26 January Wednesday

എല്ലാവർക്കും ഇ‐ഹെല്‍ത്ത് റെക്കോര്‍ഡ്; ആശുപത്രികളിൽ ക്യൂ മാനേജ്‌മെന്റ് സിസ്റ്റം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Nov 22, 2021

തിരുവനന്തപുരം > രോഗികള്‍ക്ക് ഡോക്‌ടറെ കാണുന്നതിനുള്ള തിരക്കൊഴിവാക്കുന്നതിന് ഫലപ്രദമായ ക്യൂ മാനേജ്‌മെന്റ് സിസ്റ്റം ഇ‐ഹെല്‍ത്ത് പദ്ധതി നടപ്പാക്കിയിട്ടുള്ള എല്ലാ ആശുപത്രികളിലും ലഭ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുവഴി ഒപി യിലെ തിരക്ക് ഫലപ്രദമായി നിയന്ത്രിക്കാനാവും. അതുപോലെതന്നെ മറ്റേതെങ്കിലും ആശുപത്രിയിലേക്ക് ഒരു രോഗിയെ റഫര്‍ ചെയ്യുന്ന പക്ഷം അവര്‍ക്ക് മുന്‍കൂര്‍ ടോക്കണ്‍ ലഭ്യമാക്കാനും ഈ സൗകര്യം വഴി കഴിയും. ഓണ്‍ലൈന്‍ അപ്പോയ്‌ന്‍മെന്റ് എടുക്കുന്നതിനുള്ള സൗകര്യവും ഇ ഹെല്‍ത്ത് പോര്‍ട്ടല്‍ വഴി ലഭ്യമാണ്.

രോഗികള്‍ക്ക് വീട്ടിലിരുന്നുതന്നെ ഡോക്‌ടറെ വീഡിയോകോള്‍ മുഖേന കണ്ട് ചികിത്സ തേടുന്നതിനുള്ള ടെലിമെഡിസിന്‍ സംവിധാനവും ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിവിധ ജില്ലകളിലായി 50 ആശുപത്രികളിലെ ഇ‐ഹെല്‍ത്ത് സംവിധാനം, എല്ലാ ജില്ലകളിലും വെര്‍ച്ച്വല്‍ ഐടി കേഡര്‍, ചികിത്സാ രംഗത്തെ കെ ഡിസ്‌കിന്റെ ഡയബറ്റിക് റെറ്റിനോപ്പതിക്ക് വേണ്ടിയുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള ഓട്ടോമേറ്റഡ് റെറ്റിനല്‍ ഇമേജ് ക്വാളിറ്റി അസെസ്‌മെന്റ് ആൻഡ്‌ ഫീഡ്ബാക്ക് ജനറേഷന്‍, ബ്ലഡ് ബാഗ് ട്രെയ്‌സിബിലിറ്റിയും അനുബന്ധ രക്ത സംഭരണ കേന്ദ്രങ്ങള്‍, ബ്ലോക്ക്‌ചെയിന്‍ അധിഷ്ഠിത വാക്‌സിന്‍ കവറേജ് അനാലിസിസ് സിസ്റ്റം എന്നീ നൂതന പദ്ധതികള്‍ എന്നിവ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ഓരോ പൗരനും ഓരോ ഇലക്‌ട്രോണിക് ഹെല്‍ത്ത് റെക്കോര്‍ഡ് എന്നതാണ് ലക്ഷ്യം. ഒരു വ്യക്തിയുടെ ജനനം മുതല്‍ മരണം വരെയുള്ള എല്ലാ ചികിത്സാരേഖകളും ഇതുമായി ലിങ്കുചെയ്ത് സൂക്ഷിക്കും. ഏതു സര്‍ക്കാര്‍ ആശുപത്രിയിലും ഈ രേഖകള്‍ ചികിത്സയുടെ സമയത്ത് ലഭ്യമാക്കാനും കഴിയും. 311 ആശുപത്രികളില്‍ ഇതിനോടകം തന്നെ ഇ‐ഹെല്‍ത്ത് പദ്ധതി നടപ്പാക്കി കഴിഞ്ഞിട്ടുണ്ട്. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള സ്ഥാപനങ്ങളില്‍ ഉണ്ടായ ഭൗതിക മാറ്റങ്ങള്‍ ഇ‐ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കുന്നതിന് സഹായകരമായിട്ടുണ്ട്. ഈ പദ്ധതി ഇപ്പോള്‍ 50 ആശുപത്രികളിലേക്കു കൂടി വ്യാപിപ്പിക്കുകയാണ്. ഇതിനുപുറമെ 349 ആശുപത്രികളില്‍ക്കൂടി ഇ‐ഹെല്‍ത്ത് പദ്ധതി നടപ്പാക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്. ഇതിന് പുറമേ 349 ആശുപത്രികളില്‍ കൂടി ഇ‐ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കുന്നതിന് അനുമതിയും നല്‍കി.

കഴിഞ്ഞ അഞ്ചുവര്‍ഷക്കാലയളവില്‍ നൂറുകോടിയോളം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ഈ പദ്ധതിക്കായി ചെലവഴിച്ചത്. ആകെയുള്ള 1,284 സര്‍ക്കാര്‍ ആശുപത്രികളില്‍ 707 സര്‍ക്കാര്‍ ആശുപത്രികളില്‍ ഈ സംവിധാനം അടുത്തുതന്നെ പൂര്‍ണമായും ലഭ്യമാകും. ശേഷിക്കുന്ന 577 ആശുപത്രികളില്‍ കൂടി ഇ‐ഹെല്‍ത്ത് സോഫറ്റ് വെയര്‍ പൂര്‍ണതോതില്‍ വികസിപ്പിച്ച് സമ്പൂര്‍ണ ഇഹെല്‍ത്ത് പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ സമ്പന്നര്‍ക്ക് മാത്രം ചികിത്സ ലഭിക്കുകയും സാധാരണക്കാര്‍ ചികിത്സകിട്ടാതെ തെരുവില്‍ അലയുകയും ചെയ്യുന്ന ചിത്രം നമ്മുടെ മുന്നിലുള്ളതാണ്. പക്ഷെ നമ്മുടെ സംസ്ഥാനത്ത് ആരെയും സര്‍ക്കാര്‍ കൈവിട്ടിട്ടില്ല. എല്ലാവരെയും ചേര്‍ത്തു പിടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജനങ്ങളുടെ ആരോഗ്യവും വിദ്യാഭ്യാസവും അടക്കമുള്ള എല്ലാ അടിസ്ഥാന ആവശ്യങ്ങളും നിറവേറ്റുക എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമായാണ് സര്‍ക്കാര്‍ കാണുന്നത്. അതിന്റെ ദൃഷ്ടാന്തമാണ് ഇ‐ഹെല്‍ത്ത് പദ്ധതി കൂടുതല്‍ ആശുപത്രികളിലേക്ക് വ്യാപിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top