15 October Tuesday

വ്യവസായം തുടങ്ങാൻ നിക്ഷേപകർക്ക് സൗകര്യങ്ങളൊരുക്കും, വാണിജ്യകോടതി സ്ഥാപിക്കും: മന്ത്രി ഇ പി ജയരാജൻ

വെബ് ഡെസ്‌ക്‌Updated: Saturday Aug 31, 2019

കൊച്ചി >  വ്യാവസായിക രംഗത്ത് സമഗ്ര വികസനം നടപ്പാക്കാനുള്ള കർമ്മപദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നതെന്ന്‌ വ്യവസായ മന്ത്രി ഇ പി ജയരാജൻ പറഞ്ഞു. കൊച്ചി ബോൾഗാട്ടി പാലസിൽ വ്യവസായി സൗഹൃദ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിക്ഷേപകർക്ക് വ്യവസായം തുടങ്ങാൻ എല്ലാ സൗകര്യങ്ങളുമൊരുക്കുകയാണ് സർക്കാർ. ഇതിന്റെ ഭാഗമായാണ് കേരള ഇൻഡസ്ട്രിയൽ ഫെസിലിറ്റേഷൻ ആൻഡ് പ്രൊമോഷൻ ആക്ട് അവതരിപ്പിച്ചത്. പുതിയ സംരംഭങ്ങൾക്ക് ലൈസൻസ് അടക്കമുള്ള അനുമതികൾ വേഗത്തിൽ ലഭ്യമാക്കുന്നതിനായി കെ -സ്വിഫ്റ്റ് എന്ന ഓൺലൈൻ ക്ലിയറൻസ് സംവിധാനവും അവതരിപ്പിച്ചു. 14 വകുപ്പുകളുടെ 29 സേവനങ്ങളാണ് ഇതുവഴി ലഭ്യമാകുകയെന്നും മന്ത്രി പറഞ്ഞു.

 കെട്ടിട നിർമ്മാണ അനുമതി, സുരക്ഷാ ക്ലിയറൻസ് തുടങ്ങിയവ ഒറ്റ പ്ലാറ്റ്ഫോമിലൂടെ ലഭ്യമാകും. 30 ദിവസത്തിനകം ലൈസൻസ് ലഭിച്ചിട്ടില്ലെങ്കിൽ സ്വമേധയാ ലൈസൻസിന് അർഹതയുണ്ടാകും. പുതിയ നിയമവുമായി ബന്ധപ്പെട്ട് നിക്ഷേപകരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ചർച്ച ചെയ്യുന്നതിനാണ് വ്യവസായി സംഗമം സംഘടിപ്പിച്ചത്.

 10 കോടി രൂപ വരെ നിക്ഷേപമുള്ള വ്യവസായങ്ങൾക്ക് നിലവിലെ നിയമവ്യവസ്ഥ അനുസരിച്ച് നേരിട്ട് വ്യവസായം ആരംഭിക്കാം. മൂന്നു വർഷത്തിനുള്ളിൽ ലൈസൻസ് നേടിയാൽ മതി. സർക്കാർ ഓഫീസുകൾ കയറിയിറങ്ങാതെ വ്യവസായം ആരംഭിക്കാം. 10 കോടിക്കു മുകളിലുള്ള നിക്ഷേപത്തിന് നേരിട്ട് അനുമതി നൽകുന്നതും പരിഗണനയിലാണ്. ഇൻവെസ്റ്റ്മെന്റ് കേരള എന്ന വെബ് പോർട്ടലും ആരംഭിച്ചിട്ടുണ്ട്. വ്യവസായ മേഖലകളുടെ സമഗ്ര വിവരങ്ങൾ ഇതിൽ ലഭിക്കും. കെ - സ്വിഫ്റ്റിന്റെ രണ്ടാം പതിപ്പിൽ 25 വകുപ്പുകളെ ഉൾപ്പെടുത്തും.

 വ്യവസായ രംഗത്തേക്ക് കൂടുതൽ നിക്ഷേപകരെ ആകർഷിക്കുന്നതിനായി ബഹുനില വ്യവസായ സമുച്ചയങ്ങൾ സർക്കാർ ആരംഭിക്കുകയാണ്. വാണിജ്യ വ്യവഹാരങ്ങൾ വേഗത്തിലാക്കാൻ വാണിജ്യകോടതി സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.  ഇതിനായി ഹൈക്കോടതിയിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലാണ് വാണിജ്യ കോടതി സ്ഥാപിക്കുക.

 വായ്പയെടുത്ത് കടബാധ്യതയിലായ വ്യാപാരികൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പാക്കും. കെഎസ്ഐഡിസിയെ ശക്തിപ്പെടുത്തി കൂടുതൽ വായ്പകൾ അനുവദിക്കും. വിദേശ നിക്ഷേപകരുടെ പ്രൊജക്‌ടുകൾ നടപ്പിലാക്കാനുള്ള ശ്രമങ്ങളും നടത്തി വരുന്നു. വ്യവസായി സംഘടനകളുടെയും സംരംഭകരുടെയും യോഗം വിളിച്ച് നിർദേശങ്ങൾ പരിഗണിച്ചായിരിക്കും പദ്ധതികൾ നടപ്പാക്കുകയെന്നും മന്ത്രി പറഞ്ഞു. പ്രളയബാധിതരായ വ്യാപാരികൾക്ക് പ്രത്യേക പാക്കേജ് ഉടൻ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.

 


പ്രധാന വാർത്തകൾ
 Top