തിരുവനന്തപുരം
വേനൽക്കാലത്തെ അധിക വൈദ്യുതി ഉപയോഗത്തിന് കൊള്ളനിരക്ക് ഈടാക്കാനുള്ള കേന്ദ്ര തീരുമാനം സംസ്ഥാനത്ത് നടപ്പാക്കില്ല. തിരക്കേറിയ സമയത്തെ (പീക് ടൈം) അമിത വൈദ്യുതി ഉപയോഗത്തിനാണ് നിരക്ക് കൂട്ടാൻ സ്വകാര്യ കമ്പനികൾക്ക് കേന്ദ്രം അനുമതി നൽകിയത്.
എത്ര ഉയർന്ന തുകയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടിവന്നാലും അധിക നിരക്ക് ഈടാക്കേണ്ടെന്നാണ് കെഎസ്‌ഇബിയുടെ തീരുമാനം. വൈദ്യുതി ഉപയോഗം കുതിക്കുന്ന സാഹചര്യത്തിലും സംസ്ഥാനത്ത് പ്രതിസന്ധിയില്ല. വിതരണം തടസ്സപ്പെടാതിരിക്കാനുള്ള ജാഗ്രതവേണമെന്ന് മന്ത്രി കെ കൃഷ്‌ണൻകുട്ടി ബോർഡിന് നിർദേശം നൽകി. ഡാമിലെ ജലനിരപ്പ് നിരീക്ഷിക്കാനും നിർദേശിച്ചിട്ടുണ്ട്. മഴക്കാലത്ത് തിരിച്ചു നൽകാമെന്ന വ്യവസ്ഥയിൽ (ബാങ്കിങ് സിസ്റ്റം) പഞ്ചാബ്, ഡൽഹി എന്നിവിടങ്ങളിൽനിന്ന് 250 മെഗാവാട്ടും ഹ്രസ്വകാല കരാറിൽ പവർ എക്‌സ്‌ചേഞ്ചിൽനിന്ന് 200 മെഗാവാട്ടുംകൂടി വാങ്ങും. എന്നിട്ടും തികഞ്ഞില്ലെങ്കിലേ യൂണിറ്റിന് 50 രൂപ നിരക്കുള്ള ഹൈ പവർ എക്‌സ്‌ചേഞ്ചിൽനിന്ന് വാങ്ങൂ.
മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിലെ പീക് ടൈമിൽ 2021ൽ 4200 മെഗാവാട്ടും 2022ൽ 4500 മെഗാവാട്ടുമാണ് ഉപയോഗിച്ചിരുന്നതെങ്കിൽ മാർച്ചിലെ ഏറ്റവും വലിയ ഉപയോഗം 4287 ആണ്. ഏറ്റവും കൂടുതൽ ചൂടുള്ള ഏപ്രിലിൽ ഇത് 4700 കടക്കും. വേനൽമഴ കനിയുന്നില്ലെങ്കിൽ മേയിൽ അധികവൈദ്യുതി പുറത്തുനിന്ന് വാങ്ങും. നാലിരട്ടി തുക നൽകി ഹൈ പവർ എക്‌സ്‌ചേഞ്ചിൽനിന്ന് വാങ്ങേണ്ടിവന്നാലും അധിക ബാധ്യത കെഎസ്‌ഇബി വഹിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..