20 October Sunday

മോഡിനയം ബിഎംഎസിനും സഹിക്കാനാവുന്നില്ല: എളമരം കരീം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 3, 2019

കണ്ണൂർ >  ആർഎസ്‌എസ്‌ നിയന്ത്രിക്കുന്ന ബിഎംഎസിനുപോലും അംഗീകരിക്കാൻ പറ്റാത്ത സ്വകാര്യവൽക്കരണ നയമാണ്‌ മോഡിസർക്കാർ  രാജ്യത്ത്‌ നടപ്പാക്കുന്നതെന്ന്‌ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം പറഞ്ഞു. ഭ്രാന്തമായ സ്വകാര്യവത്‌കരണമെന്നാണ്‌  മോഡിയുടെ നയത്തെ   ബിഎംഎസ്‌ വിശേഷിക്കുന്നത്‌. ആയുധക്കമ്പനികൾ സ്വകാര്യവത്‌കരിക്കുന്നതിനെതിരെയും ബാങ്ക്‌ ലയനത്തിനെതിരെയും ബിഎംഎസ്‌ പ്രക്ഷോഭത്തിനിറങ്ങുകയാണ്‌. ട്രേഡ്‌ യൂണിയനുകളുടെ  യോജിച്ച സമരത്തിൽനിന്ന്‌ വിട്ടുനിന്നതിൽ അവർ ഇപ്പോൾ ഖേദിക്കുകയാണ്‌. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്‌ ഇലക്‌ട്രിസിറ്റി എംപ്ലോയീസ്‌ ഫെഡറേഷൻ ഓഫ്‌ ഇന്ത്യ കണ്ണൂർ ഹെഡ്‌ പോസ്‌റ്റോഫീസിനുമുന്നിൽ  നടത്തിയ  ധർണ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
  
 ബിജെപി സർക്കാരിനെതിരായ സമരം ശക്തിപ്പെടുകയാണ്‌. വൈദ്യുതി ഉൽപാദന, വിതരണ മേഖലയിലെ  തൊഴിലാളികൾ ഒന്നിച്ചണിനിരന്ന്‌ സമരം നടത്തിയാൽ അതിനെ നേരിടൽ എളുപ്പമല്ല. യുപിയിൽ സ്വകാര്യവത്‌കരണത്തിനെതിരെ വൈദ്യുതി ജീവനക്കാർ സമരം നടത്തിയപ്പോൾ അവിടുത്തെ ബിജെപി സർക്കാരിന്‌ മുട്ടുമടക്കേണ്ടിവന്നു.
 
 കേരളത്തിൽ വലിയ പ്രളയമുണ്ടായ രണ്ടു വർഷവും വൈദ്യുതിബന്ധം പുനഃസ്ഥാപിക്കുന്നതിൽ ജീവനക്കാർ നടത്തിയ സേവനം രാജ്യത്തിന്‌ മാതൃകയാണ്‌.  കേരളത്തിൽ പ്രളയം വന്നപ്പോൾ തമിഴ്‌നാടും ആന്ധ്രാപ്രദേശും സഹായിച്ചു.  കേരളം തിരിച്ചങ്ങോട്ടും സഹായിച്ചുണ്ട്‌. പൊതുമേഖലയിൽ പ്രവർത്തിക്കുന്നതുകൊണ്ടാണ്‌ ഈ സഹകരണമുണ്ടാവുന്നത്‌. വൈദ്യുതി മേഖലയിൽ സമ്പൂർണ സ്വകാര്യവത്‌കരണത്തിനുള്ള ബില്ല്‌  കേന്ദ്രസർക്കാർ തയാറാക്കിവച്ചിട്ടുണ്ട്‌.   ഭൂരിപക്ഷമുള്ളതിനാൽ എന്തും പാസാക്കാം. ലാഭമുള്ള പൊതുമേഖലാ കമ്പനികളാണ്‌ വിറ്റുതുലയ്‌ക്കുന്നത്‌. യോജിച്ച സമരങ്ങളിലൂടെ കേന്ദ്രസർക്കാരിന്റെ നയങ്ങൾ തിരുത്തിക്കാൻ കഴിയുമെന്നും എളമരം കരീം പറഞ്ഞു.


പ്രധാന വാർത്തകൾ
 Top