ ഉദ്യോ​ഗസ്ഥരെ അതിന് അനുവദിക്കാതെ സമരക്കാർ മൂന്ന് തവണ തടസം സൃഷ്ടിച്ചിരുന്നു.

കെ റെയില്‍ കടന്നു പോകുന്ന എറണാകുളം ജില്ലയിലെ കുന്നത്തുനാട്  പഞ്ചായത്തിലെ 11-ാം വാര്‍ഡ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തായിരുന്ന എല്‍ഡിഎഫ് ഇത്തവണ മിന്നുന്ന ജയമാണ് നേടിയത്. റെയിലിനെതിരെ ഏറെ കോലാഹലം നടന്ന മലപ്പുറം ജില്ലയിൽ പാത കടന്നു പോകുന്ന വള്ളിക്കുന്ന് പഞ്ചായത്തിലെ പരുത്തിക്കാട് വാര്‍ഡ് 280 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് യുഡിഎഫില്‍ നിന്ന് പിടിച്ചെടുത്തു. അതുപോലെ കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ നഗരസഭയിലെ ഒന്‍പതാം വാര്‍ഡായ് മുതിയിലത്തും മുഴുപ്പിലങ്ങാട് പഞ്ചായത്തിലെ തെക്കേക്കുന്നുംപുറം വാര്‍ഡും എല്‍ഡിഎഫ് മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ചു. കെ റെയില്‍ കടന്നുപോകുന്ന പ്രദേശങ്ങൾ ഉൾപ്പെടുന്നതാണ് ഈ രണ്ട് തദ്ദേശ സ്ഥാപനങ്ങളും. പയ്യന്നൂരില്‍ യുഡിഎഫ്, ബിജെപി  സ്ഥാനാര്‍ത്ഥികള്‍ക്ക്  കെട്ടിവെച്ച കാശ്‌പോലും കിട്ടിയില്ല എന്നു മാത്രമല്ല എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സിപിഐ എമ്മിലെ പി ലതയുടെ ഭൂരിപക്ഷം വര്‍ധിക്കുകയും ചെയ്തു. കഴിഞ്ഞ തവണ 644 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നത് ഇത്തവണ 828 ആയി വര്‍ധിച്ചു.

തെരഞ്ഞെടുപ്പ്‌ അടുത്തപ്പോൾ മുഴപ്പിലങ്ങാട്‌ പഞ്ചായത്തിലേക്ക്‌ പുറമെനിന്ന്‌ ആളുകളെയെത്തിച്ചായിരുന്നു യുഡിഎഫിന്റെ കല്ലുപറിക്കൽ സമരം. മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ കല്ലിടൽ തടഞ്ഞുവെന്ന തരത്തിലായിരുന്നു ചാനലുകളും യുഡിഎഫും കഥകൾ പ്രചരിപ്പിച്ചത്‌.  കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനടക്കം ക്യാമ്പ്‌ ചെയ്‌തായിരുന്നു പ്രവർത്തനം. എൽഡിഎഫ്‌ –-6, യുഡിഎഫ്‌–- 5, എസ്‌ഡിപിഐ 4 എന്നിങ്ങനെയായിരുന്നു പഞ്ചായത്തിലെ കക്ഷിനില. ഒരംഗം രാജിവെച്ചതോടെ എൽഡിഎഫിന്‌ അഞ്ചുസീറ്റായി. ഇതോടെയാണ്‌ ഭരണം പിടിക്കാൻ കെ റെയിൽ കല്ലുപറിക്കൽ കൊഴുപ്പിക്കലടക്കമുള്ള സകല അടവും യുഡിഎഫ്‌ പയറ്റിയത്‌.  കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി 141 വോട്ട്‌ നേടിയത്‌ ഇക്കുറി 36ൽ ഒതുങ്ങി.

 യുഡിഫ് നേതൃത്വത്തിൽ  കെ റെയിൽ സമരങ്ങൾ ആദ്യം അരങ്ങേറിയത് കൊല്ലം ജില്ലയിലെ കൊട്ടിയത്തായിരുന്നു. ചാനൽ ക്യാമറകൾക്കു വേണ്ടി കോൺ​ഗ്രസ് നേതാക്കൾ മത്സരിച്ചതും ഇവിടെയായിരുന്നു. കല്ല് സ്ഥാപിക്കാനെത്തിയ ഉദ്യോ​ഗസ്ഥരെ തടഞ്ഞതും ചാനലുകൾ മണിക്കൂറുകളോളം ലൈവ് നൽകുകയും അന്തി ചർച്ച നടത്തുകയും ചെയ്തത് ഈ പ്രദേശത്തെ സമരത്തെ തുടർന്നായിരുന്നു. എന്നാൽ ഇതേ കൊല്ലം ജില്ലയിൽ തദ്ദേശ ഉപതെരഞ്ഞെടുപ്പ് നടന്ന ആറ് വാർഡുകളിൽ അഞ്ചും എൽഡിഎഫ് നേടി. യുഡിഎഫിൽ നിന്ന് രണ്ട് വാർഡുകളും ബിജെപിയിൽ നിന്ന് ഒരു വാർഡും പിടിച്ചെടുക്കുകയും ചെയ്തു.

വികസനത്തെയും ജനക്ഷേമ പ്രവര്‍ത്തനങ്ങളെയും രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തില്‍ ജനങ്ങള്‍ കൈയ്യടിച്ച് അംഗീകരിക്കുന്നു എന്നതാണ് ഈ വിജയത്തിന്റെ അടിസ്ഥാനമെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു. ഒപ്പം കെ റെയിലിനെതിരെ നടക്കുന്ന യുഡിഎഫ് മഴവില്‍ സഖ്യത്തിന്റെ കുപ്രചരണങ്ങളെ കേരളം തള്ളിക്കളയുന്നു എന്നതിന്റെ തെളിവ് കൂടിയായി തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ സില്‍വര്‍ ലൈന്‍ കടന്നു പോകുന്ന പ്രദേശങ്ങളില്‍ എല്‍ഡിഎഫ് നേടിയ ഉജ്ജ്വല വിജയം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top