31 May Sunday

കേരളത്തെ ആവേശക്കടലാക്കി ഡിവൈഎഫ്ഐ: സംസ്ഥാന ജാഥകൾ നാലാം ദിവസത്തിലേക്ക്

വെബ് ഡെസ്‌ക്‌Updated: Wednesday Jul 31, 2019

കൊച്ചി> യുവമനസുകളെ ആവേശംകൊള്ളിച്ച് ഡിവൈഎഫ്ഐ സംസ്ഥാന ജാഥകൾ പര്യടനം തുടരുന്നു. "വർഗീയത വേണ്ട ജോലി മതി' എന്ന മുദ്രാവാക്യമുയർത്തി ആഗസ്റ്റ് 15ന് ഡിവൈഎഫ്ഐ ജില്ലാ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന യൂത്ത് സ്ട്രീറ്റ് ക്യാമ്പയിന്റെ പ്രചരണാർത്ഥമുള്ള ജാഥകളാണ് പര്യടനം തുടരുന്നത്.


ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം നയിക്കുന്ന വടക്കൻമേഖലാ ജാഥയ്ക്ക് വിവിധ ബ്ലോക്കുകളിൽ സ്നേഹോഷ്മളമായ വരവേൽപ്പ് നടന്നു. യുവാക്കളുടെ തൊഴിലവസരങ്ങൾ നശിപ്പിക്കുകയും പൊള്ളയായ തൊഴിൽവാഗ്ദാനം നൽകി യുവാക്കളെ വഞ്ചിക്കുകയും ചെയ്യുന്ന മോഡി സർക്കാരിന്റെ തട്ടിപ്പുകൾക്കെതിരെ വടക്കൻകേരളത്തിലെ യുവത സംസ്ഥാന ജാഥയിൽ ശക്തമായ പ്രതിഷേധമുയർത്തി.

പയ്യന്നൂരിൽ പിഎസ്സി റാങ്ക് ഹോൾഡേഴ്‌സുമായി ജാഥാംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിൽ റാങ്ക് ഹോൾഡേഴ്‌സിന്റെ പ്രതിനിധികൾ ആശങ്കയും പ്രതീക്ഷയും പങ്കുവെച്ചു. കണ്ണൂർ പിലാത്തറയിൽ വടക്കൻമേഖലാ ജാഥയ്ക്ക് ആവേശോജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. ഫ്‌ളോട്ടുകളുടേയും ചെണ്ടമേളത്തിന്റെയും മുത്തുകുടകളുടെയും അകമ്പടിയോടെ പിലാത്തറയിലെ യുവത ജാഥയെ വരവേറ്റു. ശേഷം ചെറുപുഴയിൽ കണ്ണഞ്ചിപ്പിക്കുന്ന വരവേൽപാണ് ജാഥയ്ക്ക് ലഭിച്ചത്.

കേരളീയ സംസ്‌കാരത്തെ വിളിച്ചോതുന്ന ഫ്‌ളോട്ടുകളുടെയും ബാന്റ് മേളത്തിന്റെയും അകമ്പടിയോടെ ചെറുപുഴയുടെ ഹൃദയങ്ങളിലേക്ക് ജാഥ നടന്നുകയറി. കേന്ദ്രസർക്കാരിന്റെ പൊതുമേഖലാസ്ഥാപനങ്ങളുടെ സ്വകാര്യ വൽക്കരണ നയങ്ങൾക്കും യുവാക്കളുടെ തൊഴിലവസരങ്ങൾ ഇല്ലാതാക്കുന്നതിനും കോർപ്പറേറ്റു പ്രീണനങ്ങൾക്കുമെതിരെ ക്ഷുഭിത യൗവനങ്ങളുടെ പ്രതിഷേധ സ്വരം ജാഥയിലുടനീളം ഉയർന്നു. ശ്രീകണ്ഠാപുരത്തെ സ്‌നേഹോഷ്മളമായ വരവേൽപ്പിന് ശേഷം 47 ഗ്രാമങ്ങൾ ചേരുന്ന തളിപ്പറമ്പിൽ പര്യടനം തുടർന്ന ജാഥയ്ക്ക് ഹൃദയം നിറഞ്ഞ സ്വീകാര്യതയാണ് ലഭിച്ചത്.ആവേശക്കടലായ ജാഥ മൂന്നാം ദിനം കണ്ണൂരിൽ സമാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ ജാഥാ ക്യാപ്റ്റൻ എ എ റഹിം, മാനേജർ കെ യു ജനീഷ്‌കുമാർ, ഗ്രീഷ്മ അജയ്‌ഘോഷ്, കെ പ്രേംകുമാർ, ജെയ്ക്ക് സി തോമസ് എന്നിവർ സംസാരിച്ചു. വടക്കൻമേഖലാ ജാഥ നാലാം ദിനമായ നാളെ രാവിലെ 10 മണിക്ക് ഇരിട്ടിയിൽ തുടങ്ങി മട്ടന്നൂർ, പിണറായി, കൂത്തുപറമ്പ്, പാനൂർ, തലശ്ശേരി എന്നിവിടങ്ങളിൽ പര്യടനം തുടർന്ന് അഴിയൂരിൽ സമാപിക്കും.ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് ക്യാപ്റ്റനായ തെക്കൻമേഖലാ ജാഥയെ ഹൃദയത്തിലേറ്റുവാങ്ങിയാണ് വിവിധ കേന്ദ്രങ്ങളിൽ സ്വീകരിച്ചത്. പാവങ്ങളുടെ പടത്തലവനായ  എകെജിയുടെ പ്രതിമയ്ക്ക് പുഷ്പങ്ങൾ അർപ്പിച്ച് ആരംഭിച്ച മൂന്നാം ദിനം ജാഥ പിന്നീട് എത്തിയത് അമ്മമാരുടെ കണ്ണീരിൽ കുതിർന്ന ബിഎസ്എൻഎൽ കരാർ തൊഴിലാളികളുടെ അടുത്തേക്കായിരുന്നു.

പിഎംജിയിലെ കസ്റ്റമർകെയർ സെന്ററിന് മുന്നിലെ സമരമുഖത്തിന് മുന്നിൽ മുഴുവനും സ്ത്രീകളായിരുന്നു. ആറ് മാസമായി ലഭിക്കാത്ത ശമ്പളത്തിനുവേണ്ടിയുള്ള പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജാഥ ക്യാപ്റ്റൻ എസ് സതീഷ് അഭിവാദ്യം ചെയ്ത് സംസാരിച്ചു. വഞ്ചിയൂരിൽ നിന്നും സ്വീകരണം ഏറ്റുവാങ്ങി ആരംഭിച്ച ജാഥയെ വാദ്യമേളങ്ങളും കാവടിയും ബൈക്ക് റാലിയുമായി യുവത വരവേറ്റു. പേരൂർക്കട കഴക്കൂട്ടം എന്നിവിടങ്ങളിൽ ഊഷ്മളമായ സ്വീകരണമേറ്റുവാങ്ങിയ തെക്കൻജാഥ മംഗലപുരം, വെഞ്ഞാറമൂട്, ആറ്റിങ്ങൽ എന്നീ കേന്ദ്രങ്ങളിലെ ആവേശകരമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങി കൊല്ലം ജില്ലയിലെ ചാത്തന്നൂരിൽ സമാപിച്ചു.

വിവിധ കേന്ദ്രങ്ങളിൽ എസ് കെ സജീഷ്, വി കെ സനോജ്, എം വിജിൻ, പ്രിൻസി കുര്യാക്കോസ്, കെ പി പ്രമോഷ് എന്നിവർ സംസാരിച്ചു. തെക്കൻമേഖല ജാഥ നാലാം ദിനമായ നാളെ രാവിലെ കൊട്ടിയത്തുനിന്നാരംഭിക്കുന്ന ജാഥ പര്യടനം കുണ്ടറ, പള്ളിമുക്ക്, ചവറ എന്നീ പര്യടനങ്ങൾക്കുശേഷം കരുനാഗപ്പള്ളിയിൽ സമാപിക്കും.  


പ്രധാന വാർത്തകൾ
 Top