കോഴിക്കോട്
വോട്ടർപട്ടിക അരിച്ചുപെറുക്കി തരംതിരിച്ച് കണക്ക് തയ്യാറാക്കേണ്ട, വിജയവും പരാജയവുമെല്ലാം തെരഞ്ഞെടുപ്പിന് മുമ്പേ കണക്കുകൂട്ടാനിതാ ആപ്പുകൾ തയ്യാർ. കോവിഡ് കാലത്ത് പ്രചാരണമെല്ലാം ഓൺലൈനിൽ തകർക്കുമ്പോഴാണ് എല്ലാം ഒറ്റക്ലിക്കിൽ ഒരുക്കുന്ന ആപ്പുകൾക്ക് പ്രിയമേറുന്നത്. ഈ ആപ്പ് എതിരാളിയെക്കുറിച്ചുള്ള വിവരമെല്ലാം ശേഖരിച്ച് അവരെ ‘ആപ്പിലാക്കാനും’ സഹായിക്കും.
കോഴിക്കോട് സൈബർ പാർക്കിലെ അർബക്സ് ഡിജിറ്റലാണ് തെരഞ്ഞെടുപ്പിനായി പ്രത്യേക ആപ്പ് രൂപകൽപ്പനചെയ്തത്. വോളിറ്റീവ് എന്ന് പേരിട്ട ഈ രാഷ്ട്രീയ ആപ്പിൽ തെരഞ്ഞെടുപ്പ് കമീഷന്റെ വെബ്സൈറ്റിൽ നിന്നുള്ളതും വിശ്വസനീയമായ കേന്ദ്രങ്ങളിലെ വിവരങ്ങളും ചേർത്താണ് വോട്ടർ പട്ടിക ചേർത്തിരിക്കുന്നത്.
വോട്ടറെ പഠിക്കാനും വിവരങ്ങൾ, ഫോൺ നമ്പർ എന്നിവയെല്ലാം ശേഖരിക്കാനും ഇതിലൂടെ കഴിയും. വോട്ടർ അനുകൂലിയാണോ എതിർവോട്ടോ അതോ നിഷ്പക്ഷമാണോ എന്നെല്ലാം ശേഖരിച്ച് സൂക്ഷിക്കാൻ ആപ്പിലിടമുണ്ട്. ബൂത്ത്, വാർഡ്, പഞ്ചായത്ത് തലത്തിൽ വോട്ടർപട്ടികയിലെ വിവരങ്ങളും പട്ടികയായി ലഭിക്കും. ബൂത്ത് തല പ്രവർത്തനങ്ങൾ വിലയിരുത്താനും ക്രോഡീകരിച്ച വിവരങ്ങൾ ശേഖരിക്കാനും സന്ദേശങ്ങൾ കൈമാറാനും സംവിധാനമുണ്ട്. ഓപ്പൺവോട്ടർമാർ, തപാൽവോട്ട് ചെയ്യേണ്ടവർ എന്നിവരെയൊക്കെ നേരത്തെ കണ്ടെത്താനും സഹായിക്കും. പഞ്ചായത്ത് ഹെഡ്, വാർഡ് ഹെഡ്, ബൂത്ത്ഹെഡ്, 50 വീടുകൾക്ക് വളന്റിയർമാർ എന്നിങ്ങനെ പ്രവർത്തനം വിഭജിക്കാനും സൗകര്യമുണ്ട്. ഇവർ തമ്മിലുള്ള സന്ദേശ കൈമാറ്റവും ഇതിലൂടെ നടക്കും.
വോട്ടെടുപ്പ് ദിവസം പോളിങ് ഏജന്റ് നൽകുന്ന നമ്പറുകൾ പരിശോധിച്ച് പുറത്തുള്ള പ്രവർത്തകർ കണക്കുകൂട്ടിയാണ് പോളിങ് ശതമാനവും വോട്ട് ചെയ്യാത്തവരുടെ വിവരങ്ങളും എടുത്തിരുന്നത്. എന്നാൽ ഈ പണികളെല്ലാം ഞൊടിയിടയിൽ ആപ്പ് ചെയ്തുതരും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..