09 December Friday

രാഹുൽ ഗാന്ധി സന്ദർശിക്കേണ്ടിയിരുന്നത്‌ സമരകേന്ദ്രങ്ങൾ: എളമരംകരീം

വെബ് ഡെസ്‌ക്‌Updated: Monday Sep 26, 2022
കാട്ടാക്കട > ജോഡോ യാത്രയിൽ രാഹുൽ ഗാന്ധി സന്ദർശിക്കേണ്ടിയിരുന്നത്‌ പൊതുമേഖല സംരക്ഷിക്കാൻ കേരളത്തിൽ തൊഴിലാളികൾ നടത്തുന്ന സമരകേന്ദ്രങ്ങളിലേക്കായിരുന്നുവെന്ന്‌ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി. സിഐടിയു ജില്ലാ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
 
രാജ്യത്തെ പൊതുമേഖല മുഴുവൻ സ്വകാര്യ കുത്തകകൾക്ക്‌ വിറ്റുതുലയ്‌ക്കുകയാണ്‌ കേന്ദ്രസർക്കാർ.  ഇതിനെതിരെ രാഹുൽ ഗാന്ധിയോ കോൺഗ്രസോ  മിണ്ടുന്നില്ല. കേരളത്തിൽ ലാഭകരമായി പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കുന്നതിനെതിരെ തൊഴിലാളികൾ ഒന്നടങ്കം രംഗത്തുവന്നു. 
തിരുവനന്തപുരത്ത്‌ വിജയമോഹിനി മിൽ വിൽക്കുന്നതിനെതിരെ തൊഴിലാളി പ്രക്ഷോഭം തുടരുകയാണ്‌. കൊച്ചിൻ റിഫൈനറിയും വിറ്റുതുലയ്‌ക്കാനുള്ള നീക്കത്തിനെതിരെയും പ്രക്ഷോഭം ഉയർന്നു. എന്നാൽ, ഇവിടെയൊന്നും രാഹുൽ സന്ദർശിച്ചില്ല. 
 
പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കുന്നതിനെതിരെ കേരളം അതിശക്തമായ നിലപാടാണ്‌ സ്വീകരിച്ചത്‌. കേന്ദ്രം വിറ്റേതീരൂവെന്ന്‌ പറഞ്ഞപ്പോൾ സംസ്ഥാന സർക്കാർ അത്‌ വാങ്ങാൻ തയ്യാറായി. വെള്ളൂർ ന്യൂസ്‌ പ്രിന്റ്‌ ഫാക്ടറി സംരക്ഷിക്കാനായത്‌ ഇങ്ങനെയാണ്‌. തിരുവനന്തപുരം വിമാനത്താവളം പൊതുമേഖലയിൽ നിലനിർത്താൻ നിയമപോരാട്ടത്തിന്റെ അവസാന അറ്റംവരെ സർക്കാർ പോയി. കോൺഗ്രസിന്റെ ജനവിരുദ്ധനയങ്ങൾ തീവ്രമായി മോദി പിന്തുടരുമ്പോൾ അതിന്‌ പിന്തുണ നൽകുകയാണ്‌ കോൺഗ്രസ്‌. 
 
കേന്ദ്രത്തിന്റെ തൊഴിലാളി, കർഷക വിരുദ്ധ നയങ്ങൾക്കെതിരെ അതിശക്തമായ പോരാട്ടം വളർന്നുവരും. കേരളം സൃഷ്ടിച്ച ബദൽ രാജ്യമാകെ വ്യാപിക്കും.  മോദിയുടെ ദുർനയങ്ങൾക്കെതിരെ രാജ്യത്ത്‌ തൊഴിലാളി കർഷക ഐക്യം കൂടുതൽ ശക്തമാകുമെന്നും എളമരം കരീം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top