13 November Wednesday

നെതര്‍ലന്‍ഡ്സ് രാജാവുമായി കൂടിക്കാഴ്ച: കൂടുതല്‍ മേഖലകളില്‍ സഹകരണം ശക്തമാക്കും- മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2019

കൊച്ചി> ഡച്ച് -കേരള ബന്ധം കൂടുതല്‍ ശക്തമാക്കുമെന്നും കൂടുതല്‍ മേഖലകളില്‍ സഹകരണം വ്യാപിപ്പിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നെതര്‍ലന്‍ഡ്സ് രാജാവ് വില്യം അലക്സാണ്ടറും രാജ്ഞി മാക്സിമയും സംഘവുമായി വെല്ലിങ്ടണ്‍ ഐലന്‍ഡിലെ താജ് മലബാറില്‍ കൂടിക്കാഴ്ച നടത്തുകയായിരുന്നു മുഖ്യമന്ത്രി.

കൃഷി, ജല വിനിയോഗം, തുറമുഖങ്ങളിലൂടെയുള്ള ചരക്ക് നീക്കം, ഉള്‍നാടന്‍ ജലഗതാഗതം, ആരോഗ്യം, ശാസ്ത്ര-സാങ്കേതികം, നഗരവികസനം, കപ്പല്‍ ഗതാഗതം, പുനരുപയോഗയോഗ്യ ഊര്‍ജം എന്നീ ഒമ്പത് മേഖലകളില്‍ കേരളവുമായി സഹകരിക്കാനാകുമെന്ന് നെതര്‍ലാന്‍ഡ്സ് കരുതുന്നു.

 ഭാവിയില്‍ ഈ മേഖലകളിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും. കൂടുതല്‍ മേഖലകളിലേക്ക് സഹകരണം വ്യാപിപ്പിക്കും. കേരളത്തില്‍ നെതലര്‍ലന്‍ഡ്സിന് കൂടുതല്‍ നിക്ഷേപം നടത്താന്‍ അവസരമൊരുക്കും. കേരളത്തില്‍ നിന്നുള്ള ബിസിനസ്സുകാര്‍ക്ക് നെതര്‍ലന്‍ഡ്സില്‍ നിക്ഷേപം നടത്താനും അവസരമൊരുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഡച്ച്-കേരള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ചില പ്രധാന ശുപാര്‍ശകള്‍ പരിഗണിക്കും. നെതര്‍ലന്‍ഡ്സിലെ സ്വതന്ത്ര സോഫ്റ്റ്വെയര്‍ സ്ഥാപനമായ ടിഎന്‍ഒയുമായി ധാരണയുണ്ടാക്കും.

സ്പോര്‍ട്സ് മെഡിസിന്‍, അന്താരാഷ്ട്ര മത്സരങ്ങള്‍ എന്നിവയില്‍ സാങ്കേതികമായും ഡച്ച് ഫുട്ബോള്‍-ഹോക്കി അസോസിയേഷനുകളുമായും സഹകരിക്കും. ഡച്ച് ദുരന്ത ലഘൂകരണ ആക്ഷന്‍ പ്ലാന്‍ കേരളത്തില്‍ നടപ്പാക്കാനാകുമോയെന്ന് പഠനം നടത്തും.

ഇന്തോ-ഡച്ച് പദ്ധതി പ്രകാരം വയനാട് അമ്പലവയല്‍ റീജ്യണല്‍ റിസര്‍ച്ച് സ്റ്റേഷനില്‍ പഴങ്ങളും പച്ചക്കറികളും ഉത്പാദിപ്പിക്കുന്നതിന് മികവിന്റെ കേന്ദ്രമൊരുക്കും. ചകിരി നാരില്‍നിന്ന് കോക്കോപിത്ത് ഉത്പാദിപ്പിക്കാനുള്ള കേന്ദ്രം സ്ഥാപിക്കും. റോഡ് സുരക്ഷ, ഗാതഗതം എന്നീ മേഖലകളിലും സഹകരിക്കും. നെതര്‍ലന്‍ഡും കേരളവും തമ്മിലുള്ള ബന്ധം ചരിത്രരേഖകള്‍ പരസ്പരം കൈമാറാനും ഭാവി തലമുറയ്ക്ക് ഉപയോഗപ്രദമാക്കാനും സാധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി ഒരുക്കിയ അത്താഴവിരുന്നില്‍  ഇരുവരും പങ്കെടുത്തു.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top