18 August Sunday

കന്നിക്കാരും കരുതിത്തന്നെ

വെബ് ഡെസ്‌ക്‌Updated: Saturday Apr 20, 2019

ഇടുക്കി
ജനാധിപത്യ പ്രക്രിയയിൽ ഭാഗമാകാൻ തയ്യാറെടുത്ത് കന്നിക്കാരും. വിദ്യാഭ്യാസ കാലം പിന്നിട്ടവരും വിദ്യാർഥികളും ഉൾപ്പെടുന്ന സമൂഹവും എല്ലാം കാണുകയും അറിയുകയും ചെയ്യുന്നുണ്ട്. ഒരു പക്ഷെ, നവമാധ്യമരംഗം വഴി കൂടുതൽ പ്രതികരിക്കുന്നതും ട്രോളുകൾ തയ്യാറാക്കി വിടുന്നതും അവരാകാം. സമൂഹത്തിൽ വർധിച്ചുവരുന്ന അനീതിക്കും അരുതായ‌്മയ‌്ക്കും എതിരെ ക്ഷുഭിത യൗവനം പ്രതികരിക്കാൻ തയ്യാറെടുത്തു കഴിഞ്ഞു. മണ്ഡലത്തിൽ ഇത്തവണ 18,860 കന്നി വോട്ടർമാരാണ് ഏഴ് നിയമസഭാ പരിധിയിലുള്ളത്.  തെരഞ്ഞെടുപ്പിൽ ഇതും വളരെ നിർണായകമാവും. പുതുതലമുറ മനസ്സും ചിന്തയും പങ്കുവയ‌്ക്കുന്നു.

നിലപാടുള്ള ഇടതുപക്ഷത്തിന‌് എന്റെ വോട്ട‌്

തൊടുപുഴ > ഇടതുപക്ഷം എന്നും ജനങ്ങൾക്ക‌് ഒപ്പമാണ‌്. ശക്തവും കൃത്യവുമായ നിലപാടിനൊപ്പം വർഗീയതയുടെ കപടമുഖത്തെ എതിർത്ത‌് മതനിരപേക്ഷ രാഷ‌്ട്രമായി ഇന്ത്യയെ നിലനിർത്താനുള്ള ഇടതുപക്ഷത്തിന്റെ പോരാട്ടത്തോടൊപ്പം നിൽക്കാൻ അഭിമാനബോധമുള്ള യുവതയോടൊപ്പം ഞാനുമുണ്ട‌്– മൂന്നാറിൽ വിദ്യാർഥിയായ രേഷ‌്മ ആൻ വർഗീസ‌് പറഞ്ഞു. ന്യൂനപക്ഷങ്ങൾക്കും സ‌്ത്രീകൾക്കും ദളിത‌് വിഭാഗങ്ങൾക്കുംവേണ്ടി ശക്തമായ നിലപാട‌് സ്വീകരിക്കുന്ന ഇടതുപക്ഷത്തിന‌് തന്നെയാണ‌് എന്റെ കന്നിവോട്ട‌്.

പിണറായി സർക്കാരിന‌് എന്റെ വോട്ട‌്


കരിമണ്ണൂർ > കേരളത്തിൽ ജനിച്ചതുകൊണ്ട‌് മാത്രമാണ് തനിക്ക് ബിഎ ഡിഗ്രി എടുക്കാൻ കഴിഞ്ഞതെന്ന് വിശ്വസിക്കുന്ന ആളാണ് താനെന്ന‌് ജെസ്ന. കർഷകത്തൊഴിലാളികളായ രക്ഷിതാക്കൾക്ക് തന്നെ പരമ്പരാഗത തൊഴിലിന് വിടാതെ പരമാവധി പഠിപ്പിക്കാൻ കഴിയുന്നു. കേരളത്തിൽ ഇടതുപക്ഷ പാർടികളുടെ ശക്തമായ സാന്നിധ്യമുള്ളതുകൊണ്ടാണ് മറ്റ് പല മേഖലയിലുമെന്നപോലെ വിദ്യാഭ്യാസ മേഖലയിലും നേട്ടങ്ങൾ ഉണ്ടാക്കാനായത്.

കേരളത്തിലെ എൽഡിഎഫ് സർക്കാരിന്റെ നന്മകളെ കാണാതെ പോകാനാവില്ല. കേരളത്തെ പിന്നോട്ടടിക്കാനാണ് ബിജെപിക്കൊപ്പം കോൺഗ്രസ് പാർടിയും ശ്രമിക്കുന്നത്. ഇത് മനസ്സിലാക്കിയാണ് ഞാനെന്റെ ആദ്യ വോട്ട് എൽഡിഎഫ് സ്ഥാനാർഥി ജോയ്സ് ജോർജിന് നൽകാൻ തീരുമാനിച്ചിട്ടുള്ളത്.

വർഗീയതയെ ചെറുക്കാൻ ഇടതുമുന്നേറ്റം അനിവാര്യം


തൊടുപുഴ> ജനതാൽപര്യം സംരക്ഷിച്ച‌് വർഗീയ ഫാസിസത്തിന്റെ മുന്നേറ്റം തടയാൻ കഴിയുന്നത‌് ഇടതുപക്ഷത്തിനാണെന്ന‌് ഞാൻ മനസ്സിലാക്കുന്നു. കുമളിയിലെ ജേർണലിസം വിദ്യാർഥിനി രേഷ‌്മ കെ സജീവ‌്. രാഷ‌്ട്രീയ–-- സാമ്പത്തിക നയങ്ങളുടെ കാര്യത്തിലും വർഗീയതയെ ചെറുക്കുന്നതിലും വ്യക്തമായ കാഴ‌്ചപ്പാടും ബദലും ഇടതുപക്ഷത്തിനുണ്ട‌്. വർഗീയതയെ അകറ്റി നിർത്തി മനുഷ്യൻ എന്ന ഒറ്റ വർഗത്തെക്കുറിച്ചാണ‌് ഇക്കാലത്ത‌് യുവജനങ്ങൾ പഠിക്കേണ്ടതും മനസ്സിലാക്കേണ്ടതുമെന്നതാണ‌് എന്റെ നിലപാട‌്. അതുകൊണ്ടുതന്നെ, അടിസ്ഥാന വർഗത്തിനൊപ്പം നിൽക്കുന്ന ഇടതുപക്ഷത്തിനാണ‌് എന്റെ കന്നിവോട്ടെന്നും രേഷ‌്മ കെ സജീവ‌് പറഞ്ഞു.



 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top