26 October Monday
കള്ളപ്രചാരണം ജനങ്ങൾ തിരിച്ചറിയും

തനിക്കും കുടുംബത്തിനുമെതിരെ നീചമായ ആക്രമണം: മന്ത്രി ഇ പി ജയരാജൻ

പ്രത്യേക ലേഖകൻUpdated: Tuesday Sep 15, 2020


കണ്ണൂർ> മലയാള മനോരമയും ചില രാഷ്‌ട്രീയ എതിരാളികളും ചേർന്ന്‌ തനിക്കും കുടുംബത്തിനുമെതിരെ വ്യാജവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളുമായി നീചമായ ആക്രമണം നടത്തുകയാണെന്ന്‌ വ്യവസായമന്ത്രി ഇ പി ജയരാജൻ. പൊതുപ്രവർത്തകനായ തനിക്കെതിരെ മാത്രമല്ല, ഭാര്യയ്‌ക്കും മക്കൾക്കുമെതിരെ പോലും ക്രൂരവും മനസ്സാക്ഷിക്ക്‌ നിരക്കാത്തതുമായ ആക്ഷേപങ്ങൾ ഉന്നയിക്കുന്നു. ഇതിനു പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും മന്ത്രി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

മാനുഷിക പരിഗണന പോലും  ഇല്ലാതെയാണ്‌ രാഷ്‌ട്രീയ ലക്ഷ്യം മുൻനിർത്തിയുള്ള വേട്ടയാടൽ. ഒരു മാധ്യമധർമവും കണക്കിലെടുക്കാതെ ഭാര്യക്കെതിരെ മനോരമ തിങ്കളാഴ്‌ച മെനഞ്ഞ വാർത്ത ഇതിനു തെളിവാണ്‌. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ യോഗത്തിൽ പങ്കെടുത്ത മന്ത്രി തോമസ്‌ ഐസക്കിന് കോവിഡ്‌ സ്ഥിരീകരിച്ചതിനെ തുടർന്ന്‌ ഞാൻ ക്വാറന്റൈനിൽ ആയിരുന്നു. എന്നാൽ ഭാര്യ ക്വാറന്റൈനിലായിരുന്നില്ല. പേരക്കുട്ടിയുടെ പിറന്നാൾ പ്രമാണിച്ച്,‌ ലോക്കറിലുള്ള കുട്ടികളുടെ ആഭരണം എടുക്കാനാണ്‌ ഭാര്യ ബാങ്കിൽ പോയത്‌. പൂർണമായും കോവിഡ്‌ നിയന്ത്രണങ്ങൾ പാലിച്ചായിരുന്നു എല്ലാ ഇടപാടുകളും നടത്തിയത്‌. ഈ വസ്‌തുതകൾ മറച്ചുവച്ചാണ്‌ ധാർമികതയുടെ കണികപോലുമില്ലാതെ കള്ളം പ്രചരിപ്പിക്കുന്നത്‌.

ഒരു സ്‌ത്രീയെ വ്യക്തിഹത്യ നടത്താൻ മടികാണിക്കാത്ത നെറികെട്ട നിലപാട്‌ ഒരു മാധ്യമത്തിനും ചേർന്നതല്ല. ഒരുതരത്തിലുള്ള അനാവശ്യവിവാദങ്ങളിലും എന്റെ കുടുംബം ഇതുവരെ ഉൾപ്പെട്ടിട്ടില്ല. മക്കൾ മാന്യമായി ജോലി ചെയ്‌തു ജീവിക്കുന്നവരാണ്‌.മകനെതിരെയും അനാവശ്യ ആരോപണങ്ങൾ ഉന്നയിച്ച്‌ പുകമറ സൃഷ്‌ടിക്കുന്നു. മനോരമ നൽകിയ അടിസ്ഥാനരഹിത വാർത്ത എൻഫോഴ്‌സ്‌മെന്റ്‌ റിപ്പോർട്ടാണെന്ന രീതിയിൽ ബിജെപി അധ്യക്ഷൻ വാർത്താസമ്മേളനം നടത്തി പറഞ്ഞത്‌ പരിഹാസ്യമാണ്‌. മകന്‌ ഒരറിവുമില്ലാത്ത വിഷയങ്ങളിൽ അഴിമതി ആരോപിക്കുന്നത്‌ ക്രൂരമാണ്‌.

പതിറ്റാണ്ടുകളായി രാഷ്‌ട്രീയരംഗത്തുള്ള എന്നെ ജനങ്ങൾക്കറിയാം. എന്നും അവർക്കൊപ്പം നിലകൊള്ളുകയും ജനകീയപ്രശ്‌നങ്ങൾക്കായി ശബ്ദം ഉയർത്തുകയും ചെയ്‌ത ഞാൻ അവരിലൊരാളാണ്‌. മാധ്യമങ്ങളും രാഷ്‌ട്രീയ എതിരാളികളും നടത്തുന്ന കള്ളപ്രചാരണം കേരളജനത തിരിച്ചറിയും. ജനാധിപത്യഭരണം അട്ടിമറിക്കാനും ജനോപകാര പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന ഗവൺമെന്റിനെ അട്ടിമറിക്കാനും വർഗീയ ഫാസിസ്റ്റ്‌ ശക്തികളുടെ അവിശുദ്ധ കൂട്ടുകെട്ട്‌ വിഷംചീറ്റുകയാണ്‌. അധികാരത്തിനായി അവർ ഏതു വഴിയും സ്വീകരിക്കും. എല്ലാ കാലവും ജനങ്ങളുടെ കണ്ണിൽപ്പൊടിയിടാൻ സാധിക്കില്ല. കേരള ജനതയുടെ സാമാന്യയുക്തിയെ പരിഹസിക്കുന്ന കള്ളക്കഥകൾക്ക്‌ ആയുസ് കുറവായിരിക്കും. സത്യം പുറത്തുവരിക തന്നെ ചെയ്യും. ജനങ്ങളുടെ കോടതിയിൽ ഞങ്ങൾക്ക്‌ പൂർണ വിശ്വാസമുണ്ട്‌. അവർ യാഥാർഥ്യം തിരിച്ചറിയും. മലയാള മനോരമക്കും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനുമെതിരെ നിയമനടപടികൾ സ്വീകരിച്ചതായും ഇ പി ജയരാജൻ വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top