12 November Tuesday

നാടുണര്‍ത്തി ഡിവൈഎഫ്‌ഐ കലാജാഥ പ്രയാണം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 15, 2019

കൊച്ചി> എറണാകുളം നഗരം മറ്റൊരു തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ രാഷ്ട്രീയചര്‍ച്ചകളും കലാ പ്രവര്‍ത്തനങ്ങളും കൊണ്ട് നഗരത്തിന്റെ തെരുവുണര്‍ത്തുകയാണ് ഡിവൈഎഫ്‌ഐ കലാജാഥ. രാഷ്ട്രീയ സാഹചര്യങ്ങള്‍ പ്രമേയമാക്കി തെരുവുനാടകങ്ങളും ഓട്ടന്‍ തുള്ളലും നാടന്‍ പാട്ടുകളുമാണ് കലാജാഥയില്‍ ഡിവൈഎഫ്‌ഐ അവതരിപ്പിക്കുന്നത്.

ഡിവൈഎഫ്‌ഐ വനിതാ കലാ സാംസ്‌ക്കാരിക വിഭാഗമായ 'സമ' കലാ സാംസ്‌ക്കാരിക വേദിയും പള്ളുരുത്തി നാടകപ്പുര കലാസംഘവും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും ചേര്‍ന്നാണ് പരിപാടികള്‍ അവതരിപ്പിക്കുന്നത്.



പാലാരിവട്ടം പാലം വിഷയമാകുന്ന നാടകവും എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ഉള്‍ക്കൊള്ളിച്ച ഓട്ടന്‍തുള്ളലും കലാജാഥയുടെ മുഖ്യ ആകര്‍ഷകമാക്കുന്നു. കൊച്ചി നഗരസഭയുടെ കെടുകാര്യസ്ഥതയും കലാജാഥയില്‍ വിഷയമാകുന്നു.

 അഞ്ച് ദിവസമായി തുടരുന്ന കലാജാഥയ്ക്ക് ജില്ലാ പ്രസിഡന്റ് ഡോ. പ്രിന്‍സി കുര്യാക്കോസാണ് നേതൃത്വം കൊടുക്കുന്നത്. ജാഥയിലെ 'പാലം പാലം പഞ്ചവടിപ്പാലം'  എന്ന നാടകത്തിന്റെ രചന നിര്‍വഹിച്ചിട്ടുള്ളത് ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എയും നാടകം സംവിധാനം ചെയ്യുന്നത് മീന രാജുമാണ്.

സമ അംഗങ്ങളായ  അജ്മില ഷാന്‍, അമൃത പി എസ്, മീനാക്ഷി രാജേഷ്, മീനാക്ഷി തമ്പി, ബിന്ദു യതീഷ്, അപര്‍ണ, അനിത ഭാസി, വൈഷ്ണവി സുബ്രമണ്യന്‍ എന്നിവരും നാടകപ്പുരയില്‍ നിന്ന് മീന രാജ്, സുമേഷ് പള്ളുരുത്തി, നെല്‍സണ്‍ കളത്തറ, ബൈജു ചേപ്പനം എന്നിവരുമാണ് സംഘത്തിലുള്ളത്. 


  ഓട്ടന്‍തുള്ളല്‍ കലാകാരന്‍ വൈറ്റില ബാബുരാജ്  രചന നിര്‍വഹിക്കുന്ന,  കലാമണ്ഡലം പ്രഭാകരന്‍ ചിട്ടപ്പെടുത്തി ജ്യോത്സ്ന സുബ്രഹ്മണ്യനാണ് ഓട്ടന്‍തുള്ളല്‍ അവതരിപ്പിക്കുന്നത്. വിഷ്ണു, വിനീത്, അമല്‍, മഹേഷ്, ആദിത്യന്‍ എന്നിവര്‍ ഒരുക്കുന്ന നാടന്‍ പാട്ടുകളും ഹൃദ്യമാണ്. സമകാലിക പ്രസക്തിയുള്ള വിഷയങ്ങളില്‍ ജനങ്ങളുമായി സംവേദിച്ചുകൊണ്ട്, ഇടതുപക്ഷത്തിന്റെ സാരഥിക്ക് വോട്ട് അഭ്യര്‍ഥിച്ചു കൊണ്ട് നഗരത്തിന്റെ തെരുവോരങ്ങളില്‍ പാട്ടുകളും പറച്ചിലുകളുമായി  ഇവരുണ്ടാകും.

 


പ്രധാന വാർത്തകൾ
 Top