25 June Tuesday

ആദ്യം വിവിപാറ്റ് എണ്ണണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍; തീരുമാനം നാളെ

വെബ് ഡെസ്‌ക്‌Updated: Tuesday May 21, 2019


ന്യൂഡൽഹി
ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യതയെച്ചൊല്ലി രാജ്യവ്യാപകമായി സംശയമുയരുന്ന സാഹചര്യത്തില്‍  22 പ്രതിപക്ഷ രാഷ്ട്രീയ പാർടികൾ കേന്ദ്ര തെരഞ്ഞെടുപ്പ‌് കമീഷനെ കണ്ട് ആശങ്ക അറിയിച്ചു. ഡല്‍ഹിയിലെ കോൺസ‌്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ പ്രത്യേക യോഗം ചേർന്ന‌് സ്ഥിതി​ഗതികള്‍ വിലയിരുത്തിയ പ്രതിപക്ഷ പാർടികളുടെ പ്രതിനിധികൾ തെരഞ്ഞെടുപ്പ‌് കമീഷനെ കണ്ട് പ്രധാന നിര്‍ദേശങ്ങള്‍ അടങ്ങിയ നിവേദനം സമര്‍പ്പിച്ചു. വോട്ടിങ‌് യന്ത്രങ്ങളിലെ വോട്ടുകളുടെ എണ്ണവും വിവിപാറ്റ് രസീതുകളുടെ  എണ്ണവും തുല്യമാണോയെന്ന പരിശോധന വോട്ടെണ്ണലിന്റെ തുടക്കത്തിൽത്തന്നെ വേണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു. യന്ത്രങ്ങളിലെ വോട്ടും വിവിപാറ്റുകളുടെ എണ്ണവും തമ്മിൽ പൊരുത്തക്കേടുണ്ടെങ്കില്‍ ആ നിയമസഭാ മണ്ഡലത്തിലെ മുഴുവൻ വിവിപാറ്റുകളും എണ്ണണമെന്നും ആവശ്യപ്പെട്ടു. ബുധനാഴ‌്ച ചേരുന്ന യോഗത്തിൽ ഇക്കാര്യങ്ങള്‍ പരിഗണിക്കാമെന്ന് തെരഞ്ഞെടുപ്പ‌് കമീഷൻ പ്രതിപക്ഷ നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന‌് വോട്ടുയന്ത്രങ്ങൾ വാഹനങ്ങളിലും മറ്റും കടത്തുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും മറ്റും വ്യാപകമായി പ്രചരിക്കപ്പെട്ട സാഹചര്യത്തിലാണ‌് പ്രതിപക്ഷ നേതാക്കൾ വീണ്ടും തെരഞ്ഞെടുപ്പ‌് കമീഷനെ കണ്ടത‌്.

കോൺസ‌്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ ചേർന്ന പ്രതിപക്ഷപാർടികളുടെ യോ​ഗത്തില്‍ സീതാറാം യെച്ചൂരി, അരവിന്ദ‌് കെജ‌്‌രിവാൾ, അഹമദ‌് പട്ടേൽ, ഗുലാംനബി ആസാദ‌്, അശോക‌് ഗെലോട്ട‌്,  മനു അഭിഷേക‌് സിങ‌്‌വി, ഡി രാജ,  ചന്ദ്രബാബു നായിഡു,  സതീശ‌്ചന്ദ്ര മിശ്ര,  രാംഗോപാൽ യാദവ‌്,  കനിമൊഴി എന്നിവർ

കോൺസ‌്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ ചേർന്ന പ്രതിപക്ഷപാർടികളുടെ യോ​ഗത്തില്‍ സീതാറാം യെച്ചൂരി, അരവിന്ദ‌് കെജ‌്‌രിവാൾ, അഹമദ‌് പട്ടേൽ, ഗുലാംനബി ആസാദ‌്, അശോക‌് ഗെലോട്ട‌്, മനു അഭിഷേക‌് സിങ‌്‌വി, ഡി രാജ, ചന്ദ്രബാബു നായിഡു, സതീശ‌്ചന്ദ്ര മിശ്ര, രാംഗോപാൽ യാദവ‌്, കനിമൊഴി എന്നിവർ

കോൺസ‌്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ ചേർന്ന യോ​ഗത്തില്‍ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, കോൺഗ്രസ‌് നേതാക്ക‌ളായ  അഹമ്മദ‌് പട്ടേൽ, ഗുലാംനബി ആസാദ‌്, അശോക‌് ഗെലോട്ട‌്, മനു അഭിഷേക‌് സിങ‌്‌വി,  ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡു, ബിഎസ‌്പി നേതാവ‌് സതീശ‌്ചന്ദ്ര മിശ്ര, ഡൽഹി മുഖ്യമന്ത്രി അരവിന്ദ‌് കെജ‌്‌രിവാൾ, എസ‌്പി നേതാവ‌് രാംഗോപാൽ യാദവ‌്, ഡിഎംകെ നേതാവ‌് കനിമൊഴി, സിപിഐ ദേശീയ സെക്രട്ടറി ഡി രാജ, തൃണമൂൽ നേതാവ‌് ഡെറിക്ക‌് ഒബ്രിയൻ, മനോജ‌് ഝാ (ആർജെഡി), മജീദ‌് മേമൻ (എൻസിപി), ദേവീന്ദർ റാണ (എൻസി) തുടങ്ങിയവർ പങ്കെടുത്തു. തെരഞ്ഞെടുപ്പ‌് ഫലത്തിന‌ുശേഷം ഉരുത്തിരിയുന്ന രാഷ്ട്രീയ സാഹചര്യവും നേതാക്കൾ അനൗദ്യോഗികമായി വിലയിരുത്തി.

വോട്ടെണ്ണല്‍ ദിനമായ വ്യാഴാഴ്ച വോട്ടിങ‌് യന്ത്രങ്ങളിലെ വോട്ടെണ്ണൽ പൂർത്തിയായശേഷം വിവിപാറ്റുകളുടെ എണ്ണലിലേക്ക‌് കടക്കാനാണ‌് തെരഞ്ഞെടുപ്പ‌് കമീഷൻ തീരുമാനിച്ചിരുന്നത‌്‌. എന്നാൽ ഇത‌് പാടില്ലെന്നും വോട്ടെണ്ണലിന്റെ തുടക്കത്തിൽത്തന്നെ കോടതി നിർദേശിച്ചത്രയും വിവിപാറ്റുകൾ എണ്ണണമെന്നുമാണ‌് പ്രതിപക്ഷ പാർടികൾ ആവശ്യപ്പെടുന്നത‌്. വിവിപാറ്റുകളുടെ എണ്ണത്തില്‍ വ്യത്യാസം വന്നാൽ ആ നിയമസഭാ മണ്ഡലത്തിലെ മുഴുവൻ വിവിപാറ്റുകളും എണ്ണണമെന്നും പ്രതിപക്ഷ പാർടികൾ ആവശ്യപ്പെടുന്നു. വോട്ടെണ്ണൽ പൂർത്തിയായ ശേഷമാണ‌് വിവിപാറ്റുകളിലേക്ക‌് കടക്കുന്നതെങ്കിൽ  എന്തെങ്കിലും വ്യത്യാസം ശ്രദ്ധയിൽ വന്നാൽ എല്ലാ വോട്ടുകളും എണ്ണാൻ സമയം ലഭിക്കില്ലെന്നതും പ്രതിപക്ഷ നേതാക്കള്‍ ചൂണ്ടിക്കാട്ടി. വോട്ടുവ്യത്യാസം കണ്ടാൽ എന്ത‌് നടപടിയാകും സ്വീകരിക്കുകയെന്ന കാര്യത്തിൽ വ്യക്തതതില്ല. അതുകൊണ്ടാണ‌് പൊരുത്തക്കേട‌് കണ്ടെത്തിയ നിയമസഭാ മണ്ഡലത്തിലെ മുഴുവൻ വിവിപാറ്റുകളും പരിശോധിക്കാൻ ആവശ്യപ്പെടുന്നതെന്നും പ്രതിപക്ഷ പാർടികൾ കമീഷനെ അറിയിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top