28 March Tuesday
ഷാഫിക്ക്‌ രണ്ട്‌ ഫോൺ ? വ്യാജ പ്രൊഫൈലുകൾ വീണ്ടെടുത്തു

ആഭിചാരക്കൊല; ഷാഫിക്ക്‌ പിന്നെയും വ്യാജ പ്രൊഫൈലുകൾ ; ശ്രീദേവി മാത്രമല്ല, സജ്‌നമോളും 
ശ്രീജയും

സ്വന്തം ലേഖകൻUpdated: Wednesday Oct 19, 2022


കൊച്ചി
ആഭിചാരക്കൊലക്കേസിലെ മുഖ്യപ്രതി മുഹമ്മദ്‌ ഷാഫി ഉപയോഗിച്ചിരുന്ന രണ്ട്‌ വ്യാജ ഫെയ്‌സ്‌ബുക് പ്രൊഫൈലുകൾകൂടി പൊലീസ്‌ വീണ്ടെടുത്തു. സജ്‌നമോൾ, ശ്രീജ എന്നീ പേരുകളിലുള്ള അക്കൗണ്ടുകളിലെ ചാറ്റ്‌ വിവരങ്ങളും പൊലീസിന്‌ ലഭിച്ചു. രണ്ടാംപ്രതി ഭഗവൽ സിങ്ങുമായി അടുപ്പം സ്ഥാപിക്കാൻ ഷാഫി ഉപയോഗിച്ചത്‌ ശ്രീദേവി എന്ന പേരാണ്‌. ഇതുൾപ്പെടെ നാല്‌ വ്യാജ പ്രൊഫൈലുകൾ ഇയാൾ സൃഷ്‌ടിച്ചിരുന്നു. ഇവയുടെ വിശദാംശങ്ങൾ അറിയാൻ പൊലീസ്‌ ഫെയ്‌സ്‌ബുക് അധികൃതരുമായി ബന്ധപ്പെട്ടിരുന്നു. അവശേഷിക്കുന്ന ഒരെണ്ണത്തിന്റെ വിശദാംശങ്ങളും ഉടൻ ലഭിക്കും. ഇവ കൈകാര്യം ചെയ്യാൻ ഷാഫിക്ക്‌ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നതും  അന്വേഷിക്കുന്നുണ്ട്‌.

ഷാഫിക്ക്‌ രണ്ട്‌ ഫോൺ?
‌ഇരട്ട ആഭിചാരക്കൊല കേസിലെ ഒന്നാംപ്രതി മുഹമ്മദ്‌ ഷാഫി രണ്ട്‌ ഫോണുകൾ ഉപയോഗിച്ചതായി സംശയം. ഇവ ഉപയോഗിച്ച്‌ ഷാഫി കൂടുതൽ വ്യാജ ഫെയ്‌സ്‌ബുക്ക്‌ അക്കൗണ്ടുകൾ ഉണ്ടാക്കി പലരുമായി ചാറ്റ്‌ ചെയ്‌തതായും പൊലീസ്‌ കരുതുന്നു. ആഭിചാരക്കൊലയുമായി ബന്ധപ്പെട്ട വീഡിയോകളോ ഫോട്ടോകളോ ഈ ഫോണുകളിൽ ഉണ്ടാകാം. 

‘ശ്രീദേവി’ എന്നപേരിൽ ഭഗവൽസിങ്ങുമായി ചാറ്റ്‌ ചെയ്‌ത ഫോൺ ഷാഫിയുടെ ഭാര്യയുടേതാണെന്ന്‌ സ്ഥിരീകരിച്ചു. ഷാഫിയുമായി വഴക്കുണ്ടായെന്നും അതിനിടെ ഫോൺ നശിപ്പിച്ചെന്നുമാണ്‌ ഭാര്യ നഫീസ നൽകിയ മൊഴി. ഫോൺ ഗാന്ധിനഗറിലെ കോർപറേഷൻ ചവറുകൂനയിൽ ഉപേക്ഷിച്ചെന്നും ഇവർ പറഞ്ഞു. ഷാഫിയുടെ ഫോണുകളും ഭാര്യയുടെ ഫോണും നശിപ്പിച്ചെന്ന്‌ സംശയമുള്ളതിനാൽ വിവരങ്ങൾ ശേഖരിക്കാൻ സൈബർ സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്‌. മൊബൈൽഫോണുകളുടെ ഐഎംഇഐ, ഫെയ്‌സ്‌ബുക്, ജി–-മെയിൽ അക്കൗണ്ടുകളുടെ പാസ്‌വേഡ്‌, ഐപി ഡംപ്‌ അടക്കമുള്ള വിവരങ്ങൾ കണ്ടെത്താനാണ്‌ ശ്രമം. ഫോൺ ലഭിച്ചില്ലെങ്കിലും ഫെയ്സ്‌ബുക് അക്കൗണ്ട്‌ നിയന്ത്രിച്ചിരുന്നത്‌ ഷാഫിയാണെന്ന്‌ തെളിയിക്കാൻ ഈ വിവരങ്ങൾ നിർണായകമാകും. ഫോട്ടോയോ വീഡിയോകളോ ഗൂഗിൾ ഡ്രൈവ്‌ അടക്കമുള്ള സ്‌റ്റോറേജ്‌ സംവിധാനങ്ങളിൽ സൂക്ഷിച്ചിട്ടുണ്ടെങ്കിൽ കണ്ടെത്താനാകും. മറ്റുള്ളവരുടെ സഹായത്തോടെയാണോ ഫോൺ നശിപ്പിച്ചത്‌ എന്നതും പരിശോധിക്കുന്നുണ്ട്‌.

‘ശ്രീദേവി’യെ  നിയന്ത്രിച്ചതാര്‌
മുഹമ്മദ്‌ ഷാഫി ഉണ്ടാക്കിയ ‘ശ്രീദേവി’ എന്ന വ്യാജ ഫെയ്‌സ്‌ബുക് അക്കൗണ്ട്‌ അയാളുടെ ഭാര്യയോ മറ്റാരോ നിയന്ത്രിച്ചിരുന്നതായി സൂചന. ഷാഫി ജയിലിലായിരുന്ന സമയം  അക്കൗണ്ട്‌ സജീവമായിരുന്നുവെന്നാണ്‌ പൊലീസിന്‌ ലഭിച്ച വിവരം. 2020 ആഗസ്‌തിൽ പുത്തൻകുരിശിൽ എഴുപത്തഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ ഷാഫി ഒരുവർഷത്തോളം ജയിലിലായിരുന്നു. ഈ സമയം ശ്രീദേവി എന്ന അക്കൗണ്ട്‌ ആരോ ഉപയോഗിച്ചതായാണ്‌ സംശയിക്കുന്നത്‌. 2019 മുതൽ ഈ അക്കൗണ്ടിൽനിന്ന്‌ ഭഗവൽസിങ്ങുമായി ഷാഫി ചാറ്റ്‌ ചെയ്‌തിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top