20 July Saturday

ഇ പി ജയരാജനെ വെടിവച്ചു കൊല്ലാൻ ശ്രമം: പ്രതിസ്ഥാനത്തുനിന്ന‌് ഒഴിവാക്കണമെന്ന‌ സുധാകരന്റെ ഹർജി മെയ‌് 22ലേക്ക‌് മാറ്റി

വെബ് ഡെസ്‌ക്‌Updated: Wednesday Apr 10, 2019

കണ്ണൂർ> സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും വ്യവസായമന്ത്രിയുമായ ഇ പി ജയരാജനെ വാടക ഗുണ്ടകളെ അയച്ച‌് ട്രെയിനിൽ വെടിവച്ചു കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതിസ്ഥാനത്തുനിന്ന‌് ഒഴിവാക്കണമെന്നാവശ്യപ്പെട്ട‌് കോൺഗ്രസ‌് നേതാവ‌് കെ സുധാകരൻ സമർപ്പിച്ച ഹർജി ഹൈക്കോടതി മെയ‌് 22ലേക്കു മാറ്റി. തിരുവനന്തപുരം അഡീഷണൽ സെഷൻസ‌് കോടതിയുടെ പരിഗണനയിലുള്ള ഗൂഢാലോചനക്കേസിൽനിന്ന‌് ഒഴിവാക്കണമെന്നാവശ്യപ്പെട്ട‌് ഒന്നാംപ്രതിയായ സുധാകരനും മൂന്നാംപ്രതി രാജീവനും സമർപ്പിച്ച ഹർജിയാണ‌് കഴിഞ്ഞദിവസം ഹൈക്കോടതി  മുമ്പാകെ വന്നത‌്. പഴയ കേസായതിനാൽ അതിവേഗം തീർപ്പാക്കണമെന്ന പരാമർശത്തോടെയാണ‌് ജസ‌്റ്റിസ‌് രാജാ വിജയരാഘവൻ ഹർജി മാറ്റിവച്ചത‌്.

1995 ഏപ്രിൽ 12നാണ‌് രാജധാനി എക്സ്പ്രസിലെ യാത്രയ‌്ക്കിടെ ആന്ധ്രപ്രദേശിലെ ചിരാലയിൽ വച്ച‌് ഇ പി ജയരാജനു വെടിയേറ്റത‌്. വാഷ‌്ബേസിനു സമീപം മറഞ്ഞുനിന്നു ജയരാജുനേരെ വെടിയുതിർത്ത വാടക ക്രിമിനൽ പേട്ട ദിനേശനും കൂട്ടുപ്രതി വിക്രംചാലിൽ ശശിയും അന്നു തന്നെ പിടിയിലായി. ഇവരെ ചോദ്യം ചെയ‌്തതോടെ സംഭവത്തിനു പിന്നിലെ ക്രിമിനൽ ഗൂഢാലോചനയുടെ ചുരുളഴിഞ്ഞെങ്കിലും കേസന്വേഷിച്ച ചിരാല റെയിൽവേ പൊലീസ‌് ഇതേക്കുറിച്ച‌് കാര്യമായ അന്വേഷണം നടത്തിയില്ല. തിരുവനന്തപുരം തൈക്കാട‌് ഗസ‌്റ്റ‌്ഹൗസിൽ സുധാകരന്റെയും ഇന്നു ജീവിച്ചിരിപ്പില്ലാത്ത മറ്റൊരു നേതാവിന്റെയും നേതൃത്വത്തിലായിരുന്നു ഗൂഢാലോചനയെന്നും ഇവരാണ‌് തോക്കും തന്ന‌് തങ്ങളെ പറഞ്ഞുവിട്ടതെന്നും ദിനേശനും ശശിയും വെളിപ്പെടുത്തിയിരുന്നു.

ബാഹ്യ സമ്മർദങ്ങൾക്കടിപ്പെട്ട‌് ചിരാല പൊലീസ‌് നടത്തിയ കള്ളക്കളി ബോധ്യമായതോടെ ഇ പി ജയരാജൻ തിരുവനന്തപുരം കോടതിയിൽ സ്വകാര്യ അന്യായം  ഫയൽ ചെയ്യുകയായിരുന്നു. കോടതി നിർദ്ദേശപ്രകാരം തമ്പാനൂർ പൊലീസാണ‌്  കൊലപാതക ശ്രമം, അതിനായുള്ള ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾക്ക‌് ഇന്ത്യൻ ശിക്ഷാനിയമം 120 ബി, 307 റെഡ‌് വിത്ത‌് 120 ബി, 34 വകുപ്പുകൾ പ്രകാരം കേസ‌് രജിസ‌്റ്റർ ചെയ‌്തത‌്. തുടർന്ന‌് തിരുവനന്തപുരം എസിപി അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു.  സുധാകരൻ, രാജീവൻ, വിക്രംചാലിൽ ശശി, പേട്ട ദിനേശൻ എന്നിവരടക്കം അഞ്ചു പേരാണ‌് പ്രതികൾ. രണ്ടാംപ്രതി കുറ്റപത്രം സമർപ്പിച്ച ശേഷവും നാലാംപ്രതി അന്വേഷണ കാലയളവിലും മരിച്ചു.

ഒരേ സംഭവത്തിൽ രണ്ടു പ്രഥമവിവര റിപ്പോർട്ടുകൾ പാടില്ലെന്ന വാദമുന്നയിച്ച‌് സുധാകരനും മറ്റു പ്രതികളും കേസ‌് തടയാൻ ശ്രമിച്ചെങ്കിലും തിരുവനന്തപുരം  അഡീഷണൽ സെഷൻസ‌് കോടതി ഇതംഗീകരിച്ചില്ല.  ലഭ്യമായ തെളിവുകളും സാക്ഷിമൊഴികളും അനുസരിച്ച‌് കേസ‌് നിലനിൽക്കുമെന്ന‌് കോടതി വ്യക്തമാക്കി. ഇതിനെതിരെയാണ‌് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top