01 December Tuesday

മാതൃകയായി ഡിവൈഎഫ്‌ഐ ; വിതരണം ചെയ്തത്‌ അരലക്ഷം മാസ്‌കുകൾ

വെബ് ഡെസ്‌ക്‌Updated: Wednesday Mar 18, 2020

തിരുവനന്തപുരം > കോവിഡിനെ ചെറുക്കാൻ സർക്കാരിനൊപ്പം വലുതും ചെറുതുമായ സംഘടനകൾ രംഗത്തുണ്ട്‌. മുക്കിലും മൂലയിലും മാസ്‌കുവിതരണം പതിവുകാഴ്‌ച. മഹാമാരിക്കെതിരായ സമാനതയില്ലാത്ത ചെറുത്തുനിൽപ്പിന്റെ ദിനങ്ങളിൽ ഏറ്റവുമധികം മാസ്‌കുകൾ വിതരണംചെയ്‌തത്‌ കേരളത്തിന്റെ സമരയൗവനമാണ്‌. അരലക്ഷം മാസ്‌കാണ്‌ ഒരാഴ്‌ചയ്‌ക്കിടെ ഡിവൈഎഫ്‌ഐ പ്രവർത്തകർ വിതരണംചെയ്‌തത്‌. 

തൃശൂർ മെഡിക്കൽകോളേജിന്‌ ഒറ്റ ദിവസംകൊണ്ട് നാലായിരത്തോളം മാസ്കുകൾ കൈമാറി. വിവിധ ജില്ലാകമ്മിറ്റികൾ സ്വന്തമായി മാസ്‌ക്‌ നിർമിക്കുന്നു. കണ്ണൂരിൽ 20,800 ഉം തൃശൂരിൽ 17,810 ഉം മാസ്കുകൾ വിതരണംചെയ്‌തു. കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിൽ 2500 വീതം നൽകി.

റാന്നി മേനാംതോട്ടം മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ, പന്തളം അർച്ചന ഹോസ്പിറ്റൽ, മൂവാറ്റുപുഴ ജനറൽ ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ ഐസൊലേഷൻ വാർഡ് സജ്ജീകരിക്കാനുള്ള ശുചീകരണപ്രവർത്തനം ഏറ്റെടുത്തതും ഡിവൈഎഫ്‌ഐ പ്രവർത്തകരാണ്‌. വിവിധ ജില്ലകളിലെ ഐസൊലേഷൻ വാർഡുകളിലേക്ക് ആവശ്യമായ ഭക്ഷണം, കുടിവെള്ളം, വസ്ത്രം എന്നിവയും എത്തിച്ചു.  വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക്‌ അവശ്യസാധനങ്ങളും മരുന്നുകളും എത്തിക്കുന്നുണ്ട്‌.

പൂട്ടിക്കിടക്കുന്ന ആശുപത്രികൾ ഐസൊലേഷൻ കേന്ദ്രങ്ങളാക്കുന്നുണ്ടെങ്കിൽ അവിടങ്ങളിലെ ശുചീകരണവും പ്രവർത്തകർ ഏറ്റെടുക്കുമെന്ന്‌ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം പറഞ്ഞു. ഇതുകൂടാതെ വിവിധയിടങ്ങളിൽ ഹെൽപ് ഡെസ്‌കും വൈറസിനെ പ്രതിരോധിക്കാനുള്ള ബോധവൽക്കരണ ബോർഡുകളും പോസ്റ്ററുകളും സ്ഥാപിക്കും. ആരോഗ്യവകുപ്പിന്റെ "ബ്രേക്ക്‌ ദ ചെയിൻ' ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ 27,252 കേന്ദ്രത്തിൽ ഡിവൈഎഫ്‌ഐ ഹാൻഡ്‌ വാഷ്‌ കോർണർ സ്ഥാപിക്കും.

ജീവരക്തം പകർന്നത്‌ 2000 പ്രവർത്തകർ
കോവിഡ്‌ 19ന്റെ പശ്ചാത്തലത്തിൽ ആശുപത്രികളിൽ രക്തക്ഷാമം നേരിട്ടപ്പോൾ മൂന്നു ദിവസംകൊണ്ട്‌ രണ്ടായിരത്തിലധികം ഡിവൈഎഫ്‌ഐ പ്രവർത്തകരാണ്‌ രക്തം ദാനംചെയ്‌തത്‌. സംസ്ഥാനത്തെ മുഴുവൻ ബ്ലഡ്‌ ബാങ്കുകളിലും ആവശ്യത്തിന്‌ രക്തം ഉറപ്പാക്കാനായിരുന്നു രക്തദാനം. തൃശൂരിൽമാത്രം നാനൂറ്‌ പേരാണ്‌ രക്തം നൽകിയത്‌. തിരുവനന്തപുരത്ത്‌ 286 പേരും കോഴിക്കോട്‌ 200 പേരും ജീവരക്തം പകർന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top