കൊച്ചി
വനിതാതാരങ്ങളെ ഉൾപ്പെടെ പീഡനത്തിന് ഇരയാക്കിയ ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ സമരംചെയ്യുന്ന ഗുസ്‌തിതാരങ്ങൾക്ക് ഐക്യദാർഢ്യവുമായി ഡിവൈഎഫ്‌ഐയും എസ്‌എഫ്‌ഐയും ചേർന്ന് നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ ബ്ലോക്ക് കേന്ദ്രങ്ങളിൽ നൂറുകണക്കിന് പ്രവർത്തകർ മാർച്ചിൽ അണിനിരന്നു. ഞായർ രാത്രി എറണാകുളം ബോട്ട്‌ജെട്ടിയിൽനിന്ന് ഹൈക്കോടതി ജങ്‌ഷനിലേക്ക് നടത്തിയ മാർച്ചിൽ തീപ്പന്തങ്ങളുമായി പ്രവർത്തകർ പങ്കെടുത്തു. പ്രതിഷേധയോഗം എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ ഉദ്‌ഘാടനം ചെയ്തു.
ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി എ ആർ രഞ്‌ജിത്, ജില്ലാ പ്രസിഡന്റ് അനീഷ് എം മാത്യു, എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറി അർജുൻ ബാബു, പ്രസിഡന്റ് പ്രജിത്ത് കെ ബാബു, ബാലസംഘം സംസ്ഥാന പ്രസിഡന്റ് ബി അനൂജ, സോഫ്‌റ്റ് ബേസ്‌ബോൾ ഇന്ത്യൻ ടീം ക്യാപ്‌റ്റൻ ഉമാ പാർവതി തുടങ്ങിയവർ സംസാരിച്ചു. കോലഞ്ചേരിയിൽ കെഎസ്‌കെടിയു സംസ്ഥാന ട്രഷറർ സി ബി ദേവദർശനൻ ഉദ്ഘാടനം ചെയ്തു. കോതമംഗലത്ത് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എസ് സതീഷും തൃപ്പൂണിത്തുറയിൽ ഡിവെെഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം മീനു സുകുമാരനും ഉദ്ഘാടനം ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..