Deshabhimani

വെള്ളാര്‍മല, മുണ്ടക്കൈ സ്‌കൂളുകളിലെ കുട്ടികൾക്ക് തുടര്‍പഠന സൗകര്യം സജ്ജമാക്കി വിദ്യാഭ്യാസ വകുപ്പ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 06, 2024, 07:31 PM | 0 min read

മേപ്പാടി > ഉരുള്‍പൊട്ടൽ ദുരന്ത മേഖലയിലെ വെള്ളാര്‍മല, മുണ്ടക്കെ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് പഠനം തുടരാന്‍ സൗകര്യമൊരുക്കി വിദ്യാഭ്യാസ വകുപ്പ്. വെള്ളാര്‍മല ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, മുണ്ടക്കെ ഗവ. എൽപി സ്കൂള്‍ എന്നീ വിദ്യാലയങ്ങള്‍ തകർന്ന സാഹചര്യത്തിലാണ് ബദല്‍ സൗകര്യമൊരുക്കുന്നത്.

വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുപ്രകാരം ഈ മേഖലയില്‍ അണ്‍ എയ്ഡഡ് സ്‌കൂളുകളിൽ പഠിക്കുന്നവര്‍ ഉള്‍പ്പടെ 36  കുട്ടികള്‍ മരിക്കുകയും 17 കുട്ടികളെ കാണാതാവുകയും ചെയ്തിട്ടുണ്ട്. 316 കുട്ടികളെ സമീപപ്രദേശങ്ങളിലെ പത്ത് ദുരിതാശ്വാസ ക്യാമ്പുകളിലായി കുടുംബങ്ങളോടൊപ്പം മാറ്റി താമസിപ്പിച്ചു. അഞ്ച് കുട്ടികള്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വെള്ളാര്‍മല, മുണ്ടക്കൈ സ്‌കൂളുകളിലെ 61 പേര്‍ ബന്ധു വീടുകളിലും 166 പേര്‍ സ്വന്തം വീടുകളിലും അ‌ഞ്ച് പേര്‍ ആശുപത്രികളിലുമാണ്. 276 വിദ്യാര്‍ഥികള്‍ക്ക് പാഠപുസ്തകങ്ങള്‍ നഷ്ടമായി. 438 കുട്ടികള്‍ക്ക് മറ്റ് പഠനോപകരണങ്ങള്‍, നോട്ട്ബുക്ക്, യൂണിഫോം, ബാഗ് എന്നിവയും നഷ്ടമായി.

വെള്ളാര്‍മല ഗവ വൊക്കേഷന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ (വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഉള്‍പ്പടെ) 552 കുട്ടികള്‍ക്കും മുണ്ടക്കൈ ജിഎല്‍പി സ്‌കൂളിലെ (പ്രീ-പ്രൈമറി ഉള്‍പ്പെടെ) 62 കുട്ടികള്‍ക്കുമാണ് ബദല്‍ സൗകര്യമൊരുക്കുന്നത്. ഇതിനായി മേപ്പാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ലഭ്യമായ സൗകര്യങ്ങളും മുണ്ടക്കൈ ജിഎല്‍പി സ്‌കൂളിലെ കുട്ടികള്‍ക്കായി മേപ്പാടി ജിഎല്‍പി സ്‌കൂളിനോട് ചേര്‍ന്നുള്ള ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള എപിജെ ഹാളിലും സൗകര്യം ഒരുക്കും.

വെള്ളാര്‍മല സ്‌കൂളിലെ ഒന്ന് മുതല്‍ 10 വരെയുള്ള 17 ഡിവിഷനുകളില്‍ പഠിക്കുന്ന 465 കുട്ടികള്‍ക്ക് മേപ്പാടി ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗത്തിൽ അവസരം നൽകും. വിഎച്ച്എസ്ഇ വിഭാഗത്തില്‍ 4 ക്ലാസ്സുകള്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലേക്കും മാറ്റും. സ്‌കൂളിലെ ഡൈനിങ് ഹാള്‍, എടിഎല്‍ ലാബ്, ലൈബ്രറി ഹാള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലെ 6 ക്ലാസ് മുറികള്‍, ലാബ് സൗകര്യങ്ങള്‍ ഉപയോഗിച്ചാണ് തുടര്‍പഠനം സാധ്യമാക്കുക.

മുണ്ടക്കൈ ജിഎല്‍പി സ്‌കൂളിലെ പ്രീ-പ്രൈമറി വിഭാഗത്തിലെ 18 കുട്ടികളുടെയും പ്രൈമറി വിഭാഗത്തിലെ 48 കുട്ടികളുടെയും പഠന സൗകര്യം മേപ്പാടി ഗ്രാമപഞ്ചായത്ത് ഉടമസ്ഥതയിലുള്ള ഹാളിലും ഒരുക്കും. പൊതു പരീക്ഷ എഴുതാന്‍ തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് ക്ലാസുകള്‍ ആരംഭിക്കാന്‍ രക്ഷിതാക്കള്‍ താത്പര്യമറിയിച്ചതായും വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അറിയിച്ചു. ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി സ്‌കൂളിലെ അധ്യാപകര്‍ക്ക് വിദഗ്ധരുടെ സഹായത്തോടെ പ്രത്യേക പരിശീലനം നല്‍ക്കും.



deshabhimani section

Related News

View More
0 comments
Sort by

Home