21 February Thursday

വിദ്യാഭ്യാസരംഗത്തെ കേന്ദ്രാവിഷ്‌കൃത പദ്ധതി നടത്തിപ്പ്‌: കേരളം മികച്ച സംസ്ഥാനം

വെബ് ഡെസ്‌ക്‌Updated: Wednesday Jan 23, 2019

തിരുവനന്തപുരം > വിദ്യാഭ്യാസരംഗത്തെ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നടത്തിപ്പിൽ കേരളം മികച്ച സംസ്ഥാനം. മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്‌ബുക്ക്‌ പോസ്‌റ്റിലാണ്‌ ഇക്കാര്യം അറിയിച്ചത്‌. കേന്ദ്ര മാനവശേഷി വികസനമന്ത്രാലയം നിർദേശിച്ച അഞ്ച്‌ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയുള്ള നീതി ആയോഗിന്റെ പരിശോധനാ റിപ്പോർട്ടിലാണ്‌ കേരളം ഒന്നാമതെത്തിയത്‌.

പ്രാഥമിക വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിന് ആവിഷ്‌കരിച്ച സർവ ശിക്ഷാ അഭിയാന്റെ (എസ്എസ്എ) 2017‐-18 വർഷത്തെ നിർവഹണത്തിലാണ് കേരളം മികവുപുലർത്തിയത്. പെൺകുട്ടികൾക്ക് സാർവത്രിക വിദ്യാഭ്യാസം നൽകുന്നതുൾപ്പെടെയുള്ള സാമൂഹിക നീതി നിർവഹണം, വിദ്യാലയങ്ങളിലേക്ക് കുട്ടികൾക്ക് എത്തിച്ചേരാനുള്ള സൗകര്യം, വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം, വിദ്യാലയങ്ങളുടെ നടത്തിപ്പ്, നല്ല ക്ലാസ് മുറികളും വൃത്തിയുള്ള ശൗചാലയങ്ങളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ എന്നിവയാണ് പരിഗണിച്ചത്. ഇവയിൽ കേരളത്തിന് ആകെ 826 പോയിന്റ് ലഭിച്ചു.

പദ്ധതിക്കായി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അനുവദിച്ച ഫണ്ട് കേരളത്തിൽ ഫലപ്രദമായി വിനിയോഗിച്ചെന്നും റിപ്പോർട്ടിലുണ്ട്. കേരളത്തിൽ 35 ലക്ഷം കുട്ടികൾ പദ്ധതികളുടെ ഗുണഭോക്താക്കളാണ്. ഒന്നുമുതൽ എട്ടുവരെയുള്ള ക്ലാസുകൾ എസ്എസ്എയുടെ കീഴിലും ഒമ്പതുമുതൽ പ്ലസ് ടു വരെ രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്റെ (ആർഎംഎസ്എ) കീഴിലുമായിരുന്നു. കഴിഞ്ഞ ഏപ്രിൽമുതൽ രണ്ട് പദ്ധതികളും സമഗ്ര ശിക്ഷാ അഭിയാൻ എന്നപേരിലായി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top