31 March Tuesday

'സാമ്രാജ്യത്വ മതിലുകള്‍ തകര്‍ത്തെറിയുക'; ട്രംപിന്റെ സന്ദര്‍ശനദിനത്തില്‍ ഡിവൈഎഫ്‌ഐ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Friday Feb 21, 2020

കോഴിക്കോട് > അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തില്‍ ഡിവൈഎഫ്‌ഐ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കും. 12 വര്‍ഷക്കാലം താന്‍ ഭരിച്ച ഗുജറാത്തിലെ വൃത്തിഹീനമായ ചേരികള്‍ അമേരിക്കന്‍ പ്രസിഡന്റ് കാണാതിരിക്കാന്‍ മതിലുകള്‍ കെട്ടി മറയ്ക്കുന്ന തിരക്കിലാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന് അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ് പറഞ്ഞു. 'സാമ്രാജ്യത്വ മതിലുകള്‍ തകര്‍ത്തെറിയുക' എന്ന മുദ്രാവാക്യമുയര്‍ത്തി 24ന് രാജ്യവ്യാപകമാായി ഡിവൈഎഫ്‌ഐ പ്രതിഷേധ ദിനം ആചരിക്കുമെന്നും റിയാസ് അറിയിച്ചു.

അമേരിക്കന്‍ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കുവാനും, തെക്കന്‍ ചൈന സമുദ്രത്തില്‍ ചൈനക്കെതിരായ തങ്ങളുടെ പടയൊരുക്കത്തില്‍ ഭാഗഭാക്കാവാനും, ഏറെനാളായി അമേരിക്ക ഇന്ത്യക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്. ഒന്നാം യുപിഎ ഗവര്‍മെന്റ് ഒപ്പുവെച്ച ആണവ കരാറോട് കൂടി ഇന്ത്യന്‍ വിദേശനയത്തില്‍ അമേരിക്കന്‍ സാമ്രാജ്യത്വ വിധേയത്വം പ്രകടമാണ്. മോഡി ഭരണകാലത്ത് ഈ ദാസ്യ മനോഭാവം കൂടുതല്‍ ശക്തമായി. ഇന്ത്യന്‍ വിദേശനയത്തിന്റെ അടിസ്ഥാന ശിലയായിരുന്ന ചേരി-ചേരാ നയം പരിപൂര്‍ണ്ണമായി തകര്‍ന്ന സാഹചര്യമാണ് നിലവിലുള്ളത്.

അതേ സമയം തന്നെ ലോക സമാധാനത്തിന് ഏറ്റവും വലിയ ഭീഷണിയായി  അമേരിക്കന്‍ സാമ്രാജ്യത്വം തുടരുന്നു. ഇറാനുമായുള്ള ആണവ കരാറില്‍ നിന്നും ഏകപക്ഷീയമായി പിന്‍ വാങ്ങിയും, ഇറാനിയന്‍ സൈനിക ഉദ്യോഗസ്ഥരെ പ്രകോപനമില്ലാതെ ഡ്രോണ്‍ അക്രമണത്തിലൂടെ കൊലപ്പെടുത്തിയും പശ്ചിമേഷ്യയില്‍ അമേരിക്ക യുദ്ധഭീതി വിതയ്ക്കുകയാണ്. റഷ്യയെയും ചൈനയേയും ഒറ്റപ്പെടുത്താന്‍ ലക്ഷ്യമിട്ട് വ്യാപാര യുദ്ധങ്ങള്‍ നടത്തുന്നതും, കിഴക്കന്‍ യൂറോപിനേയും, തെക്കന്‍ ചൈന സമുദ്രത്തെയും സംഘര്‍ഷ മേഖലയാക്കുന്നതും അമേരിക്ക തന്നെയാണ്. വടക്കന്‍ കൊറിയയെ ഭീഷണിപ്പെടുത്താന്‍, പസഫിക്ക് സമുദ്രത്തില്‍ അമേരിക്കന്‍ നാവിക സേന നിരന്തരം പ്രകോപനം സൃഷ്ടിക്കുന്നു.

ഈയവസരത്തിലാണ്, കടുത്ത വംശീയവാദി കൂടിയായ ട്രoപിനെ മോഡി ഇന്ത്യയിലേക്ക് ക്ഷണിച്ചു വരുത്തിക്കൊണ്ട് തങ്ങളുടെ വിധേയത്വം പ്രകടിപ്പിക്കുന്നത്. പ്രതിസന്ധി നേരിടുന്ന അമേരിക്കന്‍ ആയുധ വ്യവസായ മേഖലയെ രക്ഷിക്കാന്‍, ഇന്ത്യന്‍ ഖജനാവിലെ പണം ചിലവഴിക്കാനുള്ള കരാറുകള്‍ തയ്യാറായി കഴിഞ്ഞു. പാല്‍ ഉത്പന്നങ്ങളുടെയും, മാംസ ഉത്പന്നങ്ങളുടെയും ഇറക്കുമതി തീരുവ നീക്കം ചെയ്യുന്നത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ കൂടുതല്‍ പ്രതിസന്ധിയിലാക്കും. ജോലി തേടി അമേരിക്കയിലേക്ക് പോകാന്‍ ശ്രമിക്കുന്ന ഇന്ത്യന്‍ യുവജനങ്ങള്‍ക്ക് മേല്‍ ട്രoപ് ഭരണകൂടം ചുമത്തിയിരിക്കുന്ന വിസാ നിയന്ത്രണങ്ങളെപ്പറ്റി ഇതുവരെ ഒരക്ഷരം പ്രതികരിക്കാന്‍ മോഡി തയ്യാറായിട്ടില്ല. ഈ അമിതമായ വിധേയത്വം പ്രകടിപ്പിക്കുന്നത്, പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ ഉള്‍പ്പെടെ അമേരിക്കന്‍ പിന്തുണ ലഭിക്കാന്‍ കൂടിയാണെന്നും റിയാസ് പറഞ്ഞു.

ഫെബ്രുവരി 24, 25 തീയതികളിലാണ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം. 24ന് ഗുജറാത്തിലെ അഹമ്മദാബാദില്‍ എത്തുന്ന ട്രംപ്, 25ന് ഡല്‍ഹിയില്‍ വച്ച് ചില നിര്‍ണായക കരാറുകളില്‍ ഒപ്പുവയ്ക്കുമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുമുള്ള അറിയിപ്പുകള്‍.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top