21 October Monday

അസത്യം മാത്രം പ്രചരിപ്പിക്കുന്ന വെറുപ്പിന്റെ പ്രചാരകരെ തിരിച്ചറിയണം: എളമരം കരീം

വെബ് ഡെസ്‌ക്‌Updated: Saturday Aug 10, 2019

തിരുവന്തപുരം> വെറുപ്പിന്റെ പ്രചാരകരെ ഒറ്റപ്പെടുത്തണമെന്നും വലിയൊരു ദുരന്തമുഖത്താണ് നമ്മുടെ കേരളമെന്നും  രാജ്യസഭ എംപി എളമരം കരീം. ഈ പ്രളയത്തെ തരണം ചെയ്യാന്‍ ജാതി-മത-രാഷ്ട്രീയ ചിന്തകളെല്ലാം വെടിഞ്ഞു പോരാടുകയാണ് നമ്മുടെ നാട്. കഴിഞ്ഞ വര്‍ഷത്തെ മഹാ പ്രളയത്തെ നാം തരണം ചെയ്തത് ഇങ്ങനെയാണ്. ഈ ലോകം മുഴുവന്‍ അന്ന് കേരളത്തോടൊപ്പം നിന്നു.

ദുരന്തമുഖത്തെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും പരമാവധി ആള്‍ക്കാരെ രക്ഷപ്പെടുത്താനും നമ്മുട ഭരണകൂടത്തിന് കഴിഞ്ഞിട്ടുണ്ട്.പ്രതിപക്ഷമെന്നോ ഭരണപക്ഷമെന്നോ വ്യത്യാസമില്ലാതെ നമ്മുടെ ജനപ്രതിനിധികളെല്ലാം സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കി നമുക്കിടയിലുണ്ട്. ഈ ഒത്തൊരുമയാണ് കേരളത്തിന്റെ ജീവനാഡി.

എന്തെല്ലാം വൈരുധ്യങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടെങ്കിലും നാടിന്റെ ജീവല്‍ പ്രശ്‌നങ്ങളില്‍ നാമെല്ലാം ഒന്നാണ് എന്ന് വീണ്ടും തെളിയിക്കുകയാണ് കേരളം.ഈ പ്രവര്‍ത്തനങ്ങളെല്ലാം പുരോഗമിക്കുമ്പോഴും നിശബ്ദമായി നടക്കുന്ന ഒരു പ്രചാരണം ശ്രദ്ധയില്‍ പെട്ടു.

സര്‍ക്കാരിന്റെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കേണ്ടതില്ല എന്നും, എല്ലാം നഷ്ടപ്പെട്ടു ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടിയ നമ്മുടെ സഹോദരങ്ങള്‍ക്ക് അവശ്യ സാധനങ്ങളോ സര്‍ക്കാരിന്റെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയോ നല്‍കേണ്ടതില്ലെന്നുമാണ് ഇക്കൂട്ടര്‍ പറയുന്നത്.

ഒരു വസ്തുതയുടെയും പിന്തുണയില്ലാതെ അസത്യം മാത്രം പ്രചരിപ്പിക്കുന്ന ഈ വെറുപ്പിന്റെ പ്രചാരകരെ തിരിച്ചറിയാനും ഒറ്റപ്പെടുത്താനും നമുക്കാവണം. ഇവരുടെ ലക്ഷ്യം രാഷ്ട്രീയമാണെങ്കില്‍ ആ രാഷ്ട്രീയത്തെ പടിയടച്ചു പിണ്ടം വെക്കണം നമ്മള്‍.

 ഇവരുടെ ലക്ഷ്യം ആരുടേയും രക്ഷയല്ല, മറിച്ചു നാടിന്റെ തകര്‍ച്ചയാണെന്നു കേരളം തിരിച്ചറിയണം.ഒത്തൊരുമിച്ചു ഒരേ മനസുമായി നാടിന്റെ രക്ഷയ്ക്കായി നമുക്ക് പ്രവര്‍ത്തിക്കാം. എല്ലാ വൈരുധ്യങ്ങളും അഭിപ്രായവ്യത്യാസങ്ങളും മാറ്റിവച്ചു നാടിന്റെ അഘണ്ടതയ്ക്ക് കാവലിരിക്കാം.

രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും,ദുരന്തബാധിതരുടെ പുനരധിവാസത്തിനും, നാടിന്റെ പുനര്‍നിര്‍മാണത്തിനും സര്‍ക്കാര്‍ നടത്തുന്ന എല്ലാ ശ്രമങ്ങള്‍ക്കും ഈ നാടിന്റെയാകെ പിന്തുണയുണ്ടെന്ന് ഉറക്കെയുറക്കെ പ്രഖ്യാപിക്കാം.

ഒരു ദുരന്തത്തെ അതിജീവിച്ചവരാണ് നമ്മള്‍. ഈ ദുരന്തത്തെയും നമ്മള്‍ ഒരേ മനസോടെ  അതിജീവിക്കുമെന്നും എളമരം കരീം പറഞ്ഞു

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top