18 June Friday

തോൽവിയിൽ തകർന്ന്‌ ലീഗിലെ ഇബ്രാഹിംകുഞ്ഞ്‌ വിഭാഗം

വെബ് ഡെസ്‌ക്‌Updated: Thursday May 13, 2021

കൊച്ചി > കളമശേരിയിലെ നാണംകെട്ട തോൽവിയോടെ എറണാകുളം ജില്ലയിൽ പ്രബലമായിരുന്ന മുസ്ലിംലീഗിലെ വി കെ ഇബ്രാഹിംകുഞ്ഞ്‌ വിഭാഗം ഇല്ലാതാകുന്നു. കളമശേരിയിൽ മത്സരിക്കാൻ ഇബ്രാഹിംകുഞ്ഞിന്റെ മകൻ വി ഇ അബ്‌ദുൾ ഗഫൂർ ജില്ലാ ജനറൽ സെക്രട്ടറിസ്ഥാനം ഒഴിഞ്ഞിരുന്നു. അതോടെ ജില്ലാ പ്രസിഡന്റ്‌, ജനറൽ സെക്രട്ടറി സ്ഥാനങ്ങൾ ഇബ്രാഹിംകുഞ്ഞ്‌ വിരുദ്ധ വിഭാഗത്തിനായി. സിറ്റിങ് സീറ്റിലെ കനത്ത തോൽവിയോടെ ഇബ്രാഹിംകുഞ്ഞിനൊപ്പമുള്ള ജില്ലാ ഭാരവാഹികളും ചാഞ്ചാട്ടത്തിലാണ്‌.

പതിനെട്ടംഗ ജില്ലാ കമ്മിറ്റിയിൽ വി ഇ അബ്‌ദുൾ ഗഫൂർ ഉൾപ്പെടെ ഏഴുപേരാണ്‌ ഇബ്രാഹിംകുഞ്ഞ്‌ പക്ഷത്തുള്ളത്‌. അതിൽ മൂന്നുപേർ വൈസ്‌ പ്രസിഡന്റുമാരും രണ്ട്‌ സെക്രട്ടറിമാരും ഒരു ട്രഷററുമാണുള്ളത്‌. ഗഫൂർ ഒഴികെയുള്ള ഭാരവാഹികൾ ഗ്രൂപ്പുമാറ്റത്തിന്റെ സൂചന നൽകിയതായാണ്‌ വിവരം. ഇവരിൽ പലർക്കും ഗഫൂറിനെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധമുണ്ടായിരുന്നു. കളമശേരിയിൽ ഇബ്രാഹിംകുഞ്ഞിന്‌ സീറ്റ്‌ നിഷേധിച്ചപ്പോൾ ഗ്രൂപ്പിലെ മുതിർന്ന നേതാക്കളെയൊന്നും സ്ഥാനാർഥിത്വത്തിന്‌ പരിഗണിക്കാതിരുന്നതാണ്‌ കാരണം. ഒപ്പം അബ്‌ദുൾ ഗഫൂർ ഒഴിയുമ്പോൾ ജനറൽ സെക്രട്ടറിസ്ഥാനം കബീർ വിഭാഗത്തിന്‌ വിട്ടുകൊടുത്തതും അമർഷത്തിനിടയാക്കി.

എന്നാൽ, തെരഞ്ഞെടുപ്പുകാലത്ത്‌ ഇബ്രാഹിംകുഞ്ഞിനൊപ്പം നിന്ന ഇവർ കളമശേരിയിലെ കനത്ത തോൽവിയോടെ പ്രതിഷേധം കനപ്പിച്ചതായി അഹമ്മദ്‌ കബീർ വിഭാഗം നേതാക്കൾ പറയുന്നു.  ഇബ്രാഹിംകുഞ്ഞിനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി തെരഞ്ഞെടുപ്പിനുശേഷം ചേർന്ന രണ്ടു ജില്ലാ കമ്മിറ്റികളിൽനിന്ന്‌ ഗഫൂർ ഒഴികെയുള്ള ആറു ഭാരവാഹികളും വിട്ടുനിന്നു. തദ്ദേശസ്ഥാപനങ്ങളിലേക്ക്‌ ജയിച്ച ലീഗ്‌ പ്രതിനിധികൾക്ക്‌ ജില്ലാതലത്തിൽ നൽകിയ സ്വീകരണച്ചടങ്ങിലും ഇവർ പങ്കെടുത്തില്ല. സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം പങ്കെടുത്ത ചടങ്ങാണ്‌ ഇബ്രാഹിംകുഞ്ഞ്‌ വിഭാഗത്തിലെ ആറ്‌ നേതാക്കൾ ബഹിഷ്‌കരിച്ചത്‌.

ജനറൽ സെക്രട്ടറിസ്ഥാനം ഒഴിഞ്ഞ അബ്‌ദുൾ ഗഫൂറിന്‌ വേറെ ചുമതല നൽകേണ്ടെന്നാണ്‌ കബീർ വിഭാഗത്തിന്റെ തീരുമാനം. അതോടെ ഇബ്രാഹിംകുഞ്ഞ്‌ വിഭാഗത്തിന്റെ തകർച്ച പൂർണമാകുമെന്നും അവർ കണക്കുകൂട്ടുന്നു. ഇക്കാര്യത്തിൽ സംസ്ഥാന നേതൃത്വത്തിൽനിന്നുള്ള ഇടപെടലിനും സാധ്യത കുറവാണ്‌. കളമശേരിയിലെ തോൽവിയുടെ ഉത്തരവാദിത്തം മുഴുവൻ കബീർ വിഭാഗത്തിനുമേൽ കെട്ടിവയ്‌ക്കാൻ ഇബ്രാഹിംകുഞ്ഞ്‌ ശ്രമിച്ചതും കബീർ വിഭാഗത്തെ പ്രകോപിപ്പിച്ചിട്ടുണ്ട്‌. തെരഞ്ഞെടുപ്പുഫലം വരുന്നതിന്‌ രണ്ടുദിവസംമുമ്പ്‌ മണ്ഡലത്തിലെ കോൺഗ്രസ്‌ നേതാക്കളെക്കൊണ്ട്‌ കബീർ വിഭാഗത്തിനെതിരെ സംസ്ഥാന നേതൃത്വത്തിന്‌ പരാതി നൽകിച്ചതാണ്‌ അതിന്‌ കാരണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top