02 October Monday

ഒളിവിൽനിന്ന് കുന്നപ്പിള്ളി പുറത്തെത്തി; നാളെ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകണം

വെബ് ഡെസ്‌ക്‌Updated: Friday Oct 21, 2022

കൊച്ചി> ബലാത്സംഗ കേസിലെ  പ്രതിയായ കോൺഗ്രസ് എംഎൽഎ  എൽദോസ് കുന്നപ്പിള്ളി ഒളിവിൽ നിന്ന് വീട്ടിലെത്തി. നാളെ തിരുവനന്തപുരത്ത് ജില്ലാ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകണം.   ഒരാഴ്ചയിലധികമായി ഒളിവിലായിരുന്ന എൽദോസ് മുൻകൂർ ജാമ്യം ലഭിച്ചതോടെയാണ്  മൂവാറ്റുപുഴ ആരക്കുഴയിലെ വീട്ടിൽ തിരിച്ചെത്തിയത്.

തിരുവനന്തപുരം അഡി. സെഷൻസ് കോടതിയാണ് കർശന ഉപാധികളോടെ ഇന്നലെ മുൻകൂര്‍ ജാമ്യം നല്‍കിയത്. കോടതി നിര്‍ദ്ദേശ പ്രകാരം നാളെ എൽദോസിന് തിരുവനന്തപുരത്ത് ജില്ലാ ക്രൈംബ്രാഞ്ച്‌ അസി. കമീഷണർ ബി അനിൽകുമാറിന്‌ മുമ്പാകെ ഹാജരാകണം.

ചോദ്യം ചെയ്യലില്‍ എല്‍ദോസില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനമാക്കിയാകും അന്വേഷണ സംഘത്തിന്റെ തുടര്‍നടപടികള്‍.പരാതിക്കാരിയില്‍ നിന്ന് ലഭിച്ച മൊഴിയും തെളിവും കേസില്‍ നിര്‍ണായകമാണ്. കോടതി ഉത്തരവ് അനുസരിച്ച് എല്‍ദോസ് ഉപയോഗിച്ച മൊബൈല്‍ ഫോണുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറേണ്ടി വരും. ഇതിനുള്ള നോട്ടീസ് ഉടന്‍ അന്വേഷ ഉദ്യോഗസ്ഥര്‍ എല്‍ദോസിന് നല്‍കുമെന്നാണ് വിവരം. കൂടാതെ ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ച നടപടിക്കെതിരെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനും സാധ്യതയുണ്ട്. ഇക്കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകുമെന്നാണ് സൂചന.

രാത്രി ഏഴുവരെ ചോദ്യം ചെയ്യാം. ഈ ഘട്ടത്തിൽ പ്രതിയെ അറസ്റ്റ്‌ ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന്‌ സ്വാതന്ത്ര്യമുണ്ട്‌. അറസ്റ്റ്‌ രേഖപ്പെടുത്തി അഞ്ചു ലക്ഷം രൂപയുടെയും രണ്ടു വ്യക്തികളുടെ ആൾജാമ്യത്തിലും വിട്ടയക്കണം. എന്നാൽ, അന്വേഷണത്തിന്റെ ഭാഗമായി തെളിവെടുപ്പിനും മറ്റുമായി നിയന്ത്രിത കസ്റ്റഡിയിലെടുക്കാം. പ്രതിയുടെ ഒപ്പടക്കമുള്ള തെളിവ്‌ ശേഖരിക്കാനും പൊലീസിന്‌ അധികാരമുണ്ടാകും. നിയന്ത്രിത കസ്റ്റഡിയിലെടുക്കുന്ന സമയത്ത്‌ ജാമ്യം താൽക്കാലികമായി റദ്ദുചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top