13 June Sunday

കൂടെയുണ്ട് ഡിവൈഎഫ്‌ഐ; കോവിഡ് പ്രതിരോധത്തിനായി സ്‌നേഹവണ്ടികള്‍

വെബ് ഡെസ്‌ക്‌Updated: Tuesday May 11, 2021

കോവിഡ് അടിയന്തര സഹായത്തിന് ഡിവൈഎഫ്ഐ തൊടുപുഴ ബ്ലോക്ക് കമ്മിറ്റി നിരത്തിലിറക്കിയ സ്നേഹവണ്ടികൾ

തൊടുപുഴ > കോവിഡ് വ്യാപനം തീവ്രമായതോടെ ‘ഞങ്ങളുണ്ട്’ ക്യാമ്പയിനുമായി ഡിവൈഎഫ്ഐ. ഡിവൈഎഫ്ഐ തൊടുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ അടിയന്തര സഹായങ്ങൾക്കായി പതിനഞ്ച്‌ സ്നേഹവണ്ടികളാണ് ഒരുക്കിയിരിക്കുന്നത്. പ്രവർത്തകർ കണ്ടെത്തിയ സ്നേഹവണ്ടികളുടെ ഫ്ലാഗോഫ്‌ സിപിഐ എം തൊടുപുഴ ഏരിയ സെക്രട്ടറി മുഹമ്മദ്‌ ഫൈസൽ നിർവഹിച്ചു.
 
പ്രതിരോധ പ്രവർത്തനത്തിനായി ഡ്രൈവർമാർ അടക്കം അഞ്ച്‌ വാഹനങ്ങളും ഡിവൈഎഫ്ഐ നഗരസഭയ്‌ക്ക്‌ കൈമാറി. നഗരസഭാധ്യക്ഷൻ സനീഷ് ജോർജ് ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്‌ പി പി സുമേഷിന്റെ കൈയിൽനിന്ന് താക്കോൽ ഏറ്റുവാങ്ങി. ഈ വാഹനങ്ങൾ ചൊവ്വാഴ്ച മുതൽ നിരത്തിലിറങ്ങും.
 
തൊടുപുഴ നഗരസഭയിലും മണക്കാട്, പുറപ്പുഴ, കരിങ്കുന്നം, ഇടവെട്ടി, കുമാരമംഗലം പഞ്ചായത്തുകളിലെയും അടിയന്തര സഹായങ്ങൾക്കാണ് വാഹനസൗകര്യം ഏർപ്പെടുത്തിയത്. കോവിഡ് നിരീക്ഷണത്തിൽ കഴിയുന്നവരെയും പരിശോധന നടത്താനുള്ളവരെയും ആശുപത്രിയിൽ എത്തിക്കും. മറ്റ് പത്ത് വാഹനങ്ങൾ അഞ്ച് പഞ്ചായത്തുകളിലെ ഡിവൈഎഫ്ഐ പ്രവർത്തകരുടെ നിയന്ത്രണത്തിൽ കോവിഡ് വ്യാപനം നേരിടുന്നവരുടെ ഇടയിലേക്ക് എത്തും.
 
സിപിഐ എം തൊടുപുഴ ഏരിയ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ ഏരിയ കമ്മിറ്റിയംഗങ്ങളായ ആർ പ്രശോഭ്, എം എം റഷീദ്, ടിജു തങ്കച്ചൻ, ഡിവൈഎഫ്ഐ ബ്ലോക്ക്‌ സെക്രട്ടറി അജയ് ചെറിയാൻ, പ്രസിഡന്റ്‌ വി ആർ പവിരാജ്, ജില്ലാ കമ്മിറ്റിയംഗം പി എം ഷെമീർ, നഗരസഭാ കൗൺസിലർമാരായ മെർളി രാജു, കവിത അജി തുടങ്ങിയവർ പങ്കെടുത്തു. 
 
ഏലപ്പാറ
കോവിഡ് മഹാമാരിയെ ചെറുക്കാൻ നാട് മുഴുവൻ ഒന്നായി പരിശ്രമിക്കുമ്പോൾ ഒപ്പംനിന്ന് യുവത. ഏലപ്പാറ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന രണ്ട് വാഹനങ്ങൾ ഒരുക്കി. അടിയന്തരഘട്ടത്തിൽ ആംബുലൻസ് ലഭ്യമല്ലാത്ത സാഹചര്യത്തിൽ രോഗികൾക്ക് ആശ്രയിക്കാൻ കഴിയുന്ന തരത്തിലാണ്‌ വാഹനങ്ങൾ ഒരുക്കിയിരിക്കുന്നത്‌.
 
വാഹനത്തിന്റെ ഇന്ധനചെലവ് മാത്രം മുടക്കിയാൽ മതിയാവും. ഏത്‌ നിമിഷവും വാഹനങ്ങൾ ലഭ്യമായിരിക്കുമെന്ന്‌ ബ്ലോക്ക് ഭാരവാഹികളായ ബി അനൂപ്, ജോതിഷ് ചന്ദ്രൻ, പി എം സജിമോൻ എന്നിവർ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top