കൊച്ചി > ആഭിചാരക്കൊല കേസിൽ ഇരയായ സ്ത്രീകളുടെ മൃതദേഹത്തിൽനിന്ന് കുറച്ചു മാംസം കൊച്ചിയിലേക്ക് എത്തിച്ചതായി സൂചന. വിൽപ്പനയ്ക്കെന്ന പേരിൽ മുഖ്യപത്രി മുഹമ്മദ് ഷാഫി മാംസം കൊച്ചിയിലേക്ക് കൊണ്ടുപോയെന്ന് രണ്ടും മൂന്നും പ്രതികളായ ഭഗവൽ സിങും ലൈലയും മൊഴി നൽകിയെന്നാണ് വിവരം. മാംസം വാങ്ങാനായി ബംഗളൂരുവിൽനിന്ന് ആളെത്തുമെന്ന് ഷാഫി പറഞ്ഞു. 20 ലക്ഷം രൂപ വിൽപനയിലൂടെ ലഭിക്കുമെന്ന് ഷാഫി ഇരുവരേയും വിശ്വസിപ്പിച്ചു. എന്നാൽ, ആൾ എത്താതായപ്പോൾ മാംസം കുഴിച്ചുമൂടിയെന്നും ഇവർ മൊഴി നൽകി. ഇതിനുപിന്നാലെയാണ് കൊച്ചിയിലേക്ക് മാംസം കൊണ്ടുപോയതായി സൂചന ലഭിച്ചത്. ഇതിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണത്തിന് പൊലീസ് തയ്യാറായിട്ടില്ല.
ഷാഫിയുടെ കൊച്ചിയിലെ വീട്ടിൽനിന്നുൾപ്പെടെ ശേഖരിച്ച ഡിഎൻഎ സാമ്പിളുകൾ മരിച്ച സ്ത്രീകളുടെ ഡിഎൻഎയുമായി ഒത്തുനോക്കിയ ശേഷം ഇക്കാര്യം സ്ഥിരീകരിക്കും. കസ്റ്റഡിയിലുള്ള പ്രതികൾ മുമ്പ് ചോദ്യംചെയ്യലിനോട് സഹകരിച്ചിരുന്നെങ്കിലും ഇപ്പോള്‍ പരസ്പര ബന്ധമില്ലാത്ത കാര്യങ്ങളാണ് പറയുന്നതെന്ന് അന്വേഷകസംഘം വിലയിരുത്തി. തിങ്കളാഴ്ച കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കെ നുണ പരിശോധന അടക്കമുള്ള നടപടികളിലേക്ക് കടക്കാനുള്ള നീക്കത്തിലാണ് പൊലീസ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..