കൊച്ചി > ആഭിചാരക്കൊലക്കേസിൽ മുഖ്യപ്രതി മുഹമ്മദ് ഷാഫി ഒരാളെക്കൂടി കൊലപ്പെടുത്തിയെന്ന് മൂന്നാംപ്രതി ലൈലയുടെ മൊഴി. അവയവം വിറ്റെന്ന് പറഞ്ഞതായും മൊഴിയുണ്ട്. ഇതിൽ തെളിവ് ലഭിച്ചിട്ടില്ലെന്ന് അന്വേഷകസംഘം അറിയിച്ചു. ഷാഫിയും ഇക്കാര്യം സമ്മതിച്ചിട്ടില്ല. ചൊവ്വാഴ്‌ച ഇയാളെ ചിറ്റൂരെത്തിച്ച് തെളിവെടുത്തു. കൊല്ലപ്പെട്ട പത്മയെ ഇലന്തൂരിലേക്ക് എത്തിച്ചദിവസത്തെ സംഭവങ്ങൾ പുനരാവിഷ്‌കരിച്ചു. സെപ്‌തംബർ 26ന് രാവിലെ 9.15ന് ചിറ്റൂർ റോഡിലെ കൃഷ്‌ണ ആശുപത്രിക്കുസമീപത്താണ് ഇവർ കണ്ടത്. പിന്നീട് ഷാഫി ഫാഷൻ സ്ട്രീറ്റിലേക്ക് പോയി. ഒമ്പതരയോടെ സ്കോർപിയോ കാറിൽ തിരിച്ചെത്തി.
പത്മയെ കാറിൽ കയറ്റി ഇലന്തൂരിലേക്ക് പോയി. ഇവിടെയാണ് പ്രതിയുമായി അന്വേഷകസംഘം തെളിവെടുത്തെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണർ സി എച്ച് നാഗരാജു പറഞ്ഞു. പ്രതികൾ പലതും പറയുന്നുണ്ട്, ചിലത് പറയുന്നുമില്ല. എല്ലാം വിശ്വസിക്കാനാകില്ല. പത്മയുടെയും റോസിലിയുടെയും ശരീരഭാഗം മുറിച്ചത് ഷാഫിയായിരിക്കണം. ഒരു അറവുകാരനെപ്പോലെയാണ് ഇയാൾ പെരുമാറിയത്. ഇയാൾ ഒരുപാട് കഥ മെനയുന്നുണ്ട്. ഇനിയും തെളിവെടുപ്പ് വേണ്ടിവരും. പഴയകാല ചരിത്രവും പൊലീസ് പരിശോധിക്കും. കൊല്ലപ്പെട്ടവരുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയിട്ടില്ല.
അവയവ കെെമാറ്റത്തിന് സാധ്യതയില്ല
അവയവകൈമാറ്റം വൃത്തിയുള്ള അന്തരീക്ഷത്തിൽ ചെയ്യേണ്ടതാണ്. മാംസം വിറ്റാൽ പണം ലഭിക്കുമെന്ന് പറഞ്ഞ് ഷാഫി ലൈലയെയും ഭഗവൽസിങ്ങിനെയും വിശ്വസിപ്പിച്ചിട്ടുണ്ട്. ഇതുപോലെ അവയവകൈമാറ്റം നടത്താം എന്നും പറഞ്ഞിട്ടുണ്ടാകാം. കൊലപാതകമാണെന്നതിന്റെ വ്യക്തമായ തെളിവ് പൊലീസിന് ലഭിച്ചു. മറ്റ് സ്ഥലങ്ങളിലെ തിരോധാനം അന്വേഷിക്കേണ്ടത് അതത് പൊലീസ് സ്റ്റേഷനുകളിലാണെന്നും കമീഷണർ വ്യക്തമാക്കി.
സഹതടവുകാരും സംശയത്തിൽ
മുഹമ്മദ് ഷാഫി മുമ്പ് ജയിലിൽ കിടന്നപ്പോഴുള്ള സഹതടവുകാരുടെ വിവരവും ശേഖരിക്കും. 2020ൽ എഴുപത്തഞ്ചുകാരിയെ പീഡിപ്പിച്ച കേസിലാണ് ഇയാൾ അറസ്റ്റിലായത്. ആഗസ്തുമുതുൽ ഒരുവർഷം ജയിലിൽ കിടന്നശേഷമാണ് ഷാഫി പുറത്തിറങ്ങിയത്. ആഭിചാരം സംബന്ധിച്ച അറിവ് ഈ കാലയളവിലാണ് ലഭിച്ചതെന്ന് പൊലീസ് സംശയിക്കുന്നു. ഇയാൾക്ക് ഇത്തരം പശ്ചാത്തലം മുമ്പില്ലായിരുന്നു. അക്കാലത്ത് സഹതടവുകാരായിരുന്നവരെയും ആഭിചാരവുമായി ബന്ധപ്പെട്ട കേസുകളിൽപ്പെട്ട് ജയിലിൽ കിടന്നവരെക്കുറിച്ചുമാണ് പൊലീസ് അന്വേഷണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..