18 February Monday
ഫെബ്രുവരി ഒന്നുമുതൽ തിരുവനന്തപുരം–- എറണാകുളം റൂട്ടിൽ 10 ഇ–-ബസുകൾ

എറണാകുളം‐ തിരുവനന്തപുരം ഇനി ഇലക്‌ട്രോണിക്‌ യാത്ര: ഇ‐ബസ്‌ അടുത്തമാസം മുതൽ

സ്വന്തം ലേഖകൻUpdated: Friday Jan 18, 2019

തിരുവനന്തപുരം > നിലയ‌്ക്കൽ–- പമ്പ റൂട്ടിൽ വിജയമായതോടെ ദീർഘദൂര റൂട്ടുകളിലും  കെഎസ‌്ആർടിസിയുടെ ഇലക്‌ട്രിക‌് ബസ‌് സർവീസുകൾ വരുന്നു. ഫെബ്രുവരി ഒന്നുമുതലാണ‌് തിരുവനന്തപുരം–- എറണാകുളം റൂട്ടിൽ പത്ത‌് ഇ–-ബസുകൾ സർവീസ‌് നടത്തക. ആറ്റിങ്ങൽ, കരുനാഗപ്പള്ളി, കൊല്ലം, കായംകുളം, ഹരിപ്പാട‌്, ആലപ്പുഴ എന്നിവിടങ്ങളിലാണ‌് സ‌്റ്റോപ്പ‌്. ഇപ്പോഴുള്ള സീറ്റുകൾ  മാറ്റി പുഷ‌്ബാക്ക‌് ആക്കും. കണ്ടക്ടർ ഉണ്ടാകില്ല. സ‌്റ്റോപ്പുകളുള്ള സ‌്റ്റേഷനുകളിൽനിന്ന‌് ടിക്കറ്റെടുത്ത‌് യാത്രചെയ്യാം.
നിലയ‌്ക്കൽ–- പമ്പ റൂട്ടിൽ അഞ്ച‌് ഇലക‌്ട്രിക്ക‌് ബസുകൾ  ഓടിച്ചത‌് വൻ വിജയമായിരുന്നു.  ദിവസം ശരാശരി 360 കിലോമീറ്റർ ഒരു ബസ് ഓടി. കിലോമീറ്ററിന് 110 രൂപനിരക്കിൽ വരുമാനവും ലഭിച്ചു. വൈദ്യുതി ചാർജും മറ്റും  ഒഴിവാക്കിയാൽ  ഒരുകിലോമീറ്ററിന് 57 രൂപയിലധികം കെഎസ്ആർടിസി ലാഭം നേടി.
സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനത്തിലേക്ക് ചുവടുവച്ച ഇലക്‌ട്രിക് ബസുകൾക്ക് വൻ സ്വീകാര്യതയാണ‌് ലഭിച്ചതെന്ന‌്  മുഖ്യമന്ത്രി പിണറായി വിജയൻ  ഫെയ‌്സ‌്ബുക്കിൽ കുറിച്ചിരുന്നു. ഡീസൽ എസി ബസുകൾക്ക് കിലോമീറ്ററിന് 31 രൂപ ഇന്ധനയിനത്തിൽ ചെലവാകുമ്പോൾ ഇലക്‌ട്രിക്‌ ബസുകൾക്ക് ആറുരൂപ മതി. വൈദ്യുതിനിരക്ക‌്  കുറഞ്ഞ രാത്രി സമയത്താണ് ചാർജ‌്  ചെയ്യുന്നത്. പുകമലിനീകരണം ഇല്ലാതായതോടെ അന്തരീക്ഷ മലിനീകരണവും കുറയുമെന്നതാണ് പ്രത്യേകത.10 വർഷത്തേക്ക് വാടകയ‌്ക്കെടുത്ത ഇ- ബസുകൾ ഇനി ദീർഘദൂര സർവീസുകൾക്ക് ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

ഇ ബസ‌്: യാത്രക്കും പരമസുഖം
 ഇലക്ട്രോണിക്ക‌് ബസ‌് ബ്രേക്ക‌്  ചെയ്യുമ്പോൾ ബസുകൾ തെന്നില്ല. വളവും കയറ്റവും ഇറക്കവുമൊന്നും അറിയുക പോലുമില്ല. യാത്രാസുഖം മാത്രല്ല, സുരക്ഷിതത്വവും നൽകുന്നതാണ് ഇ -ബസുകൾ. മുന്നിലും പിന്നിലും എയർ സസ്‌പെൻഷൻ, ബക്കറ്റ് സീറ്റ‌്,  കരുത്തുറ്റ ചട്ടക്കൂട്ട‌്. കാറുകളിൽ പരിചിതമായ ഡിസ്‌ക് ബ്രേക്ക‌്, ന്യൂമാറ്റിക് ഡോർ... 35 സീറ്റാണ‌് ബസിൽ.

വേണമെങ്കിൽ 120 കിലോമീറ്ററിലും ഇ – ബസ‌് പറക്കും. പക്ഷേ, 80 കിലോമീറ്ററായി വേഗം ക്രമീകരിച്ചിട്ടുണ്ട്. ഒരു കിലോമീറ്റർ ഓടുന്നതിന് 0.8 യൂണിറ്റ് വൈദ്യുതിയാണ് വേണ്ടത്. നാലു മണിക്കൂർകൊണ്ട് ബാറ്ററി ഫുൾ ചാർജാകും. ബസുകൾ ചാർജുചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top