24 October Thursday

'തൊഴിലാളികളുടെ മൗലികാവകാശം അംഗീകരിക്കില്ലെന്ന് ചെയര്‍മാന്‍ പരസ്യമായി പറഞ്ഞു; മുത്തൂറ്റ് സമരത്തിന്റെ ന്യായീകരണവും ഇതുതന്നെ': എളമരം കരീം

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2019

പാര്‍ലമെന്റ് പാസാക്കിയ 'ഇന്ത്യന്‍ ട്രേഡ് യൂണിയന്‍ ആക്ട്' താന്‍ അംഗീകരിക്കില്ല എന്നുപറയാന്‍ ഒരു തൊഴിലുടമയ്ക്ക് എങ്ങനെ ധൈര്യം വരുന്നുവെന്ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം എം പി.''ഇന്ത്യന്‍ പ്രധാനമന്ത്രി പറഞ്ഞാലും ഞാന്‍ ട്രേഡ് യൂണിയനെ അംഗീകരിക്കില്ല'' എന്നാണ് മുത്തൂറ്റ് ചെയര്‍മാന്റെ വാര്‍ത്താസമ്മേളനം. തൊഴിലാളികളുടെ മൗലികമായ അവകാശം താന്‍ അംഗീകരിക്കില്ല എന്ന് ഒരു മുതലാളി പരസ്യമായി പറയാന്‍ മടികാണിച്ചില്ല എന്നതു തന്നെയാണ് മുത്തൂറ്റ് ജീവനക്കാരുടെ സമരത്തിന്റെ ന്യായീകരണമെന്നും എളമരം പറഞ്ഞു

എളമരം കരീമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്



നിയമം മുത്തൂറ്റ് മാനേജ്‌മെന്റ് അംഗീകരിക്കണം
------------------------------------------------

മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാരുടെ പണിമുടക്ക് എന്തിനാണെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് മുത്തൂറ്റ് ചെയര്‍മാന്റെ വാര്‍ത്താസമ്മേളനത്തിലെ പ്രഖ്യാപനം.''ഇന്ത്യന്‍ പ്രധാനമന്ത്രി പറഞ്ഞാലും ഞാന്‍ ട്രേഡ് യൂണിയനെ അംഗീകരിക്കില്ല''എന്നാണ് അദ്ദേഹം വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. പാര്‍ലമെന്റ് പാസാക്കിയ 'ഇന്ത്യന്‍ ട്രേഡ് യൂണിയന്‍ ആക്ട്' താന്‍ അംഗീകരിക്കില്ല എന്നുപറയാന്‍ ഒരു തൊഴിലുടമയ്ക്ക് എങ്ങനെ ധൈര്യം വരുന്നു?

'എട്ട് മണിക്കൂര്‍ ജോലി, എട്ട് മണിക്കൂര്‍ വിനോദം, എട്ട് മണിക്കൂര്‍ വിശ്രമം' എന്ന മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ഒന്നര നൂറ്റാണ്ടുമുമ്പ് തൊഴിലാളികള്‍ നടത്തിയ സമരവും തുടര്‍ന്ന് ലോകത്താകെ നടന്ന തൊഴിലാളി മുന്നേറ്റങ്ങളുടെയും ഫലമായിട്ടാണ് തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കിയത്. ഐഎല്‍ഒ അംഗീകരിച്ച പ്രമാണങ്ങളില്‍പ്പെട്ടതാണ് കൂട്ടായ വിലപേശലിനുള്ള തൊഴിലാളികളുടെ അവകാശം.

വികസിത മുതലാളിത്ത രാജ്യങ്ങളില്‍ പോലും ഈ തത്വം അംഗീകരിക്കപ്പെട്ടിട്ടുണ്ട്. തൊഴിലാളികളുടെ മൗലികമായ ഈ അവകാശം താന്‍ അംഗീകരിക്കില്ല എന്ന് ഒരു മുതലാളി പരസ്യമായി പറയാന്‍ മടികാണിച്ചില്ല എന്നതു തന്നെയാണ് മുത്തൂറ്റ് ജീവനക്കാരുടെ സമരത്തിന്റെ ന്യായീകരണം.

വ്യാപാരസ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് ബാധകമായ 'മിനിമം വേതന' വ്യവസ്ഥയാണ് മുത്തൂറ്റ് ഫിനാന്‍സ് കമ്പനി ജീവനക്കാര്‍ക്കും ബാധകമായിരുന്നത്. മുത്തൂറ്റിനെപ്പോലുള്ള നോണ്‍ ബാങ്ക് ഫിനാന്‍സ് കമ്പനികള്‍, വ്യാപാരസ്ഥാപനങ്ങളില്‍നിന്ന് വിഭിന്നമാണ്. മുത്തൂറ്റ് 2018 -19 വര്‍ഷത്തില്‍ നേടിയ ലാഭം 2106 കോടി രൂപയാണ്.

 2019-20 വര്‍ഷത്തെ ആദ്യ ക്വാര്‍ട്ടറില്‍ നേടിയ ലാഭം 546 കോടി രൂപയാണ്. ഈ ലാഭം നേടാന്‍ കഠിനാധ്വാനം ചെയ്തവരാണ് ജീവനക്കാര്‍. ഇവര്‍ക്ക് അര്‍ഹമായ വേതനവും ആനുകൂല്യങ്ങളും വേണമെന്ന് പറയുന്നതില്‍ എന്താണ് തെറ്റ്.

'ഞങ്ങള്‍ ജീവനക്കാര്‍ക്ക് എല്ലാ ആനുകൂല്യങ്ങളും നല്‍കുന്നുണ്ട്. അതിനാല്‍ ശമ്പളപരിഷ്‌കരണം ആവശ്യമില്ല' എന്നാണല്ലോ മാനേജ്‌മെന്റ് വാദം. നിലവിലുള്ള ഷോപ് ജീവനക്കാര്‍ക്കുള്ള മിനിമം വേതനം മുത്തൂറ്റ് ജീവനക്കാര്‍ക്ക് എല്ലാവര്‍ക്കും ലഭിക്കുന്നില്ല. എല്ലാ കമ്പനികളിലും 'എംപ്ലോയ്‌മെന്റ് സ്റ്റാന്‍ഡിങ് ഓര്‍ഡേഴ്‌സ് ആക്ട്' അനുസരിച്ച് ഒരു സ്റ്റാന്‍ഡിങ് ഓര്‍ഡര്‍ ഉണ്ടാകണം.

സ്ഥാപനത്തിലെ ജീവനക്കാരുടെ തൊഴില്‍ വ്യവസ്ഥകള്‍ ഇതിലാണ് വ്യവസ്ഥപ്പെടുത്തുന്നത്. മാനേജ്‌മെന്റും തൊഴിലാളി യൂണിയനും ചേര്‍ന്ന് അംഗീകരിച്ചതിനുശേഷം ഡെപ്യൂട്ടി ലേബര്‍ കമീഷണര്‍ ഒപ്പിട്ടു നല്‍കുന്നതാണ് സ്റ്റാന്‍ഡിങ് ഓര്‍ഡര്‍. ഇത് പ്രാദേശികഭാഷയില്‍ കമ്പനിയില്‍ പ്രസിദ്ധപ്പെടുത്തണം. മാനേജ്‌മെന്റും യൂണിയനും അംഗീകരിച്ച സ്റ്റാന്‍ഡിങ് ഓര്‍ഡര്‍ ഉണ്ടാകുന്നതുവരെ നിയമത്തിലെ 'മോഡല്‍ സ്റ്റാന്‍ഡിങ് ഓര്‍ഡര്‍' കമ്പനി നടപ്പാക്കണം.

കോടികള്‍ ലാഭം വാരുന്ന ഉയര്‍ന്ന നിയമജ്ഞന്മാരുടെ ഉപദേശം വാങ്ങുന്ന മുത്തൂറ്റ് മാനേജ്‌മെന്റിന് ഇതൊന്നും ബാധകമല്ല.കമ്പനികളിലെ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 58 വയസ്സാണ്. എന്നാല്‍, മുത്തൂറ്റ് ഫിനാന്‍സില്‍ അത് 55 വയസ്സാണ്. സര്‍ക്കാര്‍ ജീവനക്കാരുടേതുപോലും 56 വയസ്സാണ്. ഒരു ദിവസം ഒമ്പതു മണിക്കൂറാണ് ജീവനക്കാരുടെ ജോലി സമയം.

എട്ട് മണിക്കൂറിനു ശേഷമുള്ള ജോലിക്ക് ഓവര്‍ടൈം വേതനമില്ല. ബോണസ് കണക്കാക്കുന്നത് മാനേജ്‌മെന്റ് നിശ്ചയിച്ച അടിസ്ഥാന ശമ്പളം + ഡിഎ എന്നിവയ്ക്കാണ്. നിയമപ്രകാരം തൊഴിലാളികള്‍ വാങ്ങുന്ന മുഴുവന്‍ ശമ്പളത്തിനുമല്ല. മുത്തൂറ്റ് ഫിനാന്‍സിലെ 80 ശതമാനം ജീവനക്കാരുടെയും ശമ്പളം പ്രതിമാസം 13,000ത്തിനും 18,000ത്തിനും ഇടയിലാണ്.

സാധാരണ തൊഴിലാളികളുടെ മിനിമം കൂലിയായി നിശ്ചയിക്കണമെന്ന് 'ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ്' അംഗീകരിച്ച 18,000 രൂപ പോലും മുത്തൂറ്റ് നല്‍കുന്നില്ല. 2016ലെ ഷോപ് തൊഴിലാളി മിനിമം വേതനം കിട്ടാത്ത ഒരുപറ്റം തൊഴിലാളികള്‍ ഇപ്പോഴുമുണ്ട്. ഷോപ് ആക്ട് ബാധകമായ സ്ഥാപനങ്ങളിലെ മിനിമം വേതനം ഏറ്റവുമൊടുവില്‍ പുതുക്കി നിശ്ചയിച്ചത് 2016 ലാണ്.

 ഞങ്ങള്‍ എല്ലാം നല്‍കുന്നുവെന്നു പറഞ്ഞ മാനേജ്‌മെന്റ് അത് നടപ്പാക്കിയില്ല. സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ച ദിവസംമുതല്‍ ബാധകമായ വേതനം യൂണിയന്‍ രൂപീകരിച്ച് ശബ്ദമുയര്‍ത്തിയതിനുശേഷം 2018ലാണ് നടപ്പാക്കിയത്. 2016 മുതല്‍ നല്‍കേണ്ട കുടിശ്ശിക നല്‍കിയില്ല.


എന്‍ബിഎഫ്‌സികളെ (നോണ്‍ ബാങ്ക് ഫിനാന്‍സ് കമ്പനി) ഷോപ് ആക്ടിന്റെ ഷെഡ്യൂളില്‍നിന്നു മാറ്റി പ്രത്യേക വേതനവ്യവസ്ഥ വേണമെന്ന് ട്രേഡ് യൂണിയനുകള്‍ കുറെ കാലമായി ആവശ്യപ്പെട്ടു വരുന്നതാണ്. അതനുസരിച്ച് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു തന്നെ നടപടികള്‍ ആരംഭിച്ചു.

എന്‍ബിഎഫ്‌സികള്‍ക്ക് പ്രത്യേകമായി ഒരു ശമ്പളഘടന തയ്യാറാക്കി എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 2016 ആഗസ്തില്‍ അത് വിജ്ഞാപനംചെയ്തു. പ്രസ്തുത വിജ്ഞാപനം മുത്തൂറ്റ് ഉള്‍പ്പെടെയുള്ള കമ്പനികള്‍ ഹൈക്കോടതിയില്‍ ചോദ്യംചെയ്തു.

ഹൈക്കോടതി വിജ്ഞാപനം സ്റ്റേ ചെയ്തു. പ്രസ്തുത വേതനം മുത്തൂറ്റ് ഇന്നേവരെ നല്‍കിയില്ല.ഈ സാഹചര്യത്തിലാണ് മുത്തൂറ്റ് ജീവനക്കാര്‍ മാനേജ്‌മെന്റിന് ഡിമാന്റ് നോട്ടീസ് നല്‍കിയത്.

എന്‍ബിഎഫ്‌സികളിലെ ജീവനക്കാരുടെ വേതനഘടന വിജ്ഞാപനം ചെയ്തതുപോലെ നടപ്പാക്കുക, സ്റ്റാന്‍ഡിങ് ഓര്‍ഡര്‍ ഉണ്ടാക്കുക, തടഞ്ഞുവച്ച ആനുകൂല്യങ്ങള്‍ നല്‍കുക, പ്രതികാരനടപടികള്‍ അവസാനിപ്പിക്കുക എന്നിവയായിരുന്നു പ്രധാന ആവശ്യങ്ങള്‍.

പണിമുടക്ക് ആരംഭിച്ചതിനുശേഷം ഹൈക്കോടതിയെ സമീപിച്ച മാനേജ്‌മെന്റിനോട് കോടതി ഒരു മധ്യസ്ഥനെ നിയോഗിച്ചാല്‍ അംഗീകരിക്കാമോ എന്ന് ചോദിച്ചിരുന്നു. യൂണിയന്‍ അംഗീകരിച്ചു. മാനേജ്‌മെന്റ് അംഗീകരിച്ചില്ല.

മുത്തൂറ്റ് മാനേജ്‌മെന്റിന് നിയമങ്ങളോടും സര്‍ക്കാരിനോടും കോടതിയോടും പുച്ഛം! ജീവനക്കാര്‍ നടത്തുന്ന സത്യഗ്രഹസമരത്തിനു മുമ്പില്‍ വന്ന് തൊഴിലാളികള്‍ക്കുനേരെ 'ഗോഷ്ടി' കാണിക്കാന്‍ മടിക്കാത്ത മാനേജിങ് ഡയറക്ടര്‍ സന്ധിസംഭാഷണത്തിനു വിളിച്ച ലേബര്‍ കമീഷണറെ അപമാനിക്കല്‍, തൊഴില്‍ മന്ത്രിയോടുപോലും അപമര്യാദയായി പെരുമാറല്‍, കമ്പനി അടച്ചുപൂട്ടുമെന്ന് ഭീഷണിപ്പെടുത്തി സമരം തകര്‍ക്കാന്‍ ശ്രമം.

കേരള ചരിത്രത്തില്‍ അടുത്തകാലത്തൊന്നും കണ്ടിട്ടില്ലാത്ത രീതിയിലാണ് മുത്തൂറ്റ് മാനേജ്‌മെന്റ് പെരുമാറുന്നത്. ഈ ധിക്കാരത്തിനു മുമ്പില്‍ കീഴടങ്ങാന്‍ ആത്മാഭിമാനമുള്ള ഒരാള്‍ക്കും കഴിയില്ല. നിയമവ്യവസ്ഥയ്ക്ക് മുത്തൂറ്റ് മാനേജ്‌മെന്റും വഴങ്ങണം.


പ്രധാന വാർത്തകൾ
 Top