13 August Thursday

ബിപിസിഎൽ വിറ്റഴിക്കൽ : കൊടുങ്കാറ്റായി ഡിവൈഎഫ്‌ഐ ലോങ്മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Friday Dec 6, 2019

ഫോട്ടോ: കെ എസ്‌ പ്രവീൺകുമാർ


കൊച്ചി
രാജ്യത്തെ ഏറ്റവുംവലിയ പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നായ ബിപിസിഎലിനെ സ്വകാര്യകുത്തകകൾക്ക്‌ വിറ്റഴിക്കുന്നതിനെതിരെ നഗരപാതകളിൽ ഇരമ്പിയാർത്ത്‌ യുവജന പ്രതിഷേധം. തൊഴിലാളി സമൂഹമാകെ കൈകോർത്ത്‌ കൊച്ചിയുടെ തീരത്ത്‌ സംരക്ഷിച്ചുനിർത്തിയ കപ്പൽശാലയ്‌ക്ക്‌ മുന്നിൽനിന്ന്‌ ഏറ്റുവാങ്ങിയ സമരപതാക ആയിരമായിരം കൈകളിൽ പാറി  അമ്പലമുകളിൽ പടുത്തുയർത്തിയത്‌ പ്രതിഷേധത്തിന്റെ മഹാമേരു. നാടിന്റെ അഭിമാനമായ നവരത്ന കമ്പനിയെ വിറ്റുതുലയ്‌ക്കാൻ അനുവദിക്കില്ലെന്ന മുദ്രാവാക്യം യുവസമൂഹത്തിന്റെ കരുത്തും കരുതലുമായി. കേന്ദ്രസർക്കാരിന്റെ സ്വകാര്യവൽക്കരണ നയങ്ങൾക്കെതിരായ ഉജ്വല താക്കീതായിമാറി ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച ലോങ്മാർച്ച്‌.

രാവിലെ പത്തോടെ കൊച്ചി കപ്പൽശാലയ്‌ക്ക്‌ മുന്നിൽനിന്ന്‌ ആരംഭിച്ച്‌ പതിനാറോളം കിലോമീറ്റർ പിന്നിട്ടാണ്‌ വൈകിട്ടോടെ അമ്പലമേട്‌ ബിപിസിഎലിന്‌ മുന്നിലെ സമരപ്പന്തലിൽ ലോങ്മാർച്ച്‌ സമാപിച്ചത്‌. കപ്പൽശാലയ്‌ക്ക്‌ മുന്നിൽ സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ സമരഭടന്മാർക്ക്‌ ശുഭ്രപതാക കൈമാറി. സംസ്ഥാന പ്രസിഡന്റ്‌ എസ് സതീഷ്, സെക്രട്ടറി എ എ റഹീം, ട്രഷറർ എസ്‌ കെ സജീഷ്‌ എന്നിവർ ചേർന്ന്‌ ഏറ്റുവാങ്ങി. എംജി റോഡിലൂടെ ലോങ്മാർച്ച്‌ പ്രയാണമാരംഭിക്കുമ്പോൾ അയ്യായിരത്തോളം യുവജനങ്ങൾ അകമ്പടിയായി. പള്ളിമുക്കും സൗത്തും പിന്നിട്ട്‌ മഹാപ്രയാണം സഹോദരൻ അയ്യപ്പൻ റോഡിലേക്ക്‌ പ്രവേശിക്കുമ്പോൾ വെള്ളിടിയായി മുഴങ്ങിയ മുദ്രാവാക്യങ്ങൾ ഏറ്റുവിളിച്ച്‌ നൂറുകണക്കിന്‌ യുവതീയുവാക്കൾ മാർച്ചിൽ കണ്ണിചേർന്നു. പ്രധാന കേന്ദ്രങ്ങളിൽ വിവിധ വർഗ ബഹുജന സംഘടനകളുടെയും തൊഴിലാളി യൂണിയനുകളുടെയും അഭിവാദ്യങ്ങളേറ്റുവാങ്ങുമ്പോൾ ആവേശം കൊടുമുടിയേറി. വെയിലിൽ തിളച്ച്‌ മഹാപ്രവാഹം വൈറ്റില ജങ്ഷൻ പിന്നിടുമ്പോഴും വിവിധ കമ്മിറ്റികളിൽനിന്നായി കൂടുതൽ സമരസഖാക്കൾ അണിചേർന്നുകൊണ്ടിരുന്നു.

ലോങ്‌മാർച്ചിൽ എസ്‌ കെ സജീഷ്‌, എ എ റഹീം, ആഷിഖ്‌ അബു, എസ്‌ സതീഷ്‌, സി എൻ മോഹനൻ എന്നിവർ

ലോങ്‌മാർച്ചിൽ എസ്‌ കെ സജീഷ്‌, എ എ റഹീം, ആഷിഖ്‌ അബു, എസ്‌ സതീഷ്‌, സി എൻ മോഹനൻ എന്നിവർ


 

ഉച്ചയോടെ തൃപ്പൂണിത്തുറയിലെത്തിയ ലോങ്മാർച്ച്‌ ഭക്ഷണത്തിന്‌ ശേഷം  ബിപിസിഎലിന്‌ മുന്നിലെ സമരകേന്ദ്രത്തിലേക്ക്‌ അവസാനപാദ പ്രയാണമാരംഭിക്കുമ്പോൾ നൂറടി റോഡ്‌ യുവജന മുന്നേറ്റത്താൽ തിങ്ങിനിറഞ്ഞു. അഖിലേന്ത്യാ പ്രസിഡന്റ്‌  അഡ്വ. പി എ മുഹമ്മദ്‌ റിയാസ്‌ ഇവിടെനിന്ന്‌ മാർച്ചിന്‌ നേതൃത്വം നൽകി. ഇരുമ്പനം കവലയിൽ നിന്നുള്ള രണ്ടുകിലോമീറ്ററോളം ദൂരത്തിൽ പരന്നുനീങ്ങിയ റാലിയെ വ്യവസായ മേഖലയിലെ തൊഴിലാളികൾ മുദ്രാവാക്യങ്ങളോടെ വരവേറ്റു. ഇവിടെ ചുവപ്പുസേനാ ബാൻഡും അകമ്പടിയായി. വ്യവസായമേഖലയെ പിടിച്ചുകുലുക്കിയാണ്‌ ലോങ്മാർച്ച്‌ ബിപിസിഎൽ കവാടത്തിലേക്ക്‌ മാർച്ചു ചെയ്‌തത്‌. വെള്ള യൂണിഫോം അണിഞ്ഞ്‌ ശുഭ്രപതാക വീശി വ്യവസായ നഗരിയിൽ പ്രവേശിച്ച പതിനായിരങ്ങൾ ഇവിടെ ആഞ്ഞടിക്കാനിരിക്കുന്ന പ്രതിഷേധ കൊടുങ്കാറ്റിന്റെ വരവറിയിച്ചു. സമാപനവേദിയിൽ ബിപിസിഎൽ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ലോങ്മാർച്ചിന്‌ സ്വീകരണം നൽകി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top