21 May Tuesday

വരൾച്ച തടയാൻ വിപുലമായ തയ്യാറെടുപ്പ‌് ; ആശങ്കാജനകമായ സാഹചര്യം ഇല്ലെന്ന‌് കലക്ടർമാർ

സ്വന്തം ലേഖകൻUpdated: Friday Mar 15, 2019

ചൂട‌് അനിയന്ത്രിതമായി വർധിക്കുന്ന സാഹചര്യത്തിൽ വരൾച്ചയും കുടിവെള്ള ക്ഷാമവും നേരിടാൻ സർക്കാർ വിപുലമായ ഒരുക്കം തുടങ്ങി. ജലസ്രോതസ്സുകളുടെ സംരക്ഷണം, ശാസ‌്ത്രീയവിനിയോഗം എന്നിവയ‌്ക്കുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തി. സ്ഥിതിഗതികൾ വിലയിരുത്താൻ  മുഖ്യമന്ത്രി കലക്ടർമാരുമായി വീഡിയോ കോൺഫറൻസ‌് നടത്തി. ആശങ്കാജനകമായ സാഹചര്യം ഒരു ജില്ലയിലും ഇല്ലെന്ന‌് കലക്ടർമാർ അറിയിച്ചു.

അടിയന്തര സാഹചര്യങ്ങളിൽ വിനിയോഗിക്കാൻ കലക്ടർമാർക്ക‌് 50 ലക്ഷം രൂപവരെ അനുവദിച്ചിട്ടുണ്ട‌്. സൂര്യാതപം, ഉഷ്ണതരംഗം എന്നിവയാണ‌് ഇപ്പോൾ സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇത‌് ഒഴിവാക്കാൻ ജോലിസമയ ക്രമീകരണം ഉൾപ്പെടെയുള്ളവ നടപ്പാക്കി.

സൂര്യാതപം പ്രകൃതി ദുരന്തം
സൂര്യാതപത്തെ  പ്രകൃതിദുരന്തമായി സർക്കാർ പ്രഖ്യാപിച്ചിച്ചു. സൂര്യാതപമേറ്റ‌് മരിക്കുന്നവരുടെ ആശ്രിതർക്ക‌്  ദുരന്ത പ്രതികരണനിധിയിൽനിന്ന‌് നാലു ലക്ഷം നൽകും. 60 ശതമാനത്തിനു മുകളിൽ കാഴ‌്ച നഷ്ടപ്പെടുന്നവർക്ക‌് രണ്ടുലക്ഷംനൽകും. 60 ശതമാനത്തിനു താഴെയാണെങ്കിൽ 59,000 രൂപയാണ‌് ധനസഹായം. ഇതിനു പുറമെ ആശുപത്രിയിൽ ഒരാഴ‌്ച  കഴിയുന്നവർക്കും 12,500 രൂപയും അതിൽ താഴെ ദിവസങ്ങളാണെങ്കിൽ 4500 രൂപയും നൽകും.

ജലസംരക്ഷണം  മുഖ്യം
ഇതിനുമുമ്പ‌് കടുത്ത വരൾച്ച നേരിട്ടത‌് 2017ലാണ‌്. എന്നാൽ, 2017 മാർച്ചിൽ ഉണ്ടായിരുന്നതിനേക്കാൾ വെള്ളം  സംസ്ഥാനത്തെ ജലസ്രോതസ്സുകളിലുണ്ട‌്. രണ്ടുമാസത്തേക്കുള്ള  വെള്ളം ഉണ്ടെന്നാണ‌്  കണക്ക‌്. ചൂടുകൂടുന്ന സാഹചര്യത്തിൽ വെള്ളം പെട്ടെന്ന‌് വറ്റാനുള്ള സാധ്യതയുമുണ്ട‌്. ഈ സാഹചര്യം നേരിടാനുള്ള അടിയന്തര നടപടി റവന്യൂ, ജലവിഭവ വകുപ്പുകളും തദ്ദേശസ്ഥാപനങ്ങളും സ്വീകരിച്ചു. കടുത്തക്ഷാമം അനുഭവപ്പെട്ട മിക്കവാറും പ്രദേശങ്ങളിൽ പുതിയ കുടിവെള്ള പദ്ധതി ആരംഭിച്ചു. ക്ഷാമം അനുഭവപ്പെടാൻ സാധ്യതയുള്ളിടങ്ങളിലേക്ക‌്  വെള്ളമെത്തിക്കുന്നതിനുള്ള നടപടികളായി. ടാങ്കറിൽ വെള്ളം വിതരണംചെയ്യാനുള്ള ഇരുനൂറിലേറെ സംഭരണകേന്ദ്രങ്ങൾ ഒരുക്കി. അണക്കെട്ടുകൾ, പുഴകൾ എന്നിവയിൽ ആവശ്യത്തിന‌് വെള്ളമുണ്ട‌്. ശാസ്താംകോട്ടയിൽ രണ്ട‌് മാസത്തേക്ക‌് വെള്ളം ഉണ്ടെന്നാണ‌് കണക്ക‌്. 

ഭൂഗർഭജലനിരപ്പ‌് നിലവിൽ കുറവില്ലാത്തതിനാൽ കുഴൽക്കിണറുകളുടെ കാര്യത്തിൽ ആശങ്കയില്ല. എന്നാൽ, അടിയന്തര സാഹചര്യത്തിൽ ആലപ്പുഴ, എറണാകുളം ജില്ലകളിൽ കുഴൽക്കിണറുകൾ കുഴിക്കാൻ അനുമതി നൽകി.

കഴിഞ്ഞ വരൾച്ചക്കാലത്തിന്റെ അവസ്ഥ ഇപ്പോഴില്ല എന്നാണ‌് ജലസേചനവകുപ്പിന്റെ  വിലയിരുത്തൽ. എന്നാൽ, ജലക്ഷാമം കൃഷിയെ ബാധിക്കാതിരിക്കാനുള്ള നടപടി സ്വീകരിച്ചു. പുഴകളിൽ ചെക്ക‌്ഡാമുകൾ സ്ഥാപിച്ച‌് വെള്ളം സംഭരിക്കുന്നു. ചെക്ക‌് ഡാമുകൾ ഇല്ലാത്ത സ്ഥലങ്ങളിൽ താൽക്കാലിക ബണ്ട‌് സ്ഥാപിച്ചു. ഇറിഗേഷൻ പദ്ധതികളെല്ലാം പ്രവർത്തനക്ഷമമാണ‌്. ഇതുകൂടാതെ ജലസംരക്ഷണം, ജലവിനിയോഗം എന്നിവയെക്കുറിച്ച‌് വ്യാപകമായി പ്രചാരണം നടത്തുന്നുണ്ട‌്. ഒരുമാസത്തിനുള്ളിൽ സോഷ്യൽ മീഡിയവഴി ജലസംരക്ഷണ വിവരങ്ങൾ ഉൾപ്പെടുന്ന 28 സന്ദേശം ജലവിഭവവകുപ്പ‌് അയച്ചുകഴിഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top