25 August Sunday

വിദ്യാലയങ്ങളെ ലഹരിമാഫിയ ലക്ഷ്യമിടുന്നു; മിടുക്കരായ കുഞ്ഞുങ്ങള്‍ പോലും അതില്‍ പെട്ടുപോകുന്നു: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Sunday Jun 2, 2019

 തിരുവനന്തപുരം> വിദ്യാലയങ്ങളെയും വിദ്യാര്‍ത്ഥികളെയും ലഹരി മാഫിയ ലക്ഷ്യമിടുകയാണെന്നും മിടുക്കരായ കുഞ്ഞുങ്ങള്‍ പോലും അതില്‍ പെട്ടുപോകുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ധര്‍മ്മടം മണ്ഡലം വിദ്യാഭ്യാസ സമിതി, ധര്‍മ്മടം മണ്ഡലം എഡുക്കേഷണല്‍ ആന്റ് കള്‍ച്ചറല്‍ ട്രസ്റ്റ് എന്നിവയുടെ നേതൃത്വത്തില്‍ എസ്എസ്എല്‍സി, പ്ലസ്ടു ഉന്നത വിജയികളെ അനുമോദിക്കുന്നതിനായി സംഘടിപ്പിച്ച വിജയോത്സവം 2019 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

സമൂഹത്തില്‍ വിദ്യാര്‍ത്ഥികളെ തെറ്റായ വഴിക്ക് നയിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ പ്രതിഭാശാലികളായ കുട്ടികളുടെ മുന്നേറ്റത്തെ വഴിക്ക് വച്ച് തടസപ്പെടുത്തുകയാണ് ലഹരിമാഫിയകളുടെ ലക്ഷ്യം. ചെറിയ ലാഭം ലക്ഷ്യമിട്ടാണ് വിതരണക്കാര്‍ ലഹരിവസ്തുക്കള്‍ വില്‍പന നടത്തുന്നതെങ്കിലും അതിന്റെ പിന്നിലുള്ളവരുടെ ഉദ്ദേശ്യം മറ്റൊന്നാണ്. ഇത്തരക്കാരുടെ പിടിയില്‍ വിദ്യാര്‍ത്ഥികള്‍ അകപ്പെട്ടുപോകരുത്. അങ്ങനെ പെട്ടുപോയാല്‍ ജീവിതം നശിച്ചതിന് തുല്യമാണ്.

 അതിനാല്‍ കുട്ടികള്‍ സാമൂഹ്യ പ്രതിബദ്ധതയോടെ പെരുമാറണം. ആവശ്യമുള്ളത് മാത്രം സ്വീകരിക്കാന്‍ കഴിയണം. മൊബൈല്‍ ഫോണിന്റെ ഉപയോഗവും വിദ്യാര്‍ത്ഥികളില്‍ വര്‍ധിച്ചുവരുന്നു. പഠനവുമായി ബന്ധപ്പെട്ടും മറ്റ് പല ആവശ്യങ്ങള്‍ക്കും മൊബൈല്‍ ഗുണകരമാണ്. എന്നാല്‍ അതിന്റെ ഉള്ളറകളിലെ ചതിക്കുഴികളില്‍ പെട്ടുപോകരുത്.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ആരംഭിച്ചതിന് ശേഷം പൊതുവിദ്യാലയങ്ങളുടെ മുഖച്ഛായ മാറി. ഇതിന്റെ ഫലമായി കഴിഞ്ഞ രണ്ട് അധ്യയന വര്‍ഷങ്ങളില്‍ മാത്രം മറ്റ് വിദ്യാലയങ്ങളില്‍ നിന്നും 3,41,000 വിദ്യാര്‍ത്ഥികളാണ് പൊതുവിദ്യാലയത്തിലേക്ക് മാറി വന്നത്. ഇന്നത്തെ കാലത്തിനനുയോജ്യമായ രീതിയില്‍ വിദ്യാലയങ്ങളെ പ്രാപ്തമാക്കുക എന്നതാണ് സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ലക്ഷ്യമിടുന്നത്.

 അടിസ്ഥാന സൗകര്യ വികസനം, അക്കാദമിക രീതി, എല്ലാവര്‍ക്കും തുല്യമായ പഠന സൗകര്യം എന്നിവയിലെല്ലാം വന്ന മാറ്റങ്ങള്‍ സമൂഹം അംഗീകരിച്ചു. ഇത് കുട്ടികളിലും മാറ്റമുണ്ടാക്കി. വിദ്യാര്‍ത്ഥികള്‍ പുതിയ വിദ്യാര്‍ത്ഥികളായി. പൊതു വിദ്യാലയങ്ങളില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുക എന്നത് നാടിന്റെ പൊതുബോധമായി മാറി. തദ്ദേശ സ്ഥാപനങ്ങള്‍, രക്ഷിതാക്കള്‍, പൂര്‍വ്വവിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, നാട്ടുകാര്‍, സംസ്ഥാന സര്‍ക്കാര്‍ തുടങ്ങി എല്ലാവരുടെയും പിന്തുണയോടെ പൊതുവിദ്യാലയങ്ങള്‍ അഭിവൃദ്ധിപ്പെട്ടു. ഇനിയും ഇത് തുടരും. ഈ വര്‍ഷം തന്നെ മുഴുവന്‍ എല്‍പി, യുപി ക്ലാസ് മുറികളും നവീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു


 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top