21 November Thursday

ആനക്കൊമ്പ് പിടിച്ച സംഭവം: പ്രത്യേക പൊലീസ് സംഘം അന്വേഷിക്കണമെന്ന് ഹര്‍ജി

വെബ് ഡെസ്‌ക്‌Updated: Saturday Oct 12, 2019

കൊച്ചി > നടൻ മോഹൻലാലിന്റെ വസതിയിൽനിന്ന് പിടിച്ചെടുത്ത ആനക്കൊമ്പുകൾക്ക് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നൽകിയ വനംവകുപ്പ് നടപടി എഡിജിപി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ നേതൃത്വം നൽകുന്ന പ്രത്യേക സംഘം അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. അന്വേഷണത്തിന് കോടതി മേൽനോട്ടം വഹിക്കണമെന്നും പത്തനംതിട്ട കലഞ്ഞൂർ സ്വദേശിയായ ജമേഷ് മാത്യു നൽകിയ ഹർജിയിൽ പറയുന്നു. വനംവകുപ്പ് നൽകിയ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് റദ്ദാക്കി ആനക്കൊമ്പുകളും ആനക്കൊമ്പിൽ തീർത്ത 13 കലാരൂപങ്ങളും പിടിച്ചെടുക്കാൻ സർക്കാരിന്‌ നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

മോഹൻലാലിന്റെ വസതിയിൽ ആദായനികുതിവകുപ്പ് നടത്തിയ പരിശോധനയിലാണ് രണ്ട് ജോഡി ആനക്കൊമ്പുകളും ആനക്കൊമ്പിൽ തീർത്ത 13 കലാരൂപങ്ങളും കണ്ടെത്തിയത്. ആദായനികുതിവകുപ്പ് വിവരം നൽകിയതനുസരിച്ച് വനംവകുപ്പ് കേസെടുത്തെങ്കിലും ആനക്കൊമ്പുകളും കലാരൂപങ്ങളും പിടിച്ചെടുത്തിരുന്നില്ല.  2016ൽ വനംവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റും ചേർന്ന് ആനക്കൊമ്പുകൾക്ക് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നൽകിയെന്ന് ഹർജിയിൽ പറയുന്നു. കംപ്ട്രോളർ ആൻഡ് ഓഡിറ്റ് ജനറൽ (സിഎജി) റിപ്പോർട്ടിൽ ഇതിലെ അപാകം ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. 

ആനക്കൊമ്പിലുള്ള കലാരൂപങ്ങൾ കൈവശം വച്ചതിന് കേസെടുത്തില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു. ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നൽകിയത് നിയമവിരുദ്ധമാണ്. ഇത്തരം ഒരു നടപടിയിൽ വിശദമായ അന്വേഷണം വേണമെന്നും ആനക്കൊമ്പിൽ തീർത്ത കലാരൂപങ്ങൾ അനുമതിയില്ലാതെ കൈവശം വച്ചതിന് കേസെടുക്കണമെന്നും ഹർജിയിൽ പറയുന്നു.


പ്രധാന വാർത്തകൾ
 Top