13 December Friday

ഇടമൺ–-കൊച്ചി പവർ ഹൈവേ വൈദ്യുതി പ്രതിസന്ധിക്ക്‌ ദീർഘകാല പരിഹാരം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 19, 2019


അടൂർ
ആയിരം കോടിയിലേറെ ചെലവഴിച്ച്‌ നിർമിച്ച ഇടമൺ –- കൊച്ചി പവർ ഹൈവേ കേരളത്തിലെ വൈദ്യുതി പ്രതിസന്ധിക്ക്‌ ദീർഘകാല പരിഹാരമാകുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ.  ഇടമൺ –- കൊച്ചി പവർ ലൈൻ നാടിന്‌ സമർപ്പിച്ച്‌  സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഒരിക്കലും നടക്കില്ലെന്നു കരുതി ഉപേക്ഷിക്കപ്പെട്ട പദ്ധതിയാണിത്.   266 മെഗാവാട്ട് വൈദ്യുതി കേരളത്തിലേക്ക്‌ കൊണ്ടുവരുന്നതിനുള്ള പദ്ധതി  2005ലാണ് ആലോചനയിൽ വരുന്നത്‌. 2006–-11ൽ പദ്ധതിക്ക് വ്യക്തമായ മാർഗരേഖ ഉണ്ടായെങ്കിലും നിർമാണം ആരംഭിക്കേണ്ട ഘട്ടത്തിൽ  ഉയർന്ന പ്രശ്നങ്ങൾക്ക്‌ പരിഹാരം കാണാതെ ഉപേക്ഷിക്കുകയായിരുന്നു.

എൽഡിഎഫ്‌ സർക്കാർ വന്നശേഷം പദ്ധതി നാടിന്‌ എത്രമാത്രം ആവശ്യമാണെന്ന്‌ ബുദ്ധിമുട്ട്‌ നേരിടുന്നവരെ ബോധ്യപ്പെടുത്താൻ  ശ്രമിച്ചു. ബുദ്ധിമുട്ട്‌ അനുഭവിക്കേണ്ടി വരുന്നതുവഴി  പദ്ധതി ഉപേക്ഷിക്കാനാവില്ലെന്നും പരാതിക്കാർ വന്നു കണ്ടപ്പോൾ പറഞ്ഞു. നിർമാണം ആരംഭിച്ചപ്പോൾ അവർ തടയാൻ ശ്രമിച്ചു. അപ്പോൾ എന്താണ്‌ സർക്കാരെന്ന്‌ അവർ അറിഞ്ഞു. ആ സമയം ഇടപെടാൻ വേറെ ആളുകളുണ്ടായി. സഹകരിക്കാൻ തയ്യാറായാൽ വേറെ പ്രശ്‌നം ഉണ്ടാവില്ലെന്ന്‌ അവരെ അറിയിച്ചു.

ഒരു പദ്ധതിയും എതിർപ്പിന്റെ ഭാഗമായി ഉപേക്ഷിക്കാനാവില്ല. അതിനെ മറികടന്ന്‌ മുന്നോട്ട്‌ പോകുക  മാത്രമേ നാടിന്റെ വികസനം ആഗ്രഹിക്കുന്ന ഒരു സർക്കാരിന്‌ ചെയ്യാനാകു. നേരത്തെ മുടങ്ങിയ എല്ലാ പദ്ധതികൾക്കും ഇതേ അനുഭവമാണുള്ളത്‌. ഗെയ്‌ൽ പദ്ധതി പൂർത്തിയാകാൻ ഇനി മൂന്ന്‌ കിലോമീറ്റർ മാത്രമേയുള്ളൂ. അത്‌ ഗെയ്‌ലിന്റെ കാലതാമസമാണ്‌.

എല്ലാ സർക്കാരുകളും ഒരുപോലെയല്ലെന്ന്‌  ഇപ്പോൾ അവർക്ക്‌ ബോധ്യമായിട്ടുണ്ട്‌. പ്രാദേശികമായ ഓരോ പ്രശ്നത്തിലും ഇടപെട്ട് പരിഹാരം കാണുന്നതിന് വൈദ്യുതിലൈൻ കടന്നുപോകുന്ന റൂട്ടിലെ എംഎൽഎമാർ അടക്കമുള്ള ജനപ്രതിനിധികളെ പ്രത്യേകം ചുമതലപ്പെടുത്തി. പദ്ധതി പ്രവർത്തനങ്ങളുടെ ഏകോപനത്തിന് കലക്ടർമാർക്ക് ചുമതല നൽകി. കേന്ദ്ര സർക്കാർ സ്ഥാപനമായ പിജിസിഐഎല്ലിന്റെ പ്രവർത്തനങ്ങളെ സഹായിക്കാൻ കെഎസ്ഇബിയുടെ ഒരു സ്‌പെഷ്യൽ ടാസ്ക് ഫോഴ്സ് രൂപീകരിച്ചു.

കൂടംകുളം ആണവോർജ നിലയത്തിൽനിന്ന്‌ കൊച്ചിയിലേക്ക് നേരിട്ടു പ്രസരണ ലൈൻ വരുന്നതോടെ കേന്ദ്ര പൂളിൽനിന്ന് 2000 മെഗാവാട്ട് വരെ വൈദ്യുതി കൊണ്ടുവരാൻ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.  വെദ്യുതി വകുപ്പ്‌ മന്ത്രി എം എം മണി അധ്യക്ഷനായി


പ്രധാന വാർത്തകൾ
 Top