21 September Monday
23ന്റെ സത്യഗ്രഹത്തിൽ 25ലക്ഷത്തിലധികം പേർ അണിചേരും

പരിസ്ഥിതി നാശത്തിന് വഴിവെക്കുന്ന കേന്ദ്രനയം കോർപറേറ്റുകൾക്കുവേണ്ടി; എട്ടരലക്ഷം ഒഴിവുകൾ നികത്തുന്നില്ല: കോടിയേരി

വെബ് ഡെസ്‌ക്‌Updated: Friday Aug 14, 2020

തിരുവനന്തപുരം > കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായി ആഗസ്‌ത് 23ന് നടത്തുന്ന പരിപാടി വൻവിജയമാക്കാൻ തീരുമാനിച്ചതായി സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തിന് ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ സിപിഐ എം അംഗങ്ങളുടെയും അനുഭാവി ഗ്രൂപ്പ് അംഗങ്ങളുടെയും വർഗബഹുജന സംഘടനാ അംഗങ്ങളുടെയും വീടുകളിലാണ് 23ന് വൈകുന്നേരം നാല് മണിക്ക് അരമണിക്കൂർ നേരം സത്യഗ്രഹപരിപാടി നടത്താൻ തീരുമാനിച്ചിട്ടുള്ളത്.  25ലക്ഷത്തിലധികം ആളുകളെ പരിപാടിയിൽ പങ്കെടുപ്പിക്കാൻ കഴിയുമെന്നാണ് ജില്ലാ കമ്മിറ്റികളിൽ നിന്നുള്ള റിപ്പോർട്ട്. വരുംദിവസങ്ങളിൽ നടത്തുന്ന പ്രചരണം വഴി കൂടുതൽപേരെ ഈ പരിപാടിയിൽ പങ്കെടുപ്പിക്കാനുള്ള പരിശ്രമങ്ങൾ ഓരോ പാർടിഘടകങ്ങളും നടത്തുമെന്നും കോടിയേരി പറഞ്ഞു.

കോർപറേറ്റുകൾക്ക് അനുകൂലമായതും പരിസ്ഥിതിനാശത്തിന് ഇടയാക്കുന്നതുമായ നയമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. ഇഐഎ 2020 സംബന്ധിച്ച സിപിഐ എമ്മിന്റെ വിയോജിപ്പും പ്രതികരണവും നേരത്തേ വ്യക്തമാക്കിയതാണ്. ജൂലൈയിൽ തന്നെ പൊളിറ്റ് ബ്യൂറോ ഇത് സംബന്ധിച്ച എതിർപ്പ് കേന്ദ്രസർക്കാരിനെ അറിയിച്ചു. വിജ്ഞാപനത്തെ സംബന്ധിച്ച കേരളത്തിന്റെ പ്രതികരണം അറിയിക്കുകയും ചെയ്‌തു. ഈ കരട് വിജ്ഞാപനം പിൻവലിക്കുക തന്നെ വേണം.

ഖനനമേഖയ്‌ക്ക് വൻതോതിൽ സഹായം ചെയ്യുക എന്ന ഉദ്ദേശമാണ് കേന്ദ്രസർക്കാരിനുള്ളത്. ഹരിത ട്രിബ്യൂണലിന്റെയും കോടതിയുടെയുമൊക്കെ ഇടപെടലിന്റെ ഫലമായി പല വൻകിടപദ്ധതികളും തടയാനായി. ആ പദ്ധതികൾക്കെല്ലാം ഈ വിജ്ഞാപനത്തിന്റെ മറവിൽ അംഗീകാരം കൊടുക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്. ആദിവാസി ജനസമൂഹമാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യാഘാതം നേരിടാൻ പോകുന്നത്. വനമേഖല കയ്യടക്കാനും ധാതുവിഭവങ്ങൾ കൊള്ളയടിക്കാനും തക്കംപാർത്തിരിക്കുന്ന കോർപറേറ്റുകളെ ശക്തമായി എതിർക്കുന്നത് ആദിവാസി ജനസമൂഹമാണ്. ആ വിഭാഗത്തിന്റെ അഭിപ്രായം പോലും കേൾക്കാൻ തയ്യാറാകാതെയാണ് ഈ വിജ്ഞാപനം ഇറക്കിയത്.

സംസ്ഥാന തലത്തിലുള്ള പരിസ്ഥിതി കമ്മിറ്റികൾ എടുക്കുന്ന തീരുമാനത്തെ അട്ടിമറിച്ചുകൊണ്ട് വേറൊരു കമ്മിറ്റിവെക്കാൻ കേന്ദ്രസർക്കാരിന് അധികാരം നൽകുന്ന വിധത്തിലാണ് ഇപ്പോഴത്തെ വിജ്ഞാപനം. അതിനാൽ ഇഐഎ 2020 സമ്പൂർണമായി ജനവിരുദ്ധവും പരിസ്ഥിതിക്ക് നാശംവരുത്തുന്ന നിയമങ്ങളുമാണ്. പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുള്ള വികസനമാണ് നാം നടത്തേണ്ടത്.

കേന്ദ്രസർക്കാരിന്റെ നിയമനനിരോധനം കേരളത്തെ വളരെയധികം ബാധിക്കുകയാണ്. ഒട്ടേറെ തസ്‌തികകളിൽ നിയമനം നടത്താതെ ഒഴിച്ചിട്ടിരിക്കുകയാണ് കേന്ദ്രസർക്കാർ. എട്ട് ലക്ഷം ഒഴിവുകൾ കേന്ദ്രസർവീസിൽ ഇപ്പോഴുണ്ട്. ആ ഒഴിവുകളൊന്നും തന്നെ നികത്തുന്നില്ല. റവന്യു വകുപ്പിൽതന്നെ പകുതിയോളം സ്ഥാനങ്ങൾ ഒഴിഞ്ഞുകിടക്കുകയാണ്. പ്രതിരോധമേഖലയിലും ആരോഗ്യമേഖലയിലും കേന്ദ്രസർവീസിൽ 30ശതമാനം ഒഴിഞ്ഞുകിടക്കുന്നു. റെയിൽവേയിൽ 3.5 ലക്ഷം ഒഴിവുകളാണ് ഉള്ളത്. ഈ ഒഴിവുകളൊന്നും നികത്താൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നില്ല.

കേരളത്തിൽ നിന്ന് കുറേയധികം പേർക്ക് നിയമനം കിട്ടേണ്ടുന്ന തസ്‌തികകളാണ് ഇന്ന് പൂർണമായി മരവിച്ചിരിക്കുന്നത്. സംവരണവിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് ലഭിക്കേണ്ട തൊഴിലസവരങ്ങൾ ഗണ്യമായി നഷ്ടപ്പെട്ടുവെന്ന് പ്രത്യേകമായി സിപിഐ എം വിലയിരുത്തി. കേന്ദ്രം ഒഴിച്ചിട്ടിരിക്കുന്ന എല്ലാ സ്ഥാനങ്ങളിലും നിയമനം നടത്തണം. കോവിഡിന്റെ പശ്ചാത്തലത്തിൽ 15കോടി ആളുകളാണ് തൊഴിൽരഹിതരായി മാറുന്നത്. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രം നിയമനങ്ങൾ നടത്താതിരിക്കുന്നത്.

പൊതുമേഖലാസ്ഥാപനങ്ങൾ ഓരോന്നോരോന്നായി കേന്ദ്രസർക്കാർ വിൽപ്പന നടത്തുന്നു. ഏറ്റവും ഒടുവിൽ തിരുവനന്തപുരത്തുള്ള വിജയമോഹിനി മിൽ വിൽപ്പന നടത്താൻ തീരുമാനിച്ചിരിക്കുന്നു. എൻടിസിയുടെ കീഴിൽ കേരളത്തിലുള്ള അഞ്ച് മില്ലുകളും വിൽപ്പന നടത്താനാണ് പദ്ധതി. ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ്,
പാലക്കാട് ഇൻസ്ട്രുമെന്റേഷൻ ഫാക്ടറി, ബിപിസിഎൽ, ഹിന്ദുസ്ഥാൻ ലാറ്റക്‌‌സ്, ബിഇഎംഎൽ, കളമശേരി എച്ച്എംടി, കൊച്ചിൻ കപ്പൽശാല, എഫ്‌എസിടി, ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസ്, കെഇഎൽ, പാലക്കാട് ഐടിഎ ഇവയൊക്കെ വിൽപ്പനയ്‌ക്ക് വെച്ചിരിക്കുകയാണ്. ആയിരക്കണക്കിന് ആളുകളെ തൊഴിൽരഹിതരാക്കുന്നതാണ് കേന്ദ്രസർക്കാരിന്റെ ഈ തീരുമാനങ്ങൾ.

സംസ്ഥാന സർക്കാർ സ്ഥലം കൊടുത്ത് പ്രവർത്തിച്ചവയാണ് ഇത്തരം സ്ഥാപനങ്ങളിൽ മിക്കതും. അതുകൊണ്ട് ഇവ വിൽപ്പന നടത്തുന്നുണ്ടെങ്കിൽ സംസ്ഥാന സർക്കാരിനെ ഏൽപ്പിക്കണമെന്ന ആവശ്യം പോലും കേന്ദ്രം അംഗീകരിക്കുന്നില്ല. തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് വിറ്റ് കഴിഞ്ഞു. എന്നാൽ കേരളത്തിലെ എൽഡിഎഫ് സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളെ മെച്ചപ്പെട്ട നിലയിൽ നടത്തുകയാണ്. യുഡിഎഫ് കാലത്ത് നഷ്ടത്തിലായ പല സ്ഥാപനങ്ങളും ഇന്ന് ലാഭത്തിലാക്കി. ഇത് രണ്ട് സമീപനങ്ങളാണ്.

കേന്ദ്രസർക്കാരിന്റെ ഇത്തരം നയങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തിക്കൊണ്ടുവരാൻ വലിയതോതിലുള്ള ജനപങ്കാളിത്തം ഉറപ്പുവരുത്തും. മന്ത്രിമാർ ഒഴികെയുള്ള എല്ലാ പാർടി നേതാക്കളും അതാത് സ്ഥലങ്ങളിൽ പങ്കെടുക്കും.  കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും പരിപാടി സംഘടിപ്പിക്കുകയെന്നും കോടിയേരി അറിയിച്ചു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top